കോഴിക്കോട് :മലയാളികളുടെ ഏറ്റവും വലിയ ഉത്സവമാണ് ഓണം. നാടേതായാലും മലായാളി അവിടെ ഓണം ആഘോഷിക്കും. ഓണത്തെക്കുറിച്ചുള്ള ഐതിഹ്യം മഹാബലിയുമായി ബന്ധപ്പെട്ടതാണ്. കേരളം ഭരിച്ചിരുന്ന അസുര രാജാവായ മഹാബലിയെ വാമനാവതാരം പൂണ്ട മഹാവിഷ്‌ണു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ മഹാവിഷ്‌ണു മഹാബലിക്ക് വരം വല്‍കി.
മഹാബലി നാടുകാണാനെത്തുന്ന ദിവസമാണ് തിരുവോണം. ഇതാണ് ഓണത്തിന്‍റെ പുരാവൃത്തവും ഐതീഹ്യവും. എന്നാൽ ചേരരാജാക്കന്മാരുടെ കാലത്ത് തന്നെ ഓണം എന്ന ഉത്സവത്തെക്കുറിച്ച് ആധികാരികമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. വിവിധ കാലഘട്ടങ്ങളിൽ നാടുവാണ രാജാക്കൻമാരുടെ ശാസനങ്ങളിലാണ് ഓണത്തെക്കുറിച്ചുള്ള പരാമർശമുള്ളത്. മലബാർ ക്രിസ്‌ത്യൻ കോളജ് ചരിത്രവിഭാഗം മുൻ മേധാവി പ്രൊഫസർ എം സി വസിഷ്‌ഠ് ആണ് ഓണത്തിൻ്റെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.
ചേരശാസനങ്ങളിലെ ഓണം
കേരളത്തിൻ്റെ ദേശീയ ഉത്സവമായ ഓണത്തെക്കുറിച്ചുള്ള ആദ്യത്തെ സാഹിത്യപരമായ പരാമര്‍ശം "മധുരൈ കാഞ്ചി" എന്ന സംഘ സാഹിത്യ കൃതിയിലാണ്. ഇതിനുശേഷം ഓണത്തെക്കുറിച്ചുള്ള ആധികാരികമായ പരാമര്‍ശങ്ങള്‍ കാണുന്നത് രണ്ടാം ചേരരാജാക്കന്മാരുമായി ബന്ധപ്പെട്ട ശാസനങ്ങളിലാണ് (എ.ഡി. 800-1124). ചേരശാസനങ്ങളില്‍ ഭൂരിപക്ഷവും ക്ഷേത്രഭരണവുമായി ബന്ധപ്പെട്ടതാണ് (എ.ഡി. 849-ലെ തരിസപ്പള്ളി ശാസനം, എ.ഡി. 1000-ലെ ജൂതശാസനം എന്നിവയാണ് ചേരശാസനങ്ങളില്‍ മതേതര സ്വാഭാവമുള്ളവ). ക്ഷേത്രത്തിലെ ഒരു ഉത്സവമെന്ന നിലയിലാണ് ചേരശാസനങ്ങളില്‍ ഓണം പരാമര്‍ശിക്കപ്പെടുന്നത്.
തിരുവാറ്റുവായ ചെപ്പേട് (എ.ഡി. 861)
ഓണത്തെക്കുറിച്ചുള്ള ആദ്യത്തെ ലിഖിതപരമായ പരാമര്‍ശം കാണുന്നത് തിരുവാറ്റുവായ ചെപ്പേടിലാണ്. രണ്ടാമത്തെ ചേരപെരുമാളായ (രാജാവ്) സ്ഥാണുരവി. കുലശേഖരൻ്റെ (എ.ഡി. 844-883) പതിനേഴാമത്തെ ഭരണവര്‍ഷമായ എ.ഡി. 861- ല്‍ പുറത്തിറക്കപ്പെട്ട ഈ ശാസനം വട്ടെഴുത്ത് ലിപിയിലാണ്. തിരുവാറ്റുവായ ചെപ്പേട് എന്ന പേരിലാണ് ഈ ശാസനം അറിയപ്പെടുന്നത്.
കോട്ടയം ജില്ലയിലെ വാഴപ്പള്ളിക്കു സമീപം സ്ഥിതി ചെയ്യുന്ന വിഷ്‌ണു ക്ഷേത്രമാണ് തിരുവാറ്റു ക്ഷേത്രം. ഈ ക്ഷേത്രത്തിനു പുഞ്ചപ്പടക്കാലത്ത് ചേന്നന്‍ ചങ്കരന്‍ എന്ന വ്യക്തി ദാനം ചെയ്‌ത ഭൂമിയിലെ നെല്ലുകൊണ്ട് ഓണം ഊട്ട് നടത്തണമെന്ന് ഈ ശാസനം പ്രസ്‌താവിക്കുന്നു. ഭൂമിയിലെ നെല്ലുകൊണ്ട് ബ്രാഹ്മണര്‍ക്കുള്ള ഊട്ടും നടത്തണമെന്നും ശാസനം പറയുന്നു.