കേരളം

kerala

ETV Bharat / state

നിപ വൈറസ് സ്ഥിരീകരണം: പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ 214 പേര്‍, റൂട്ട് മാപ്പ് ഉടന്‍ - Nipah Virus Primary Contact List - NIPAH VIRUS PRIMARY CONTACT LIST

നിപ പ്രതിരോധത്തിന്‌ സംസ്ഥാനം സജ്ജമാണെന്ന്‌ മന്ത്രി വീണ ജോര്‍ജ്, സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ഐസൊലേഷനിലിരിക്കണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചു.

NIPAH CONFIRMED IN KOZHIKODE  നിപ വൈറസ് പ്രാഥമിക സമ്പര്‍ക്കം  നിപ വൈറസ് സ്ഥിരീകരണം  കോഴിക്കോട് നിപ വൈറസ്
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 20, 2024, 10:20 PM IST

Updated : Jul 20, 2024, 11:05 PM IST

കോഴിക്കോട്‌: നിപ വൈറസ് സ്ഥിരീകരിച്ച പതിനാലുകാരന്‍റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേര്‍. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചു. ഇതുകൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ചു.

നിപ ബാധിച്ച 14 കാരന്‍റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. മാപ്പിലെ സ്ഥലങ്ങളിലുണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു. ഹൈറിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കും. രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

നിപ രോഗ ലക്ഷണങ്ങളുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കേണ്ടതാണ്. പനിയോടൊപ്പം തലവേദന, ചുമ, ശ്വാസ തടസം, ശ്വാസം മുട്ടല്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്‍റെ പ്രത്യേകതയാണ്.

ജില്ലയില്‍ പൊതുയിടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കോണ്ടാക്‌ട്‌ ലിസ്റ്റിലുള്ളവര്‍ ഐസൊലേഷനിലായിക്കണം. ഒരു വീട്ടില്‍ ഒരാള്‍ കോണ്ടാക്‌ട്‌ ലിസ്റ്റില്‍ ഉള്ളൂവെങ്കില്‍ പോലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാന്‍ പാടില്ല. ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. ഏതെങ്കിലും തരത്തില്‍ ആശങ്കയുള്ളവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുകയും വേണം.

Last Updated : Jul 20, 2024, 11:05 PM IST

ABOUT THE AUTHOR

...view details