കൊല്ലം: ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. എസ്എൻസി ലാവലിൻ, സ്വർണക്കള്ളക്കടത്ത്, ഇ പി ജയരാജന്‍റെ വിവാദ റിസോർട്ട് കേസ് എന്നിവയിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടി കൂടിയാണ് കൂടിക്കാഴ്‌ചയെന്നും കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ എൻ കെ പ്രേമചന്ദ്രൻ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
തൃശൂർ, തിരുവനന്തപുരം സീറ്റുകളിലെ അടവുനയമാണ് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നിൽ. ഉല്ലാസയാത്രയ്‌ക്ക് കേരളത്തിലെത്തിയ നിധിൻ ഗഡ്‌ഗരിയെ ക്ലിഫ്ഹൗസിൽ വിളിച്ചു വരുത്തി സത്‌കരിച്ച പിബി അംഗമായ മുഖ്യമന്ത്രി പിണറായി വിജയന് ഇ പി ജയരാജനെ കുറ്റം പറയാൻ എന്ത് അർഹതയുണ്ടെന്നും പ്രേമചന്ദ്രൻ ചോദിച്ചു. ബിജെപിയെ പ്രതിപക്ഷമാക്കാനാണ് പിണറായി വിജയൻ്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മും ബിജെപിയും തമ്മിൽ ദൃഢമായ ബന്ധമുണ്ടെന്ന യുഡിഎഫിന്‍റെ ആരോപണത്തെ സ്വാധൂകരിക്കുന്നതാണ് ഇപ്പോൾ നടന്ന ചർച്ച. സിപിഎം കൊല്ലത്ത് പൂർണമായും വർഗീയ പ്രചരണം അഴിച്ചുവിട്ടെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനാർഥിയുടെ സമുദായം ഉയർത്തി സമുദായ നേതാക്കളെ കണ്ട് വോട്ട് തേടി. സിപിഎം ജില്ല സെക്രട്ടറിയാണ് ഇതിന് നേതൃത്വം നൽകിയതെന്നും ഇതിന് തെളിവ് തരാൻ തയ്യാറാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.