തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ആശങ്കയും പടര്‍ന്നിരിക്കുന്നു. മലപ്പുറം പാണ്ടിക്കാട് നിന്നുള്ള പതിനാലുകാരനിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വയനാട്ടിലേക്ക് സ്‌കൂളിൽ നിന്നും നടത്തിയ വിനോദ യാത്രക്കിടെയാണ് വൈറസ് ബാധയുണ്ടായത് എന്നാണ് സംശയിക്കുന്നത്. മലപ്പുറത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂമും തുറന്നു.
കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത് അഞ്ചാംവട്ടം
കേരളത്തിലിത് അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. 2018 മെയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വെെറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് അസുഖം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അസുഖം ബാധിച്ച 19 പേര്‍ മരിക്കുകയും ചെയ്‌തിരുന്നു. മലയാളികളെ മുൾമുനയിൽ നിർത്തിയ നിപ വൈറസിന്‍റെ ആദ്യവരവിന് ആറു വർഷം തികഞ്ഞത് കഴിഞ്ഞ മേയിലായിരുന്നു.
2018 മേയ് 17 ന് ആണ് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഒരാൾക്ക് നിപ രോഗബാധയാണെന്ന സംശയത്തെ തുടർന്ന് ഡോക്‌ടർമാർ സ്രവം പരിശോധനയ്ക്ക് അയച്ചത്. സംസ്ഥാനത്ത് ആദ്യമായി നിപ രോഗബാധ തിരിച്ചറിഞ്ഞത് ആ പരിശോധനയിലൂടെയാണ്. ആറു വർഷത്തിനിടെ നാലു തവണ കൂടി സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ചു. 2018, 2019, 2021, 2023 വർഷങ്ങളിൽ. 2023 സെപ്റ്റംബറിലായിരുന്നു ഒടുവിൽ രോഗബാധ സ്ഥിരീകരിച്ചത്.
നിപയുടെ ചരിത്രം
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന സൂനോറ്റിക് രോഗമാണ് നിപ എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 1999ല്‍ മലേഷ്യയിലാണ് നിപ അദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പന്നി കര്‍ഷകരിലാണ് വൈറസ് ആദ്യം കണ്ടെത്തിയത്. 2001ല്‍ ബംഗ്ലാദേശിലും നിപ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. വവ്വാലുകളുടെ വിസര്‍ജ്യം വീണ മദ്യം ഉപയോഗിച്ചവരിലാണ് രോഗം സ്ഥിരീകരിച്ചത്.
നിപ പകരുന്നത് എങ്ങനെ? ലക്ഷണങ്ങള്‍ എന്തെല്ലാം? സ്ഥിരീകരിക്കുന്നത് എങ്ങനെ?
വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരുന്ന വൈറസുകളാണ് നിപ. പ്രധാനമായും വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്‌ഠം, ഉമിനീര്‍, മൂത്രം എന്നിവ കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും കഴിക്കുന്നതിലൂടെ വൈറസ് മനുഷ്യനിലെത്താം. ഇതിന് പുറമെ വവ്വാലുകളില്‍ നിന്ന് മറ്റ് മൃഗങ്ങളിലേക്കും വൈറസ് പടരാം. അവയില്‍ നിന്നും മനുഷ്യനിലേക്ക് ഈ വൈറസ് ബാധിച്ചേക്കാം. പിന്നീട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും വൈറസ് പടരാം.
പനിയോട് കൂടിയ ശരീര വേദന, തലവേദന, ബോധക്ഷയം, മുതലായവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, കാഴ്‌ചമങ്ങല്‍ തുടങ്ങിയ അപൂര്‍വ ലക്ഷണങ്ങളും ഉണ്ടാകാം.
