തിരുവനന്തപുരം: ഒരു കുഞ്ഞ് ഉണ്ടാകുക എന്നത് ഏതൊരു ദമ്പതിയുടേയും സ്വപ്‌നമാണ്. പല കാരണങ്ങളാല്‍ കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ആശ്രയ കേന്ദ്രമായി മാറുകയാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്‌ടീവ് മെഡിസിന്‍ വിഭാഗം. കുട്ടികളുണ്ടാകില്ലെന്ന് കരുതി പ്രയാസപ്പെട്ടിരുന്നവര്‍ക്ക് അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെയാണ് സമ്മാനിച്ചിരിക്കുന്നത്. ഇതുകൂടാതെ മറ്റ് വന്ധ്യതാ ചികിത്സകള്‍ വഴി അനേകം കുഞ്ഞുങ്ങളേയും സമ്മാനിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്ത് നിന്നും എല്ലാ പ്രതീക്ഷകളും നഷ്‌ടപ്പെട്ട് എത്തിയ ദമ്പതിമാരുമുണ്ട് അക്കൂട്ടത്തില്‍.
വൻകിട ആശുപത്രികളെ വെല്ലുന്ന സംവിധാനങ്ങള്‍
ഹോര്‍മോണ്‍ ചികിത്സ, സര്‍ജറി, അസിസ്റ്റഡ് റീപ്രൊഡക്‌ടീവ് ടെക്‌നോളജി ഉപയോഗിച്ചുള്ള ഐവിഎഫ് (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍), ഇന്‍ട്രാസൈറ്റോപ്ലാസ്‌മിക് സ്‌പേം ഇന്‍ജക്ഷന്‍ (ഐസിഎസ്‌ഐ) തുടങ്ങി വന്‍കിട കോര്‍പറേറ്റ് ആശുപത്രികളെ പോലും വെല്ലുന്ന സംവിധാനങ്ങളാണ് എസ്.എ.ടി. ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്. ആഗോളതലത്തിലേത് പോലെ 40 മുതല്‍ 50 ശതമാനം വരെ വിജയ ശതമാനം ഉയര്‍ത്താന്‍ എസ്.എ.ടി. ആശുപത്രിയ്ക്കായിട്ടുണ്ട്.
വന്ധ്യതാ ചികിത്സാ രംഗത്ത് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചികിത്സയിലൂടെ കുഞ്ഞുങ്ങള്‍ക്കായി ശ്രമിക്കുന്ന, കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുന്ന ധാരാളം ദമ്പതിമാര്‍ നമ്മുടെയിടയിലുണ്ട്. സ്വകാര്യ മേഖലയില്‍ വലിയ ചെലവുവരുന്ന ഈ ചികിത്സ സാധാരണക്കാര്‍ക്കും പ്രാപ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനായി അത്യാധുനിക സംവിധാനങ്ങളാണ് വന്ധ്യതാ ചികിത്സാ ക്ലിനിക്കുകളില്‍ സ്ഥാപിച്ച് വരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുതിയ തസ്‌തികകളും സൃഷ്ടിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ റീപ്രൊഡക്‌ടീവ് മെഡിസിന്‍ വിഭാഗവും കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ റീപ്രൊഡക്‌ടീവ് മെഡിസിന്‍ യൂണിറ്റുകളും പ്രവര്‍ത്തിച്ചു വരുന്നു. ഇത് കൂടാതെ ആരോഗ്യ വകുപ്പിന് കീഴിലെ പ്രധാനപ്പെട്ട മാതൃ ശിശു ആശുപത്രികളിലും ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.