പ്രയാഗ് രാജ്: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ വന്നെത്തുമെന്ന് വിലയിരുത്തുന്ന കുംഭമേളയില്‍ തിക്കും തിരക്കും മൂലമുണ്ടാകുന്ന അപകടമൊഴിവാക്കാന്‍ സാങ്കേതികതയുടെ കൈപിടിച്ച് അധികൃതര്‍. വന്‍തോതില്‍ ആളുകള്‍ എത്തിച്ചേരുന്ന ഇത്തരം മതപരിപാടികളില്‍ ഇതുപയോഗിച്ച് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
40 ലക്ഷം പേര്‍ കുംഭമേളയ്ക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കഴിഞ്ഞ തിങ്കളാഴ്‌ച മേളയുടെ ചടങ്ങുകള്‍ക്ക് വിശുദ്ധ സ്‌നാനത്തോടെ തുടക്കമായി. ആറാഴ്‌ച ചടങ്ങുകള്‍ തുടരും. സാധാരണയായി ഇത്തരം മതപരമായ ആഘോഷങ്ങളില്‍ വന്‍തോതില്‍ ആളുകള്‍ ഇരച്ചെത്തുമ്പോള്‍ അപകടങ്ങളും രാജ്യത്ത് പതിവാണ്. കുംഭമേളയില്‍ ഇത്തരം മുന്‍കാല അനുഭവങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എല്ലാവരും അവരവരുടെ വീടുകളിലേക്ക് സന്തോഷമായി മടങ്ങണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ അമിത് കുമാര്‍ പറഞ്ഞു. പരിപാടിയിലെ സാങ്കേതിക സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗ്സഥനാണ് അദ്ദേഹം. അപകടകരമായ മേഖലകളിലേക്ക് വന്‍തോതില്‍ ജനങ്ങള്‍ എത്തുന്നത് തടയും.
1954ലെ കുംഭമേളയില്‍ ഒറ്റ ദിവസം മരിച്ചത് നാനൂറ് പേരാണ്. ആഗോളതലത്തില്‍ വലിയ അപകടങ്ങളില്‍ ഒന്നാണിത്. 2013ല്‍ തിക്കിലും തിരക്കിലും പെട്ട് പതിമൂന്ന് പേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
എന്നാല്‍ ഇക്കുറി സാങ്കേതികതയിലൂടെ ഇത്തരം അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. ആള്‍ക്കുട്ടത്തിന്‍റെ ഏകദേശ എണ്ണം അറിയാന്‍ പുത്തന്‍ സാങ്കേതികതയിലൂടെ സാധിക്കും. അതിനനുസരിച്ച് മുന്‍കരുതലുകള്‍ കൈക്കൊള്ളാനാകും. ഉത്സവ കേന്ദ്രങ്ങളില്‍ ഇതിനകം തന്നെ മൂന്നുറ് ക്യാമറകള്‍ സ്ഥാപിച്ച് കഴിഞ്ഞു. ഇതിന് പുറമെ ഡ്രോണുകളും സജ്ജമാക്കിയിട്ടുണ്ട്.
ഗംഗാ-യമുന നദികളുടെ സംഗമ സ്ഥാനത്തിന് അകലെയല്ലാതെ സ്‌ഫടിക കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരുമടങ്ങുന്ന സംഘം ഇവിടെയിരുന്ന് കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
ഇവിടെയിരുന്നാല്‍ കുംഭമേള മുഴുവന്‍ തങ്ങള്‍ക്ക് കാണാനാകും. നേരിട്ട് കാണാനാകാത്ത സ്ഥലങ്ങളില്‍ ക്യാമറ ആംഗിളുകള്‍ അങ്ങനെ സജ്ജമാക്കും. അതിലൂടെ ഇവിടെയെത്തുന്ന ഓരോരുത്തരെയും നിരീക്ഷിക്കാനാകും. റെയില്‍വേ ബസ് സര്‍വീസുകളിലെത്തുന്ന ആളുകളുടെ എണ്ണവും ശേഖരിക്കും.
ജനങ്ങളുടെ ഒഴുക്ക് അറിയാനായി നിര്‍മ്മിത ബുദ്ധി ഉപയോഗിക്കും. വിവിധയിടങ്ങളിലെ ജനസാന്ദ്രതയും ഇതിലൂടെ അറിയാനാകും. ജനങ്ങള്‍ അമിതമായി തടിച്ച് കൂടുന്ന ഇടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കും. സുരക്ഷ വെല്ലുവിളിയില്ലാത്ത വിധം അവിടെ ക്രമീകരണങ്ങള്‍ നടത്തും.
അമേരിക്കയുടെയും കാനഡയുടെയും മൊത്തം ജനസംഖ്യയ്ക്ക് സമാനമായ എണ്ണം ആളുകള്‍ ഇക്കുറി കുംഭമേളയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. അത് കൊണ്ട് തന്നെ ഒരു താത്ക്കാലിക രാജ്യത്തിന് വേണ്ട സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുമുണ്ടെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.
ഇക്കുറി സാങ്കേതിക തികവോടെ മേള നടത്താനാകുന്നതിന്‍റെ ആവേശത്തിലാണ് സംഘാടകര്‍. ഇതിലൂടെ തീര്‍ത്ഥാടകര്‍ക്ക് വേണ്ട സംവിധാനങ്ങളും ഒരുക്കാനാകും. വിശ്വാസത്തിന്‍റെയു ആധുനികതയുടെയും സംഗമാമാണ് ഈ മേളയെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് പ്രതികരിച്ചത്.
ക്യാമറകളും ഡ്രോണുകളും നമുക്ക് സുരക്ഷിതത്വം നല്‍കുന്നുവെന്നാണ് മേളയ്ക്കെത്തിയ 28കാരനായ ഓട്ടോമോട്ടീവ് എന്‍ജിനീയര്‍ ഹര്‍ഷിത് ജോഷി പ്രതികരിച്ചത്. മേളയുടെ തുടക്കം മുതലുള്ള ലക്ഷക്കണക്കിന് തീര്‍ത്ഥാടകരില്‍ ഒരാളാണ് ഇദ്ദേഹം.
Also Read: 'കുംഭമേള' എന്ന് ഗൂഗിളിൽ തിരയൂ... കാണാം പുഷ്‌പവൃഷ്‌ടി: സ്‌പെഷ്യൽ ആനിമേഷനുമായി ഗൂഗിൾ