കോഴിക്കോട്: മുഖ്യമന്ത്രിയും സിപിഎമ്മും കൈയൊഴിഞ്ഞതിന് പിന്നാലെ അടങ്ങിയ നിലമ്പൂർ എംഎൽഎ പി വി അൻവർ ഇന്ന് (സെപ്റ്റംബർ 26 ) വീണ്ടും മാധ്യമങ്ങളെ കാണും. വൈകിട്ട് നാലരക്ക് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടു. 'വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ. വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണും'- അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ പ്രതികരണവുമായി അൻവർ രംഗത്തെത്തിയിരുന്നു. ഈ കേസുമായി ബന്ധമുണ്ടെന്ന് താൻ സംശയിക്കുന്ന എഡിജിപി ലോ ആൻഡ് ഓർഡർ ആ ചുമതലയിൽ തുടരുന്നിടത്തോളം കാലം കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് വ്യക്തമായെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു. എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ ദുരൂഹത ഉണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്നും പല തവണ ആവർത്തിച്ചിരുന്നു. ഈ കേസ് പ്രത്യേക അന്വേഷണ സംഘം നേരിട്ട് വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നുവെന്നും അൻവർ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും