കേരളം

kerala

പങ്കെടുത്തവര്‍ ആദ്യമായി കണ്ടത് പരിപാടി ദിനത്തില്‍; സായിപ്പന്‍മാരെ ഞെട്ടിച്ച് മലയാളികളുടെ മെഗാ തിരുവാതിര - Mega thiruvathira show at Canada

By ETV Bharat Kerala Team

Published : Sep 7, 2024, 8:24 PM IST

Updated : Sep 7, 2024, 8:53 PM IST

കാനഡയിലെ കിച്ചണര്‍ - വാട്ടര്‍ലൂ മലയാളി എന്ന വാട്‌സ്ആപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്.

MEGA THIRUVATHIRA AT CANADA  കാനഡയില്‍ മെഗാ തിരുവാതിര  Onam celebration in canada  ONAM 2024
Mega Thiruvathira at Canada (ETV Bharat)

സായിപ്പന്‍മാരെ ഞെട്ടിച്ച് മലയാളികളുടെ മെഗാ തിരുവാതിര (ETV Bharat)

തിരുവനന്തപുരം: തിരുവാതിര കളിയില്ലെങ്കില്‍ പിന്നെന്ത് ഓണാഘോഷം.... കേരളക്കരയില്‍ പരമ്പരാഗത തിരുവാതിര കളി, ആളെണ്ണം വര്‍ധിക്കുന്നതോടെ മെഗാ തിരുവാതിരയാകുന്നു. വലിയ മുന്നൊരുക്കങ്ങള്‍ വേണം മെഗാ തിരുവാതിര കളിക്കെന്നാണ് ഈ രംഗത്തെ വിദഗ്‌ധരുടെ അഭിപ്രായം. കൃത്യമായ ആസൂത്രണവും അത്യാവശ്യമാണ്.

എന്നാല്‍ ഇതേ മെഗാ തിരുവാതിര ഇന്ന് സായിപ്പിന്‍റെ നാട്ടിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് ഒരു സംഘം മലയാളി വനിതകള്‍. ജീവിതം പടുത്തുയര്‍ത്താന്‍ കാനഡയിലേക്ക് കുടിയേറിയ മലയാളികളുടെ കൂട്ടായ്‌മയാണ് ഇതിന് പിന്നില്‍. കാനഡയിലെ കിച്ചണര്‍, വാട്ടര്‍ലൂ, ഗള്‍ഫ് മേഖലകളിലെ മലയാളികള്‍ 2019- ല്‍ ആരംഭിച്ച കിച്ചണര്‍ - വാട്ടര്‍ലൂ മലയാളി എന്ന വാട്‌സ്ആപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് തിരുവാതിര സംഘടിപ്പിച്ചത്.

150 ഓളം പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര കളി കാനഡയിലെ കേംബ്രിഡ്‌ജില്‍ സെപ്‌തംബര്‍ 1ന് ആണ് സംഘടിപ്പിച്ചത്. സംഭവം വന്‍ വിജയമായെങ്കിലും ഇതിന്‍റെ പിന്നിലെ പ്രയത്നം കഠിനമായിരുന്നെന്ന് സംഘാടകനായ നിതിന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. കാനഡയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളെ ഏകോപിപ്പിക്കുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. തിരുവാതിര കളിക്കാന്‍ സന്നദ്ധരായ മലയാളികളെ ഉള്‍പ്പെടുത്തി ഒരു വാട്‌സ് ആപ്പ് കൂട്ടായ്‌മയോടെ ആദ്യം തുടങ്ങി.

ഇതില്‍ പലര്‍ക്കും കളിക്കാന്‍ താത്പര്യമുണ്ടെങ്കിലും തിരുവാതിര അറിയില്ലായിരുന്നു. തിരുവാതിര പഠിപ്പിക്കാനായി സംഘാടകര്‍ നൃത്തച്ചുവടുകള്‍ ഒന്നൊന്നായി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും. പിന്നാലെ ഗ്രൂപ്പ് അംഗങ്ങള്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമുള്ള വീഡിയോ മറുപടിയായി പോസ്റ്റ് ചെയ്യും. ഇത്തരത്തില്‍ ദിവസങ്ങളെടുത്തായിരുന്നു മെഗാ തിരുവാതിരയുടെ സംഘാടനം. പരിപാടി നടന്ന ദിവസമാണ് തിരുവാതിരയില്‍ പങ്കെടുത്തവര്‍ തമ്മില്‍ ആദ്യമായി കാണുന്നതെന്നും നിതിന്‍ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

5 ഡോളര്‍ പ്രവേശന ഫീസിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്‍റെ വിഹിതം വയനാട് ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് നല്‍കാനാണ് സംഘാടകരുടെ തീരുമാനം. കാനഡയിലെ മലയാളി വാട്‌സ് ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച ഓണാഘോഷത്തിന്‍റെ ഭാഗമായി അവിടെ ഇനത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും വിദേശികള്‍ക്കും സ്റ്റാളുകള്‍ സ്ഥാപിക്കാനുള്ള അനുമതിയും നല്‍കിയിരുന്നു.

500 ഓളം മലയാളികളാണ് ഇവിടെ ആഘോഷത്തില്‍ പങ്കെടുത്തത്. നാട്ടിലെ ഓണഘോഷത്തെക്കാള്‍ കളറായ കനേഡിയന്‍ ഓണഘോഷം സായിപ്പിന്മാരെ പോലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെന്ന് തിരുവാതിര നര്‍ത്തകി അലീന ഇടിവി ഭാരതിനോട് പറഞ്ഞു. ജോലി തിരക്കുകള്‍ക്കിടെയായിരുന്നു എല്ലാവരുടെയും പരിശീലനം. ഓരോ സമയത്താകും ഓരോരുത്തരും സ്റ്റെപ്പുകള്‍ പഠിക്കുക. ചിലര്‍ പഠിച്ച് തീര്‍ന്നാലും മറ്റ് ചിലര്‍ പഠിച്ചു തുടങ്ങി കാണില്ലെന്നും അലീന പറയുന്നു.

Also Read:ഓണത്തെ വരവേല്‍ക്കൊനൊരുങ്ങി കേരളം; കൊല്ലത്ത് ഉത്സവമായി പൂക്കൃഷി വിളവെടുപ്പ്

Last Updated : Sep 7, 2024, 8:53 PM IST

ABOUT THE AUTHOR

...view details