കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസോലേഷൻ വാർഡ് സജ്ജമാക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ട്. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് മലപ്പുറം സ്വദേശിയായ പതിനാലുകാരനെ മാറ്റിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജില്‍ ഐസൊലേഷൻ വാർഡ് സജ്ജമാക്കുന്നതിന് കാലതാമസം നേരിട്ടതോടെ രോഗബാധിതനായ കുട്ടി അര മണിക്കൂറോളം ആംബുലൻസില്‍ കാത്തിരിക്കേണ്ടി വന്നു.
കുട്ടിയെ മാറ്റുന്നതിനായി മെഡിക്കല്‍ കോളജ് അധികൃതർക്ക് അറിയിപ്പ് ലഭിക്കാൻ വൈകിയതും കേരള ഹെല്‍ത്ത് റിസർച്ച് വെല്‍ഫെയർ സൊസൈറ്റിയുടെ (കെ.എച്ച്‌ആർഡബ്ല്യുഎസ്) നിസഹകരണവുമാണ് കാലതാമസം ഉണ്ടാക്കിയത്. ആരോഗ്യനില ഗുരുതരമായ സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാൻ എത്തിച്ചത്. എന്നാല്‍ മെഡിക്കല്‍ കോളജിലെ മുന്നൊരുക്കങ്ങളിലുണ്ടായ വീഴ്‌ചമൂലം ഐസൊലേഷൻ വാർഡൊരുക്കുന്നത് താമസം സംഭവിച്ചു.
ഐസൊലേഷൻ വാർഡാക്കിയ കെഎച്ച്‌ആർഡബ്ല്യുഎസിന്‍റെ പേവാർഡ് സജ്ജീകരിക്കാനാണ് താമസമുണ്ടായത്. ഒടുവില്‍ ചുറ്റിക ഉപയോഗിച്ച് പൂട്ടുപൊളിച്ചാണ് നിപ ബാധിച്ച കുട്ടിക്കു വേണ്ടി ഐസൊലേഷൻ വാർഡ് സജ്ജമാക്കിയത്. ആദ്യം പോവാർഡിലെ ആളുകളെ ഒഴിപ്പിക്കുകയും അതിനുശേഷം കെഎച്ച്‌ആർഡബ്ല്യുഎസില്‍ നിന്ന് പേവാർഡിലെ ഐസൊലേഷൻ മുറിയുടെ താക്കോല്‍ ലഭിക്കാത്തതിനെ തുടർന്ന് ചുറ്റിക ഉപയോഗിച്ച് പൂട്ടുപൊളിക്കേണ്ടി വരുകയായിരുന്നു.
കൊവിഡ് കാലത്തിന് ശേഷം മാസങ്ങളായി പൂട്ടിക്കിടന്ന ഐസൊലേഷൻ വാർഡ് പിന്നീടാണ് വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കിയത്. മെഡിക്കല്‍ കോളജിലെ ശുചീകരണത്തൊഴിലാളികളും ജീവനക്കാരും ഒത്തൊരുമിച്ച് ശ്രമിച്ചതിനാലാണ് കാലതാമസം കുറയ്ക്കാൻ സാധിച്ചത്. അടിയന്തര സാഹചര്യത്തില്‍ കെഎച്ച്‌ആർഡബ്ല്യുഎസ് വരുത്തിയ അലംഭാവമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.