തൃശ്ശൂര്‍:കൊടകര കുഴല്‍പ്പണ കേസ് വീണ്ടും ചര്‍ച്ചയായിരിക്കെ ബിജെപിയെ പരിഹസിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബിജെപിയുടെ പാര്‍ട്ടി ചിഹ്നം താമരയില്‍ നിന്നും ചാക്ക് ആക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു. കേസില്‍ പ്രതിരോധത്തിലായ ബിജെപിയെ വിമര്‍ശിക്കാതിരിക്കാൻ പ്രത്യേക ഗുളിക കഴിക്കുന്നവരാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
തൃശൂര്‍ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്‍റെ വെളിപ്പെടുത്തലോടെയാണ് കൊടകര കുഴല്‍പ്പണ കേസ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് നേതൃത്വത്തിന്‍റെ അറിവോടെ കുഴല്‍പ്പണമായി എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പണം വിതരണം ചെയ്‌തതിന് തെളിവുണ്ടെന്നും സതീശ് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് ഫണ്ടിൽ സാമ്പത്തിക ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി ആരംഭിച്ചുവെന്ന പാര്‍ട്ടിയുടെ വാദവും അദ്ദേഹം തള്ളിയിരുന്നു. തൃശൂരിലെ ബിജെപി ഓഫിസില്‍ കോടികള്‍ക്ക് കാവല്‍ നിന്നത് താനാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഓഫിസിലേക്ക് പണം ഒഴുകുന്നുണ്ടായിരുന്നു. ബിജെപി മുൻ ജില്ല ട്രഷററാണ് കള്ളപ്പണം കൈകാര്യം ചെയ്‌തത് തുടങ്ങിയവയായിരുന്നു സതീശന്‍റെ വെളിപ്പെടുത്തല്‍.