കോഴിക്കോട് : എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനിൽ നിന്നും ഓൺലൈൻ വഴി 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ നടക്കാവ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയിൽ മുഹമ്മദ് മുസ്‌തഫ (23), ചോലയിൽ വീട്ടിൽ യൂസഫ് സിദ്ദിഖ് (23), തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടിൽ മുഹമ്മദ് ഹർഷക് (21) എന്നിവരെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്‌റ്റ് ചെയ്‌തത് (Three Arrested In Extorting RS 43 Lakh Through Online Fraud).
എരഞ്ഞിപ്പാലം സ്വദേശിയെ പ്രതികൾ വെൽ വാല്യൂ ഇന്ത്യ എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും നിരന്തരമായി മെസേജുകൾ അയച്ച് സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ആയ ടെലഗ്രാമിൽ ഗൂഗിൾ മാപ്പ് റിവ്യൂ വിഐപി എന്ന ഗ്രൂപ്പിൽ തെറ്റിദ്ധരിപ്പിച്ച് ചേർക്കുകയും ചെയ്‌തു. വിവിധ ടാസ്‌ക്കുകൾ ചെയ്യാൻ ആവശ്യപ്പെടുകയും അതിന് പ്രതിഫലം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പരാതിക്കാരന്‍റെ 43 ലക്ഷം രൂപ ചതിയിലൂടെ കൈക്കലാക്കുകയും ആയിരുന്നു.
തട്ടിപ്പ് ഇങ്ങനെ: പ്രതികൾ രൂപീകരിച്ച വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അംഗമായ പരാതിക്കാരൻ ഗ്രൂപ്പിൽ വരുന്ന ലിങ്ക് ക്ലിക്ക് ചെയ്‌ത് ടെലഗ്രാം ആപ്ലിക്കേഷൻ ഗ്രൂപ്പിൽ അംഗമായി. തുടർന്ന് ചെറിയ ടാസ്‌ക്കുകൾ സമയബന്ധിതമായി പൂർത്തീകരിച്ച് നൽകുന്നതിന് 150 രൂപ മുതൽ 600 രൂപ വരെ പ്രതിഫലം നൽകി.
ഇത്തരത്തിൽ പരാതിക്കാരന്‍റെ വിശ്വാസം നേടിയെടുത്ത് കൂടുതൽ പണം ലഭിക്കുന്ന ടാസ്‌ക്കുകൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്‌തു. ഈ ടാസ്ക്കുകൾ ലഭിക്കുവാൻ അഡ്വാൻസ് പേമെന്‍റ് ചെയ്യേണ്ടതുണ്ടെന്ന് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് പരാതിക്കാരനെ കൊണ്ട് പണം അടപ്പിച്ചു.