കണ്ണൂർ:കണ്ണപുരത്തെ വീടുകളുടെ അടുക്കള മുറ്റങ്ങൾ പച്ചക്കറി സമൃദ്ധമാക്കാൻ വഴിയൊരുക്കുകയാണ് പഞ്ചായത്തിന്‍റെ ഗൃഹ ചൈതന്യം പദ്ധതി. പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്‌തത കൈവരിക്കൽ ആണ് കൃഷിഭവന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ പഞ്ചായത്തും കാർഷിക കർമസേനയും ലക്ഷ്യമിടുന്നത്. അടുക്കളയിലെ ജൈവമാലിന്യങ്ങളും ചാരവും കഞ്ഞിവെള്ളവുമാണ് പച്ചക്കറി തൈകളുടെ പ്രധാന പോഷണം.
കാബേജ്, കോളിഫ്ലവർ, തക്കാളി, പച്ചമുളക്, വഴുതന എന്നീ വിവിധയിനം വറൈറ്റികള്‍ പദ്ധതിക്ക് കീഴിൽ കൃഷി ചെയ്യുന്നുണ്ട്. പരിചരണവും വളപ്രയോഗവും അടക്കം കാർഷിക മേഖലയിലെ എല്ലാ വിദ്യകളും കൃഷി ചെയ്യുന്ന വീട്ടുകാർക്ക് പകർന്നു നൽകി കൊണ്ടാണ് ഈ വനിത സംഘം മുന്നേറുന്നത്. ഒരു ലക്ഷം തൈകള്‍ പദ്ധതിക്ക് കീഴിൽ ഇതിനോടകം ഉത്പാദിപ്പിച്ചു കഴിഞ്ഞു.
കണ്ണപുരം പഞ്ചായത്തിന്‍റെ കീഴിൽ വനിതകള്‍ നേതൃത്വം നൽകുന്ന പച്ചക്കറി കൃഷി (ETV Bharat) കൂടാതെ, കാസർകോട് കൃഷിയിടങ്ങളിൽ നിന്ന് ശേഖരിച്ച നല്ലയിനം വിത്ത് അടക്ക ഉപയോഗിച്ച് 5000 കുള്ളൻ കവുങ്ങും 3000 കുരുമുളക് തൈയും ഗൃഹ ചൈതന്യം പദ്ധതിക്ക് കീഴിൽ ഉൽപാദിപ്പിക്കുന്നുണ്ട്. വിഷരഹിതമായ ഭക്ഷണം എന്ന സന്ദേശം ഉയർത്തുന്ന പദ്ധതിയിലേക്ക് കുടുംബശ്രീ മുഖേനയും തൈകൾ വീടുകളിൽ എത്തിക്കുന്നുണ്ട്.
ഈച്ച രമേശൻ സെക്രട്ടറിയും കേ. ദാമോദരൻ പ്രസിഡന്‍റുമായ കർമസേനയിൽ നിന്നും പരിശീലനം ലഭിച്ച എം സൗമ്യ, കെ ശ്രീലത, പി ശാലിനി, പ്രവിത വിനോദ്, നിഷ അനിൽ എന്നിവരാണ് തൈ ഉൽപാദനത്തിന് നേതൃത്വം നൽകുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കുട്ടികളെ പരിപാലിക്കും പോലെ...
കണ്ണപുരം കൃഷിഭവൻ 2024 -20025 സാമ്പത്തിക വർഷത്തിൽ 12 ഓളം കാർഷിക പദ്ധതികളാണ് നടപ്പാക്കുന്നത്. അതിൽ വീടുകളിൽ പച്ചക്കറി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഇവർ ചെടി പരിപാലനം തുടങ്ങിയത്. കണ്ണപുരം പഞ്ചായത്തിലെ എല്ലാ വീടുകള്‍ക്കും ഗുണം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കുട്ടികളെ പരിപാലിക്കുന്നത് പോലെയാണ് ഒരു മാസം ഈ വിത്ത് മുളപ്പിക്കൽ നടപടികൾ ഇവർ പൂർത്തിയാക്കിയതെന്ന് സജീവ പ്രവർത്തകയായ സൗമ്യ പറഞ്ഞു. മണ്ണിര കമ്പോസ്റ്റും ചാണകവും ചകിരി കമ്പോസ്റ്റും വളമായി ഉപയോഗിക്കുന്നുണ്ട്. ഒരു മാസമാണ് പല പച്ചക്കറികളുടെയും വളർച്ചാ സമയം.
Also Read:കുരുമുളക് കൃഷിയിലെ 'വിയറ്റ്നാം മോഡല്‍'; കറുത്തപൊന്നില്‍ നിന്ന് പൊന്നു വാരുന്ന 'ബൈജൂസ്' വിജയ ഗാഥ