കേരളം

kerala

ETV Bharat / state

കെ റെയില്‍ അട്ടിമറി; വിഡി സതീശനെതിരെ അഴിമതി ആരോപണവുമായി പിവി അന്‍വര്‍; പരിഹസിച്ചു തള്ളി സതീശന്‍ - കെ റെയില്‍ അട്ടിമറി

കെ-റെയില്‍ പദ്ധതി അട്ടിമറിച്ചതിന് പ്രതിപക്ഷ നേതാവ് വിഡി സതീശന് 150 കോടി രൂപ കര്‍ണാടക, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഐടി കമ്പനികള്‍ നല്‍കിയെന്നാരോപണം. എന്നാൽ ആരോപണവുമായി വന്ന പിവി അന്‍വറിനെ പരിഹസിച്ചു തള്ളി സതീശന്‍.

K Rail project  V D Satheesan received bribe  കെ റെയില്‍ അട്ടിമറി  വിഡി സതീശനെതിരെ അഴിമതി ആരോപണം
V D Satheesan received bribe from IT companies for subotage of K Rail project

By ETV Bharat Kerala Team

Published : Jan 31, 2024, 7:25 PM IST

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി രൂപ കോഴ കൈപ്പറ്റിയെന്ന(V D Satheesan received bribe from IT companies for subotage of K Rail project) ആരോപണവുമായി പിവി അന്‍വര്‍ നിയമസഭയില്‍. സ്‌പീക്കര്‍ക്ക് മുന്‍കൂട്ടി എഴുതി നല്‍കിയ ശേഷമാണ് നന്ദിപ്രമേയ ചര്‍ച്ചയില്‍ പിവി അന്‍വര്‍ ആരോപണം ഉന്നയിച്ചത്. കേരളത്തിലെ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് സതീശന്‍ കെ-റെയിലിനെതിരെ രംഗത്തു വന്നതിനു പിന്നില്‍ കര്‍ണാടക, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലെന്‍ഡിംഗ് കമ്പനികളുടെ ഇടപെടൽ ആണെന്നാണ് അന്‍വര്‍ ആരോപിച്ചത്.

കെ-റെയില്‍ പദ്ധതി (K Rail project)കടന്നു പോകുന്ന 11 ജില്ലകളിലും ഐടി പാര്‍ക്കുകള്‍ വന്‍ തോതില്‍ വരാന്‍ സാധ്യതയുണ്ട്. ഇവിടെ കുറഞ്ഞ ശമ്പളത്തില്‍ ജോലിക്ക് ആളെ ലഭിക്കുമെന്ന് ഈ കമ്പനികള്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. ഇതോടെ ആശങ്കയിലായ കര്‍ണാടകത്തിലെയും ഹൈദരാബാദിലെയും കമ്പനികള്‍ ഏതു വിധേനയും പദ്ധതി അട്ടിമറിക്കണം എന്ന ചിന്തയിലായി.

പ്ലസ്‌ ടു മുതല്‍ പിജി വരെ വിദ്യാഭ്യാസ യോഗ്യത നേടിയ 25 ലക്ഷം വനിതകള്‍ കേരളത്തിലുണ്ടെന്നും, പല പ്രയാസങ്ങള്‍ മൂലം മറ്റ് സംസ്ഥാനങ്ങളില്‍ ഐടി മേഖലയില്‍ ജോലിക്കു പോകാന്‍ തയ്യാറാകാത്ത ഇവര്‍ അന്യ സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതിന്‍റെ പകുതി ശമ്പളം ലഭിച്ചാല്‍ കേരളത്തിലുണ്ടാകാന്‍ പോകുന്ന ഈ ഐടി കമ്പനികളില്‍ ജോലിക്കു തയ്യാറാകുമെന്നും ഇവര്‍ പഠനത്തില്‍ കണ്ടെത്തി. ഇങ്ങനെ സംഭവിച്ചാല്‍ അവര്‍ ഹൈദരാബാദിലും കര്‍ണാടകത്തിലും വാങ്ങിക്കൂട്ടിയിരിക്കുന്ന ലാന്‍ഡ് ബാങ്കുകളും അനുമതി വാങ്ങിയ സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകളും എല്ലാം പാഴാകുമെന്നും ഐടി കമ്പനികള്‍ കണ്ടെത്തി.

കെ-റെയില്‍ പദ്ധതി വന്‍ നഷ്‌ടം വരുത്തുമെന്ന് മനസിലാക്കിയതോടെയാണ് ഐടി കമ്പനികള്‍ പദ്ധതി അട്ടിമറിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചത്. ഈ ചതി ചെയ്യാന്‍ കമ്പനികള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപലുമായി പ്രാഥമിക ഗൂഢാലോചന നടത്തി. കെസി വേണുഗോപാല്‍ ഈ ദൗത്യം പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഏല്‍പ്പിച്ചു.

