തിരുവനന്തപുരം : മറഞ്ഞിരിക്കുന്ന മരണത്തെ പോലും അവഗണിച്ച് കഠിനാധ്വാനം ചെയ്യുന്ന പ്രവാസി മലയാളികള്‍ കേരളത്തിലേക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷമയച്ചത് 2,16,893 കോടി രൂപ. സംസ്ഥാന റവന്യൂ വരുമാനത്തിന്‍റെ 1.7 ഇരട്ടിയാണിത്. ഇന്‍റര്‍നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്‍റിന്‍റെ നേതൃത്വത്തില്‍ നടത്തിയ കേരള മൈഗ്രേഷന്‍ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 2018 ല്‍ 85,092 കോടി രൂപയായിരുന്നു പ്രവാസി മലയാളികള്‍ നാട്ടിലേക്കയച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ നാട്ടിലെത്തിയ തുകയില്‍ 150 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
2023ല്‍ ഒരു പ്രവാസി ശരാശരി വീട്ടിലേക്ക് 2,23,729 രൂപ അയച്ചതായും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ എന്‍ആര്‍ഐ ഡിപ്പോസിറ്റുകളുടെ 21 ശതമാനവും സംസ്ഥാനത്തുനിന്നാണ്. സംസ്ഥാനത്തുനിന്നും വിദേശ രാജ്യങ്ങളിലേക്ക് 43,378 കോടി രൂപയാണ് ഡെപ്പോസിറ്റ് തുകയായി 2023 ല്‍ നിക്ഷേപിക്കപ്പെട്ടത്.
വിദേശത്തുനിന്നും നാട്ടിലേക്കെത്തിയ നിക്ഷേപങ്ങളില്‍ 17.8 ശതമാനം കൊല്ലം ജില്ലയിലേക്കാണ് എത്തിയത്. 16.2 ശതമാനം മലപ്പുറം ജില്ലയിലേക്കുമെത്തി. വിദേശത്തുനിന്നും തുക ലഭിക്കുന്ന 73.3 ശതമാനം വീടുകളിലും മാസാമാസം തുകയെത്തുന്നുണ്ട്. വിദേശത്ത് നിന്നുമെത്തിയ തുകയുടെ 15.8 ശതമാനവും വീടിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി അയച്ചതാണ്. 14 ശതമാനം ബാങ്ക് വായ്‌പയുടെ തിരിച്ചടവിനും 10 ശതമാനം വിദ്യാഭ്യാസ ചിലവുകള്‍ക്കുമാണ് വിനിയോഗിക്കപ്പെട്ടതെന്നും മൈഗ്രേഷന്‍ സര്‍വേയില്‍ വ്യക്തമാക്കുന്നു.
പ്രവാസി സ്ത്രീകളുടെ എണ്ണത്തിലും വര്‍ദ്ധനവ് :പ്രവാസം തെരഞ്ഞെടുക്കുന്ന മലയാളി വനിതകളുടെ എണ്ണത്തിലും വന്‍ വര്‍ധനവ് കേരള മൈഗ്രേഷന്‍ സര്‍വേ രേഖപ്പെടുത്തി. 2018 ല്‍ സ്ത്രീ പ്രവാസികള്‍ ജനസംഖ്യയുടെ 15.8 ശതമാനമായിരുന്നുവെങ്കില്‍ 2023 ല്‍ ഇത് 19.1 ശതമാനമായി വര്‍ധിച്ചു. സ്ത്രീകള്‍ കുടിയേറ്റത്തിനായി കൂടുതല്‍ തെരഞ്ഞെടുക്കുന്നത് യുറോപ്പിലേതുള്‍പ്പടെ മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളാണെന്നും സര്‍വേ വ്യക്തമാക്കുന്നു.
സ്ത്രീ പ്രവാസികളില്‍ 71.5 ശതമാനം പേരും ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രവാസം തെരഞ്ഞെടുക്കുന്നത്. പ്രവാസികളായ പുരുഷന്മാരില്‍ 34.7 ശതമാനം പേര്‍ മാത്രമാണ് ബിരുദധാരികള്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ പുരുഷന്മാരാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. പ്രവാസത്തിലെ സ്ത്രീ - പുരുഷ അന്തരം ഏറ്റവും കുറവ് കോട്ടയം ജില്ലയിലും ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലുമാണ്.