കേരളം

kerala

ETV Bharat / state

നിപ ബാധിച്ച് കേരളത്തിൽ ഇതുവരെ മരിച്ചത് 22 പേർ; വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം - NIPAH VIRUS OUTBREAKS KERALA - NIPAH VIRUS OUTBREAKS KERALA

ഇത്തവണത്തേതുൾപ്പെടെ കേരളത്തിൽ ഇതുവരെ 6 തവണയാണ് നിപ പൊട്ടിപ്പുറപ്പെട്ടത്. 2018 ൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചതിനാൽ പിന്നീടുള്ള വൈറസ് ബാധകളിൽ രോഗം അധികം പടരാതെ ശ്രദ്ധിക്കാനും മരണസംഖ്യ നിയന്ത്രിക്കാനും സാധിച്ചിരുന്നു.

NIPAH VIRUS DEATH KERALA  NIPAH HISTORY AND TRANSMISSION  NIPAH SYMPTOMS PRECAUTIONS  NIPAH OUTBREAK MALAPPURAM
Nipah (ETV Bharat)

By ETV Bharat Kerala Team

Published : Sep 16, 2024, 7:33 PM IST

വീണ്ടും ഒരിടവേളക്ക് ശേഷം കേരളത്തിൽ നിപ ഭീഷണി ഉയർന്നിരിക്കുകയാണ്. മലപ്പുറത്താണ് ഇത്തവണ രോഗം സ്ഥിരീകരിച്ചത്. കൃത്യമായ ചികിത്സ ലഭ്യമല്ലാത്ത അസുഖം ആരോഗ്യമേഖലക്ക് വലിയ വെല്ലുവിളിയുയർത്തുന്നുണ്ട്. അസുഖ ബാധിത മേഖലയിൽ ആരോഗ്യവകുപ്പിന്‍റെ സർവേ ആരംഭിച്ചു കഴിഞ്ഞു.

കേരളത്തിൽ ഇതുവരെ 6 തവണയാണ് നിപ പൊട്ടിപ്പുറപ്പെട്ടത്. 2018 ൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചതിനാൽ പിന്നീടുള്ള വൈറസ് ബാധകളിൽ രോഗം അധികം പടരാതെ ശ്രദ്ധിക്കാനും മരണസംഖ്യ നിയന്ത്രിക്കാനും സാധിച്ചിരുന്നു. നിപ ബാധയുടെയും മരണങ്ങളുടെയും ഇതുവരെയുള്ള കണക്കുകൾ ഇപ്രകാരമാണ്.

Nipah Statistics (ETV Bharat)
  • വൈറസിന്‍റെ ഉറവിടം

2021ൽ കോഴിക്കോട് ജില്ലയിലെ രണ്ട് പഴംതീനി വവ്വാലുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിപ വൈറസ് ആൻ്റിബോഡികൾ എൻഐവി പുണെ ഇൻസ്‌റ്റിറ്റ്യൂട്ട് കണ്ടെത്തിയിരുന്നു. ഈ സസ്‌തനികളാണ് വൈറസിൻ്റെ ഉറവിടം എന്നാണ് കരുതുന്നത്. രോഗം ബാധിച്ച പഴംതീനി വവ്വാലുകൾ പന്നി, പട്ടി, പൂച്ച, ആട്, കുതിര, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളിലേക്ക് രോഗം പരത്തുന്നതായും പഠനങ്ങളുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ പ്രജനനം നടത്തുന്ന ഈ വവ്വാലുകളിൽ നിന്നാണ് മനുഷ്യർക്കും രോഗം പടരുന്നതെന്നാണ് കരുതുന്നത്.

