വെള്ളറട:രോഗിയുടെ പ്ലാസ്റ്റര്‍ ഇളകി മാറി എന്ന് ആരോപിച്ച് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന നഴ്സിങ് അസിസ്റ്റൻ്റിനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടു പേര് പിടിയില്‍. വെള്ളറട കരിമരം കോളനിയിലെ നിഷാദ് (20), കിളിയൂര്‍ സ്വദേശി ശ്യാം (30 ) എന്നിവരെയാണ് മാരായമുട്ടത്ത് നിന്നും വെള്ളറട പൊലീസ് പിടികൂടിയത്. വെള്ളറട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ രോഗിയുടെ ചുമലില്‍ ഇട്ട പ്ലാസ്റ്റര്‍ ഇളകി മാറിയെന്നാരോപിച്ച് വെള്ളറട ആനപ്പാറ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെ നഴ്സിങ് അസിസ്റ്റൻ്റിനെ കഴിഞ്ഞ ദിവസമാണ് മര്‍ദ്ദിച്ചത്. നഴ്സിങ് അസിസ്റ്റൻ്റ് സനല്‍രാജ് (42) നാണ് മര്‍ദ്ദനമേറ്റത്.
പരിക്കേറ്റ് ചികിത്സ തേടിയ വെള്ളറട കരിമരം കോളനിയിലെ നിഷാദ് (20) ആണ് ചികിത്സ കഴിഞ്ഞ് വീട്ടില്‍ പോയ ശേഷം മടങ്ങിയെത്തി നഴ്സിങ് അസിസ്റ്റൻ്റിനെ മര്‍ദ്ദിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നിഷാദ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. ചുമലിന് തകരാർ കണ്ടെത്തിയ ഡോക്ടര്‍ പ്ലാസ്റ്ററിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നിഷാദ് വീട്ടിലെത്തിയപ്പോള്‍ പ്ലാസ്റ്ററിൻ്റെ ഒരു വശം ഇളകി മാറി എന്ന് ആരോപിച്ചായിരുന്നു മടങ്ങിയെത്തി നഴ്സിങ് അസിസ്റ്റൻ്റ് സനല്‍രാജിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സനല്‍രാജ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.