കുപ്രസിദ്ധ മോഷ്‌ടാവ് തൃശൂരിൽ പിടിയിൽ (ETV Bharat) ഇടുക്കി: കുപ്രസിദ്ധ മോഷ്‌ടാവ് സതീഷ് എന്ന റഫീഖ് പൊലീസ് പിടിയിൽ. നിരവധി മോഷണക്കേസിലെ പ്രതിയെ തൃശൂർ പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. മേരികുളത്ത് കഴിഞ്ഞ ജനുവരി 30-ന് മോഷണം നടത്തിയെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ ഉപ്പുതറ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
മാവേലിക്കരയിൽ താമസിച്ചു വരുന്ന ഇയാൾ കഴിഞ്ഞ ജനുവരി 30 ന് അയ്യപ്പൻ കോവിൽ മേരികുളത്ത് 7 കടകളിൽ മോഷണം നടത്തിരുന്നു. ഈ കേസിൽ അന്വേഷണം നടന്ന് വരുന്നതിനിടയിലാണ് പ്രതി തൃശൂരിൽ മറ്റൊരു കേസിൽ പിടിയിലാവുന്നത്. തൃശൂരിൽ പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് മേരികുളത്ത് ജനുവരി 30 ന് മോഷണം നടത്തിയതായി പ്രതി സമ്മതിച്ചത്.
ഇത് കൂടാതെ നിരവധി സ്ഥലത്തും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. ഇതേ തുടർന്ന് തൃശൂർ പൊലീസ് അറിയിച്ചതനുസരിച്ച് പ്രതിയെ ഉപ്പുതറ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. പൂട്ട് പൊളിക്കാൻ പിക്കാസാണ് ഉപയോഗിച്ചത്. മോഷണത്തിന് ശേഷം കാട്ടിൽ ഒളിപ്പിച്ച പിക്കാസും ക്യാമറയുടെ ഡിവിആറും പൊലീസ് കണ്ടെടുത്തു.
30-ന് കൊട്ടാരക്കരയിൽ നിന്നും ബസിൽ മുണ്ടക്കയത്ത് ഇറങ്ങി അവിടെ നിന്നുമാണ് പിക്കാസ് വാങ്ങിയത്. 8.30 ഓടെ മേരികുളത്ത് എത്തിയ പ്രതി സ്‌കൂൾ പാചകപ്പുരയുടെ പൂട്ട് തകർത്ത് അവിടെ വിശ്രമിച്ച ശേഷം അർദ്ധരാത്രി കഴിഞ്ഞാണ് മോഷണം നടത്തിയത്. നിരവധി സ്ഥലത്ത് മോഷണം നടത്തിയ പ്രതി പൂട്ട് പൊളിക്കാൻ ഉപയോഗിക്കുന്ന ആയുധം സമീപത്ത് തന്നെ ഉപേക്ഷിക്കുന്നതാണ് രീതി.
Also Read: കോട്ടയത്തെ നഗര മധ്യത്തിലെ കടകളിൽ താഴ് തകർത്ത് മോഷണം; ദൃശ്യങ്ങൾ സിസിടിവിയിൽ