എറണാകുളം : റിമാൻഡിൽ കഴിയുന്ന അന്താരാഷ്ട്ര അവയവ റാക്കറ്റിലെ കണ്ണിയായ തൃശൂർ സ്വദേശി സാബിത്തിനെ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് കസ്‌റ്റഡി അപേക്ഷ സമർപ്പിക്കും. അതേസമയം അവയവ കച്ചവടം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപികരിച്ചു. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക.
പ്രതി സാബിത്തിൻ്റെ പ്രാഥമികമായ ചോദ്യം ചെയ്യലിൽ അവയവ റാക്കറ്റിൻ്റെ വ്യാപ്‌തി വ്യക്തമാക്കുന്ന നിരവധി വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്‌താൽ കൂടതൽ കാര്യങ്ങളിൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. അവയവ വിൽപന സംഘവുമായി ബന്ധം തുടങ്ങിയത് ഹൈദരാബാദിൽ വച്ചാണെന്നാണ് പ്രതി മൊഴി നൽകിയത്.
ഇരുപത്തിയഞ്ചാമത്തെ വയസിലാണ് പ്രതി സാബിത്ത് അവയവ റാക്കറ്റുമായി ബന്ധപ്പെടുന്നത്. ആദ്യം സ്വന്തം അവയവം നൽകി പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അവയവ സംഘത്തിൻ്റെ ഏജൻ്റായാൽ കൂടുതൽ പണം നേടാമെന്ന് മനസിലാക്കിയതോടെയാണ് ഏജൻ്റാകാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിൽ അടക്കം പ്രതി സന്ദർശനം നടത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി പ്രതി സാബിത്ത് അവയവ വിൽപന ഏജൻ്റായി നേടിയത് കോടികളാണ്. ഇരുപത് പേരെ അവയവ കൈമാറ്റത്തിന് ഇരയാക്കിയതാണ് പൊലീസിന് ഇയാളിൽ നിന്ന് ലഭിച്ച വിവരം. ഇതിൽ പത്തൊമ്പത് പേർ ഇതര സംസ്ഥാനക്കാരും ഒരാൾ പാലക്കാട് സ്വദേശിയായ മലയാളിയാണെന്നുമാണ് സൂചന. ഇരയായ ഇയാൾക്ക് കഴിഞ്ഞ ഒരു വർഷമായി വീടുമായി ബന്ധമില്ലന്നും, നേരത്തെ അവയവ ദാനത്തിന് ശ്രമിച്ചപ്പോൾ തങ്ങൾ പിന്തിരിപ്പിച്ചതായുമാണ് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചത്.
എന്നാൽ ഇതിൽ കൂടുതൽ പേർ ഇരയായിട്ടുണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരാളെ അവയവ റാക്കറ്റ് സംഘത്തിന് കൈമാറിയാൽ പ്രതി സാബിത്തിന് ലഭിച്ചിരുന്നത് പത്ത് ലക്ഷം രൂപയായിരുന്നു. പ്രതിയുടെ വിരലടയാളം ഉൾപ്പെടെ ശേഖരിച്ച് നേരത്തെ രാജ്യത്തെവിടെയെങ്കിലും പ്രതിക്കെതിരെ കേസുകൾ ഉണ്ടോയെന്നും പരിശോധിക്കുകയാണ്. അതേസമയം പ്രതിയുമായി ബന്ധമുള്ള മറ്റൊരാളെ കൂടി പൊലീസ് ചോദ്യം ചെയ്‌തിരുന്നു. പ്രതി സാബിത്തുമായി ബന്ധമുള്ള തൃശൂർ സ്വദേശിയായ യുവതിയെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.