ദാവോസ് (സ്വിറ്റ്‌സർലൻഡ്) : ബിസിനസ് സംരംഭകരെ അമേരിക്കയിലേക്ക് ക്ഷണിച്ച് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. നികുതി ഇളവ് വാഗ്‌ദാനം ചെയ്‌താണ് ട്രംപിൻ്റെ പ്രഖ്യാപനം. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വേള്‍ഡ് ഇക്കോണമി ഫോറത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിസിനസ് ഉത്‌പന്നങ്ങള്‍ അമേരിക്കയിൽ ഉത്‌പാദിപ്പിക്കണമെന്നും ലോകത്തുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ നികുതി നിരക്കിൽ അമേരിക്ക നിങ്ങളെ സഹായിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്. മറ്റ് പലയിടങ്ങളിലും വലിയ താരിഫ് നൽകേണ്ടി വരും. ഉത്‌പന്നങ്ങള്‍ അമേരിക്കയിൽ ഉത്‌പാദിപ്പിച്ചാൽ കുറഞ്ഞ താരിഫിൽ നിങ്ങളെ സഹായിക്കാൻ അമേരിക്കയ്‌ക്ക് സാധിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
പുറം രാജ്യങ്ങളിലെ ഉത്‌പാദനത്തിന് ചെലവാക്കുന്ന പണം യുഎസിൽ വിനിയോഗിച്ചാൽ ബില്ല്യണ്‍, ത്രില്ല്യണ്‍ ഡോളറുകള്‍ ലാഭിക്കാം. അതുവഴി കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാൻ സാധിക്കും. ബിസിനസിന് അമേരിക്കയേക്കാള്‍ നല്ലൊരു സ്ഥലമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിൻ്റെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്താനായാണ് ട്രംപിൻ്റെ പ്രഖ്യാപനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം യുഎസ്-കാനഡ ബന്ധത്തിൽ വന്ന വിള്ളലിലും ട്രംപ് നിലപാട് വ്യക്തമാക്കി. വ്യാപാരത്തിലും ഇറക്കുമതിയിലും ഇനി അമേരിക്ക, കാനഡയെ ആശ്രയിക്കില്ല. കാറുകള്‍, എണ്ണ തുടങ്ങിയ ഉത്‌പന്നങ്ങള്‍ക്ക് കാനഡയെ ആശ്രയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിൻ്റെ നിലപാട് കാനഡക്ക് തിരിച്ചടിയാണ്.
കാനഡയുമായുള്ള വ്യാപാര കമ്മി ഇതേ രീതിയിൽ മുൻപോട്ട് കൊണ്ടുപോകാൻ അമേരിക്കക്ക് സാധിക്കില്ല. 200 ബില്ല്യണ്‍ ഡോളറായിരുന്ന കമ്മി 250 ആക്കിയ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. കാനഡ അമേരിക്കയിൽ ലയിക്കുകയാണെങ്കിൽ റഷ്യൻ, ചൈനീസ് കപ്പൽ ഭീഷണിയിൽ നിന്നും സംരക്ഷണം ലഭിക്കുമെന്നും ട്രംപ് പറഞ്ഞു.
കാനഡയെ അമേരിക്കൻ സംസ്ഥാനമാക്കണമെന്നത് ഏറെനാളായുടെ ട്രംപ് ഭരണകൂടത്തിൻ്റെ ആവശ്യമാണ്. അങ്ങനെ സംഭവിച്ചാൽ കാനഡയുടെ ഉയർന്ന വ്യാപാര കമ്മിയും സബ്‌സിഡിയും അമേരിക്കക്ക് ഒഴിവായികിട്ടും. ഇത് സംബന്ധിച്ച് മുൻപ് കനേഡിയൻ പ്രസിഡൻ്റ് ജസ്റ്റിൻ ട്രൂഡോയെ ജസ്റ്റിൻ ഓഫ് കാനഡ ഗവർണർ എന്ന് ട്രംപ് അഭിസംബോധന ചെയ്‌തിരുന്നു.