കോഴിക്കോട് : വയനാട് ദുരന്തത്തിന് ഇന്ന് ഒരുമാസം തികയുന്നു. 30 ദിവസം പിന്നിടുമ്പോഴും 78 പേര് ഇന്നും കാണാമറയത്താണ്. ജൂലൈ 30നാണ് ആ ദുരന്തം മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലേക്ക് ഒഴുകിയത്തിയത്. ഒരു പകലും രാത്രിയും തോരാതെ പെയ്‌ത തീവ്ര മഴയും പിന്നാലെയുണ്ടായ രണ്ട് ഉരുള്‍പൊട്ടലും ഒരു നാടിനെ ദുരന്ത ഭൂമിയാക്കി. പ്രകൃതി സുന്ദരമായ ഒരു നാട് ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ മരണത്തിന്‍റെ താഴ്‌വരയായി.
രണ്ട് ദിവസത്തിന് ശേഷമാണ് ദുരന്തത്തിന്‍റെ വ്യാപ്‌തിയെത്രയെന്ന് പോലും തിരിച്ചറിഞ്ഞത്. ചെളിയിലാണ്ടുപോയ മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും ജീവൻ പണയം വച്ച് മനുഷ്യർ രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ രാജ്യത്തെ എല്ലാ സേനകളും വയനാട്ടിലെത്തി. ചാലിയാർപ്പുഴ മൃതദേഹ വാഹിനിയായി. കുത്തിയൊലിച്ച് പോയ നിരവധി മൃതദേഹങ്ങള്‍ മലപ്പുറം നിലമ്പൂരിൽ നിന്നാണ് കണ്ടെത്തിയത്. എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്.
സർക്കാരിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപൊട്ടലിൽ പൊലിഞ്ഞത്. 62 കുടുംബങ്ങൾ ഒരാൾ പോലും ബാക്കിയാവാതെ പൂർണമായും ഇല്ലാതായി. 183 വീടുകൾ ഒരു രാത്രികൊണ്ട് അപ്രത്യക്ഷമായി. 145 വീടുകൾ പൂർണമായും 170 വീടുകൾ ഭാഗികമായും തകർന്നു. 240 വീടുകൾ വാസയോഗ്യമല്ലാതെയായി. 638 വീടുകളെ ദുരിതം നേരിട്ട് ബാധിച്ചു എന്നുമാണ് ഭരണകൂടത്തിന്‍റെ കണക്ക്.