ശബരിമല ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: കേരളത്തിന്‍റെ അഞ്ചാം വിമാനത്താവളമായ ശബരിമല ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളത്തിന് കേന്ദ്ര അനുമതികള്‍ ലഭ്യമാകുന്ന മുറയ്ക്ക് സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പദ്ധതിയുടെ സാമൂഹിക ആഘാത പഠനം റിപ്പോര്‍ട്ട് പഠിക്കുന്നതിനായി നിയോഗിച്ച ഏഴംഗ സമിതിയുടെ ശുപാര്‍ശ പ്രകാരം 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. നാഷണല്‍ ഹൈവേയും പൈപ്പ് ലൈനും പോലെ എളുപ്പത്തില്‍ സാധ്യമക്കാനാവുന്നതല്ല വിമാനത്താവളമെന്നും മുഖ്യമന്ത്രി പറഞ്ഞു നിയമസഭയില്‍ പറഞ്ഞു.
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പദ്ധതിക്കായി സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിക്കുന്നതിനും, വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ഒരു ഏജന്‍സിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ് (Chief minister Pinarayi vijayan About Sabarimala Airport).
പദ്ധതിക്കായി ആരോഗ്യപരമായ സമീപനമാണ് ഇതുവരെയും കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. പദ്ധതിയുടെ സൈറ്റ് ക്ലിയറന്‍സ്, ഡിഫെന്‍സ് ക്ലിയറന്‍സ് എന്നിവ ലഭ്യമായിട്ടുണ്ട്. സുരക്ഷ ക്ലിയറന്‍സിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലാണ് ഉള്ളത്.
പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന് കേന്ദ്ര വന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കണം. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.