എറണാകുളം:നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌ത അന്താരാഷ്‌ട്ര അവയവ റാക്കറ്റ് സംഘത്തിലെ കണ്ണി തൃശൂർ സ്വദേശി സാബിത്തിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തേക്കും. തന്‍റെ 25-ാമത്തെ വയസിലാണ് പ്രതി സാബിത്ത് അവയവ റാക്കറ്റുമായി ബന്ധപ്പെടുന്നത്.
സ്വന്തം അവയവം നൽകി പണം സമ്പാദിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാൽ അവയവ സംഘത്തിൻ്റെ ഏജൻ്റായാൽ കൂടുതൽ പണം നേടാമെന്ന് മനസിലാക്കിയതോടെ ഏജൻ്റാകാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിൽ അടക്കം പ്രതി സന്ദർശനം നടത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അവയവ വിൽപനയുടെ ഏജൻ്റായി സാബിത്ത് നേടിയത് കോടികളാണ്. ഇരുപതുപേരെ അവയവ കൈമാറ്റത്തിന് ഇരയാക്കിയതായാണ് പൊലീസിന് ഇയാളിൽ നിന്ന് ലഭിച്ച വിവരം. എന്നാൽ ഇതിൽ കൂടുതൽ പേർ ഇരയായിട്ടുണ്ടാകുമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയുടെ വിരലടയാളം ഉൾപ്പടെ ശേഖരിച്ച് നേരത്തെ രാജ്യത്തെവിടെയെങ്കിലും പ്രതിക്കെതിരെ കേസുകൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം പ്രതിയുമായി ബന്ധമുള്ള മറ്റൊരാൾ കൂടി പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. പ്രതി സാബിത്തുമായി ബന്ധമുള്ള തൃശൂർ സ്വദേശിയായ യുവതിയെയുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇരകളായവരുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
രാജ്യാന്തര തലത്തിൽ ബന്ധമുള്ള മനുഷ്യക്കടത്തും അവയവ വിൽപനയും ഉൾപ്പെട്ട കേസായതിനാലാണ് ദേശീയ അന്വേഷണ ഏജൻസികൾ ഏറ്റെടുക്കാൻ സാധ്യതയേറിയത്. സാമ്പത്തിക പരാധീനതയുള്ളവരെ പണം വാഗ്‌ദാനം ചെയ്‌ത് വിദേശത്ത് എത്തിച്ച്, അവയവ വിൽപന നടത്തുന്ന സംഘത്തിന്‍റെ ഏജന്‍റാണ് തൃശൂർ സ്വദേശിയായ സാബിത്ത്. ഞായറാഴ്‌ചയാണ് നെടുമ്പാശ്ശേരി പൊലീസ് ഇയാളെ പിടികൂടിയത്. വിദേശത്തുനിന്ന് തിരിച്ചെത്തിയ ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നായിരുന്നു കസ്റ്റഡിയിലെടുത്തത്.