വൈറസ് ശരീരത്തില്‍ പ്രവേശിച്ച നാല് മുതല്‍ പതിനാല് ദിവസത്തിനിടെ ലക്ഷണങ്ങള്‍ പ്രകടമാക്കും. ചില സാഹചര്യങ്ങളില്‍ ഇത് 21 ദിവസം വരെയാകാം. രക്തം, മൂത്രം, തൊണ്ടയില്‍ നിന്നുള്ള സ്രവം വേണ്ടി വന്നാല്‍ നട്ടെല്ലില്‍ നിന്നും കുത്തിയെടുത്ത ഫ്ലൂയിഡ് എന്നിവയാണ് സാധാരണയായി പരിശോധനയ്ക്ക് അയക്കുന്നത്.
രോഗാവസ്ഥ പ്രകടിപ്പിച്ച് ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോമയിലാകാന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാകാനും വലിയ സാധ്യതയാണ് ഉള്ളത്. രോഗം ശ്വാസ കോശത്തെയും ബാധിക്കാം.
രോഗം പകരുന്ന് എങ്ങനെ?
സുരക്ഷിത മാര്‍ഗങ്ങള്‍ ഇല്ലാതെ രോഗബാധിതരെ പരിചരിക്കുന്നതിലൂടെ രോഗം പകരാം. രോഗബാധിതരുടെ ശരീരസ്രവങ്ങളില്‍ നിന്നും രോഗബാധയുണ്ടാകാം. രോഗി ഉപയോഗിച്ച വസ്‌ത്രങ്ങളും സാധനസാമഗ്രികളും അശ്രദ്ധമായി ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാം. രോഗബാധിതരെ സുരക്ഷിത മാര്‍ഗങ്ങള്‍ അവലംബിക്കാതെ സന്ദര്‍ശിക്കുന്നതിലൂടെയും രോഗബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. രോഗം വന്ന് മരിച്ചവരുടെ മൃതശരീരം സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ കൈകാര്യം ചെയ്യുന്നതും രോഗം ബാധിക്കാനിടയാക്കും.
രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍
നിപ ബാധിച്ചവരെ പരിചരിക്കുന്നവര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കേണ്ടതാണ്. ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രോഗിയില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക.
രോഗി ഉപയോഗിക്കുന്ന വസ്‌തുക്കള്‍ വേര്‍തിരിച്ച് സൂക്ഷിക്കുകയും വൃത്തിയാക്കുകയും ചെയ്യുക. പക്ഷികളോ, മൃഗങ്ങളോ തൊട്ട പഴങ്ങള്‍ കഴിക്കരുത്. പൊട്ടിയതും പോറല്‍ ഉള്ളതുമായ പഴങ്ങളും ഒഴിവാക്കുക. തുറന്നതും മൂടിവയ്ക്കാത്തതുമായ കലങ്ങളില്‍ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കുക.
കിണറുകള്‍ അടക്കമുള്ള ജലസ്രോതസുകളില്‍ വവ്വാലുകളുടെ കാഷ്‌ഠം മൂത്രം മറ്റ് ശരീരസ്രവങ്ങള്‍ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കുക. വളര്‍ത്തുമൃഗങ്ങളുടെ ശരീര സ്രവങ്ങള്‍ വിസര്‍ജ്യ വസ്‌തുക്കള്‍ എന്നിവയുമായി സമ്പര്‍ക്കം ഉണ്ടാകാതെ സൂക്ഷിക്കുക. മുയല്‍, വവ്വാല്‍, പന്നി മുതലായ മൃഗങ്ങളുമായി ഇടപഴകുമ്പോഴും എന്‍95 മാസ്‌ക് ധരിക്കുക. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകുക.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക. രോഗം മൂര്‍ച്ഛിക്കുന്നത് അനുസരിച്ച് ഛര്‍ദ്ദി, സ്ഥല കാല ബോധമില്ലായ്‌മ, മാനസിക വിഭ്രാന്തി, അപസ്‌മാരം, ബോധക്ഷയം, ശ്വാസ തടസം എന്നിവയുണ്ടാകാം. യഥാസമയം കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.
Also Read:കേരളത്തില്‍ വീണ്ടും നിപ; കോഴിക്കോട് ചികിത്സയിലുള്ള 14-കാരന് രോഗം സ്ഥിരീകരിച്ചു, കണ്‍ട്രോള്‍ റൂം തുറന്നു