കേരളം

kerala

ETV Bharat / state

അമ്മുവിന്‍റെ മരണം: പ്രതികൾക്ക് ജാമ്യമില്ല, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു - AMMU SAJEEVAN SUICIDE CASE

പത്തനംതിട്ട ജുഡീഷണല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. എടി അക്ഷിത, അലീന ദിലീപ്, അഞ്ജന എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്.

NURSING STUDENT AMMU SUICIDE  അമ്മു സജീവൻ ആത്മഹത്യ  NO BAIL FOR ACCUSED IN AMMU CASE  NURSING STUDENT AMMU DEATH
Ammu Suicide, No Bail For Accused (ETV Bharat)

By ETV Bharat Kerala Team

Published : Nov 22, 2024, 8:40 PM IST

പത്തനംതിട്ട:നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്‍റെ മരണത്തിലെ മൂന്ന് പ്രതികള്‍ക്കും ജാമ്യമില്ല. പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്‌തു. ചങ്ങനാശേരി സ്വദേശിനി എടി അക്ഷിത, കുണ്ടയം സ്വദേശിനി അലീന ദിലീപ്, കോട്ടയം സ്വദേശിനി അഞ്ജന എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്. പത്തനംതിട്ട ജുഡീഷണല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.

അമ്മുവിൻ്റെ മരണത്തിന് ഒരാഴ്‌ച മുമ്പ് അമ്മുവിൻ്റെ പിതാവ് സജീവ് ഈ മൂവർ സംഘത്തിനെതിരെ കോളജ് പ്രിൻസിപ്പാളിന് പരാതി നൽകിയിരുന്നു. അമ്മുവിൻ്റെ മരണത്തെ തുടർന്ന് അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ (നവംബർ 21) വൈകുന്നേരത്തോടെയാണ് ഇവരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കസ്‌റ്റഡിയിലെടുത്തത്.

തുടർന്ന് ഇന്ന് (നവംബർ 22) പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം പ്രതികളെ പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം കേസ് പരിഗണിച്ച കോടതി പ്രതികളുടെയും പ്രോസിക്യൂഷൻ്റെയും ഭാഗം കേട്ടു. പ്രതികൾക്ക് പൊലീസ് കസ്‌റ്റഡിയുടെ ആവശ്യമില്ലെന്നും പ്രായക്കുറവ് പരിഗണിച്ച് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

അമ്മുവിന്‍റെ മരണത്തിൽ പ്രതികൾക്ക് ജാമ്യമില്ല (ETV Bharat)

എന്നാൽ പ്രതികളുടെ മൊബൈലുകളിൽ അമ്മുവിൻ്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകൾ ഉണ്ടെന്നും ജാമ്യം നൽകിയാൽ അവ നശിപ്പിക്കപ്പെട്ടേക്കാം എന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. പ്രതികളിലൊരാളുടെ നഷ്‌ടപ്പെട്ട ലോഗ് ബുക്ക് കണ്ടെടുക്കേണ്ടതുണ്ടെന്നും അവരെ പൊലീസ് കസ്‌റ്റഡിയിൽ വിടണമെന്നും അന്വേഷണ സംഘത്തിന് വേണ്ടി പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ഇരു ഭാഗത്തിൻ്റെയും വാദം കേട്ട ശേഷമാണ് കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കേസിനാസ്‌പദമായ സംഭവം: കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് അമ്മു സജീവ് മരിച്ചത്. ഹോസ്‌റ്റൽ കെട്ടിടത്തിൻ്റെ മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു ഹോസ്‌റ്റൽ അധികൃതർ അമ്മുവിന്‍റെ വീട്ടില്‍ അറിയിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച വിദ്യാർഥിനിയെ വിദഗ്‌ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

അമ്മുവിന്‍റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും പിതാവ് സജീവ് പറഞ്ഞു. റാഗിങ്ങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്‍റെ മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.

അമ്മുവിൻ്റെ മരണകാരണത്തെപ്പറ്റിയുള്ള അന്വേഷണത്തിൽ മൂന്ന് സഹപാഠികൾ അമ്മുവിനെ നിരന്തരം പലതരത്തിൽ ദ്രോഹിച്ചിരുന്നതായി ആരോപിച്ച് സജീവ് കോളജ് പ്രിൻസിപ്പാളിന് നൽകിയ പരാതി പൊലീസിന് ലഭിച്ചു. അമ്മുവിൻ്റെ മരണത്തിൽ കോളജ്, ഹോസ്‌റ്റൽ, പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതർ എന്നിവരുടെ നിലപാടുകളിലും അമ്മുവിൻ്റെ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ സംഭവം വിവാദമായി.

അതേസമയം കഴിഞ്ഞ തിങ്കളാഴ്‌ച എബിവിപി പ്രവർത്തകർ കോളജ് പ്രിൻസിപ്പാളിൻ്റെ ഓഫീസിൽ കയറി പ്രതിഷേധിച്ചതോടെ മറ്റ് വിദ്യാർഥി സംഘടനകളും സമരപരിപാടികളുമായി രംഗത്തെത്തി. അടുത്ത ദിവസം തന്നെ എസ്എഫ്ഐ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടന്ന് ക്യാമ്പസിനുള്ളിൽ പ്രവേശിച്ച് പ്രതിഷേധിച്ചു. മാത്രമല്ല കഴിഞ്ഞദിവസം കെഎസ്‌യു പ്രവർത്തകർ കോളജിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി സംഘർഷമുണ്ടാവുകയും ഇതിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കുകയും ചെയ്‌തു.

ഇന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കാനായി കൊണ്ട് പോകുന്നതിനിടയിലും എബിവിപി പ്രവർത്തകർ പ്രതികൾക്കെതിരെ കരിങ്കൊടിവീശി പ്രതിഷേധിച്ചു. അമ്മുവിൻ്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം വേണം എന്ന് കുടുംബം ആവശ്യപ്പെട്ടു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് പരാതി നൽകി.

Also Read:പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം, മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

ABOUT THE AUTHOR

...view details