2024 ജൂലൈയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള 14 വയസുള്ള രോഗബാധിതനായ ആൺകുട്ടി വവ്വാലുകളുള്ള സമീപസ്ഥലത്ത് നിന്ന് അമ്പഴങ്ങ കഴിച്ചതായുള്ള റിപ്പോർട്ടുകളും ഈ സംശയങ്ങളെ ബലപ്പെടുത്തുന്നു. ജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥകള്‍ നഷ്‌ടപ്പെടുന്നത് മൂലം മൃഗങ്ങൾ മനുഷ്യരുമായി കൂടുതൽ അടുത്ത് ജീവിക്കുന്നതാണ് വൈറസ് ബാധ അധികമാകാൻ കാരണമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

  • ലക്ഷണങ്ങൾ

ചുമ, തലവേദന, തൊണ്ടവേദന, വയറിളക്കം, ഛർദ്ദി, ശ്വസന ബുദ്ധിമുട്ടുകൾ തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ശരീരത്തിന് ബലക്കുറവും പേശി വേദനയും അനുഭവപ്പെട്ടേയ്ക്കാം. രോഗം മൂർച്ഛിച്ചാൽ മസ്‌തിഷ്‌കജ്വരം, തലച്ചോറിൽ വീക്കമുണ്ടാകുന്ന എൻസെഫലൈറ്റിസ് എന്ന അവസ്ഥകള്‍ വരെ എത്തിയേക്കാം. അതേസമയം വൈറസ് ബാധിച്ചാലും ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാവില്ല.

  • രോഗനിർണയം

മൂക്കിലെയോ തൊണ്ടയിലെയോ സ്രവം, സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (സിഎസ്എഫ്), മൂത്രം, രക്തം എന്നിവയുടെ ആർടിപിസിആർ (പോളിമറേസ് ചെയിൻ റിയാക്ഷൻ) പരിശോധനയിലൂടെ നിപ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിയും. ELISA ടെസ്‌റ്റ് വഴി ആൻ്റിബോഡി പരിശോധനയിലൂടെയും ഡോക്‌ടർമാർക്ക് രോഗനിർണയം നടത്താനാകും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

  • മുൻകരുതലുകൾ

പക്ഷികളോ മൃഗങ്ങളോ കടിച്ച പഴങ്ങൾ ഒഴിവാക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. രോഗികളുമായും സമ്പർക്ക സാധ്യതയുള്ള ആളുകളുമായും ഇടപെടലുകൾ പൂർണമായും ഒഴിവാക്കണം. വാക്‌സിൻ ലഭ്യമല്ലാത്തത് കൊണ്ട് തന്നെ പ്രതിരോധം മാത്രമാണ് അസുഖത്തെ ഇല്ലാതാക്കാനുള്ള ഒരേ ഒരു വഴി. രോഗലക്ഷണങ്ങൾക്ക് മാത്രമാണ് ചികിത്സ നൽകാനാകുക.

  • ജില്ലാ കളക്‌ടറുടെ പ്രധാന നിർദ്ദേശങ്ങൾ

നിപ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി. കണ്ടെയ്ൻമെൻ്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകളിലും മമ്പാട് 7-ാം വാർഡിലും നിയന്ത്രണങ്ങൾ നിലവിൽ വന്നു. പൊതുജനങ്ങൾ ഒത്തുകൂടുന്ന തിയേറ്ററുകൾ, സ്‌കൂളുകൾ, കോളേജുകൾ ഉൾപ്പെടെയുള്ള പൊതുവിടങ്ങൾ അടച്ചിടാനും നിർദേശമുണ്ട്.

ഈ പ്രതിസന്ധി ഘട്ടത്തെയും നമുക്ക് അതിജീവിക്കേണ്ടതുണ്ട്. ഇതിനായി കൃത്യമായ മുൻകരുതലുകൾ എടുക്കാനും സർക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നിർദേശങ്ങൾ അനുസരിക്കാനും നാം ബാധ്യസ്ഥരാണ്.

Also Read:രോഗ ലക്ഷണമുള്ളവരോടൊപ്പം നിപയുടെ ഉറവിടവും കണ്ടെത്താന്‍ സര്‍വേ; ആരോഗ്യ വകുപ്പിന്‍റെ ചോദ്യാവലികള്‍ ഇങ്ങനെ

ABOUT THE AUTHOR

...view details