തിരുവനന്തപുരം: വയനാട് ലോക്‌സഭ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൊടികൾ ഉപയോഗിക്കില്ലെന്ന് യുഡിഎഫ് കൺവീനറും കെപിസിസി ആക്‌ടിങ് പ്രസിഡന്‍റുമായ എംഎം ഹസ്സൻ. മണ്ഡലത്തിൽ അടുത്തയാഴ്‌ച മുതല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്‍റെയോ സഖ്യ കക്ഷികളുടെയോ കൊടികൾ ഉപയോഗിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് എംഎം ഹസ്സൻ പറഞ്ഞു. കൊടികള്‍ വേണ്ടെന്ന തീരുമാനത്തിന് വ്യക്തമായ കാരണം വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
പാർട്ടി തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നാണ് എംഎം ഹസന്‍ പത്ര സമ്മേളനത്തിൽ പറഞ്ഞത്. ഏപ്രിൽ 15, 16 തീയതികളിൽ വയനാട്ടിലെ വിവിധ പാർട്ടി പരിപാടികളിൽ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് കെപിസിസി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. കണ്ണൂർ, തൃശൂർ, തിരുവനന്തപുരം തുടങ്ങി വിവിധ ലോക്‌സഭ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും റാലികളിലും വരും ആഴ്‌ചകളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.
ഈ മാസം ആദ്യം വയനാട്ടിൽ നടന്ന രാഹുൽ ഗാന്ധിയുടെ റോഡ്‌ഷോയില്‍ കോൺഗ്രസ് പാർട്ടിയുടെയോ സഖ്യകക്ഷിയായ മുസ്ലിം ലീഗിന്‍റെയോ കൊടികൾ ഉപയോഗിച്ചിരുന്നില്ല. കോണ്‍ഗ്രസ് തീരുമാനത്തെ ബിജെപിയും സിപിഎമ്മും വിമര്‍ശിച്ചിരുന്നു. ബിജെപിയെ ഭയക്കുന്നതിനാലാണ് കോൺഗ്രസ് പതാകകൾ ഉപയോഗിക്കാത്തത് എന്നായിരുന്നു സിപിഎമ്മിന്‍റെ ആരോപണം.
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗില്‍ (ഐയുഎംഎൽ) രാഹുല്‍ ഗാന്ധിക്ക് നാണക്കേട് തോന്നിയത് കൊണ്ടാണ് പതാക ഉപയോഗിക്കാത്തത് എന്നായിരുന്നു ബിജെപിയുടെ ആരോപണം. ലീഗിന്‍റെ പിന്തുണ ഉപേക്ഷിക്കാനും രാഹുല്‍ ഗാന്ധിയോട് ബിജെപി പറഞ്ഞു. സിപിഎമ്മും ബിജെപിയും ഉറ്റ ചങ്ങാതിമാരായി കഴിഞ്ഞുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്തണമെന്ന് ആരിൽ നിന്നും ക്ലാസുകൾ ആവശ്യമില്ലെന്നുമാണ് വിമര്‍ശനങ്ങളോട് കോൺഗ്രസ് പ്രതികരിച്ചത്.
Also Read :പതിനാറ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയുമായി കോണ്‍ഗ്രസ്; കങ്കണയെ നേരിടാന്‍ വിക്രമാദിത്യ സിങ്; മനീഷ് തിവാരി ചണ്ഡിഗഡില്‍ നിന്ന് ജനവിധി തേടും - Vikramaditya Singh Vs Kangana