ദൗത്യം വിജയിച്ചാല്‍ അതിനുള്ള പ്രതിഫലമായി സതീശനു ലഭിച്ച വാഗ്‌ദാനം കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനമായിരുന്നു. കോഴപ്പണമായി 2021 ഫെബ്രുവരിയില്‍ സതീശന് 150 കോടി രൂപ ലഭിച്ചു. ബംഗളുരുവിൽ നിന്ന് ശീതീകരിച്ച മത്സ്യം കൊണ്ടു പോകുന്ന 20 അടിയുള്ള കണ്ടെയ്‌നറില്‍ 50 കോടി രൂപ വീതം മൂന്നു തവണയായി പണം തൃശൂര്‍ ചാവക്കാട് എത്തിച്ചു.

അവിടെ നിന്ന് രണ്ട് ആംബുലന്‍സുകളിലായി ഈ പണം വിഡി സതീശന്‍റെ കൂട്ടാളികളുടെ കയ്യിലെത്തി. പണം സതീശന്‍ കര്‍ണാടകത്തില്‍ നിക്ഷേപിച്ചു. മാസത്തില്‍ മൂന്നു തവണ സതീശന്‍ കര്‍ണാടകത്തിലേക്കു പോകുന്നത് യാത്രാ രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും, ഇതു സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

വിഡി സതീശന്‍റെ പ്രതികരണം: എന്നാൽ പിവി അന്‍വറിന്‍റെ (P V Anvar) ആരോപണത്തെ സതീശന്‍ പരിഹസിച്ചു തള്ളുകയാണ് ചെയ്‌തത്. ഈ ആരോപണം ഉന്നയിച്ച ആളുടെ ഗതികേട് ഓര്‍ത്ത് താന്‍ കരയണോ ചിരിക്കണോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ (V D Satheesan) പ്രതികരണം. ആരോപണം ഉന്നയിച്ച ആളില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ലെന്നതു കൊണ്ട് താന്‍ അദ്ദേഹത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് സതീശന്‍ പറഞ്ഞു.

എന്നാല്‍ ഇത്‌ സഭയിൽ അവതരിപ്പിക്കാന്‍ അനുവാദം കൊടുത്ത മുഖ്യമന്ത്രിയോട് സഹതാപം തോന്നുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തുള്ള ആരെങ്കിലുമായിരുന്നു മന്ത്രിമാര്‍ക്കെതിരെ ഇത്തരത്തിലുള്ള ആരോപണവുമായി തന്നെ സമീപിച്ചിരുന്നതെങ്കിൽ ആ കടലാസ് കീറി കൊട്ടയിലിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തനിക്കെതിരെ അന്‍വര്‍ ഉപയോഗിച്ച പദങ്ങള്‍ സ്‌പീക്കര്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യേണ്ടതില്ലെന്നും, ഇത്തരത്തിലുള്ള അംഗങ്ങള്‍ ഇവിടെയുണ്ടായിരുന്നു എന്നത് ഇനി വരുന്ന എംഎല്‍എമാര്‍ അറിയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാല്‍ അന്‍വര്‍ ആരോപിച്ചപോലെ 2021 ഫെബ്രുവരിയില്‍ കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നില്ല, രമേശ് ചെന്നിത്തലയായിരുന്നു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ആയിരുന്നു. 2021ലെ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം കെ-റെയില്‍ ആയിരുന്നില്ല.

അന്ന് യുഡിഎഫ് അധികാരത്തിലെത്തിയിരുന്നെങ്കില്‍ രമേശ് ചെന്നിത്തലയ്‌ക്കോ ഉമ്മന്‍ചാണ്ടിക്കോ ആയിരുന്നു മുഖ്യമന്ത്രിയാകാനുള്ള അവസരം ലഭിക്കുക. 2021 ല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് കെ-റെയില്‍ പദ്ധതി സജീവമായതും, ബല പ്രയോഗത്തിലൂടെ മഞ്ഞക്കുറ്റി സ്ഥാപിക്കാന്‍ തുടങ്ങിയതും. അപ്പോഴാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും പദ്ധതിക്കെതിരെ രംഗത്തു വരികയും മഞ്ഞക്കുറ്റി പിഴുതെറിയാന്‍ തുടങ്ങിയതും എന്നതാണ് യാഥാര്‍ത്ഥ്യം.

ABOUT THE AUTHOR

...view details