എൻകെ പ്രേമചന്ദ്രൻ മാധ്യമങ്ങളോട് (Source : Etv Bharat Reporter) തിരുവനന്തപുരം : സോളാർ കേസിലെ എൽഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടില്ലെന്ന് ആർഎസ്‌പി നേതാവ് എൻകെ പ്രേമചന്ദ്രൻ എംപി. ജുഡീഷ്യൽ അന്വേഷണം പരസ്യമായി പത്രസമ്മേളനം വിളിച്ചു പ്രഖ്യാപിക്കാമെന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ അടിസ്ഥാനരഹിതമാണ്. എൽഡിഎഫ് തന്നെ ചുമതലപ്പെടുത്തിയിട്ടില്ല. സമരം അവസാനിച്ചതായി അറിയുന്നത് സെക്രട്ടേറിയറ്റ് നടയിൽ നിന്നപ്പോഴാണ്. എകെജി സെന്‍ററിൽ എത്താൻ പാർട്ടിയിൽ നിന്ന് നിർദേശം വന്നപ്പോഴാണ് പ്രസംഗം അവസാനിപ്പിച്ചത്.
എകെജി സെൻ്ററിൽ എത്തിയപ്പോൾ സമരം അവസാനിപ്പിച്ച് കഴിഞ്ഞിരുന്നു. ജോൺ ബ്രിട്ടാസ് ഇടനിലക്കാരനായതിനെ കുറിച്ച് തനിക്ക് ഒരറിവുമില്ല. ഒരുതരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ല. തന്‍റെ പേര് പരാമർശിച്ചത് നിർഭാഗ്യകരമാണ്. ഒരുതരത്തിലുള്ള ഇടപെടലുകളും ഗവൺമെന്‍റുമായോ യുഡിഎഫ് അംഗങ്ങളുമായോ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമരം അവസാനിപ്പിച്ചത് പെട്ടെന്നാണ്. സമരം പൂർണ അർഥത്തിൽ വിജയമെന്ന് പറയാൻ കഴിയില്ലെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. സിപിഎമ്മിനും എൽഡിഎഫിനും സമരം തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഗുണം ചെയ്‌തു. സമരത്തിന്‍റെ ഡിമാന്‍ഡിന് സർക്കാർ വഴങ്ങിയില്ല. ഏതെങ്കിലും തരത്തിലുള്ള കൊടുക്കൽ വാങ്ങലുകൾ നടത്തിയതായി തനിക്ക് സ്ഥിരീകരണം ഇല്ല.
ഡീൽ നടന്നിട്ടുണ്ടെങ്കിൽ അത് ഗൗരവതരമാണ്. പക്ഷേ അങ്ങനെയൊരു ഡീലിനെ കുറിച്ച് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും എൻകെ പ്രേമചന്ദ്രൻ വ്യക്തമാക്കി. പാനൂരിൽ ബോംബ് നിർമാണം നടന്നതുമായി ബന്ധപ്പെട്ട കൃത്യമായി വിശദീകരണം സിപിഎം നൽകിയിട്ടില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രക്തസാക്ഷി മണ്ഡപം പണിയുമ്പോൾ കുറെക്കൂടി സിപിഎം ബന്ധം സ്ഥിരീകരിക്കപ്പെടുന്നു. ഇതിന്‍റെ ഫലം വടകര തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.
Also Read :സോളാര്‍ സമരം: 'ജനങ്ങള്‍ക്ക് സിപിഎം വിശദീകരണം നല്‍കണം' ; തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ - Thiruvanchoor On Kerala Congress M