തിരുവനന്തപുരം:നെയ്യാറ്റിന്‍കരയിലെ മണിയന്‍ എന്ന ഗോപന്‍ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ആറാലുംമൂട് സ്വദേശി 69 കാരനായ ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന് കാണിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സംസ്‌കരിച്ച കല്ലറ തുറന്ന് പരിശോധിക്കാന്‍ തിരുവനന്തപുരം ജില്ലാ കലക്‌ടര്‍ അനു കുമാരി ഉത്തരവിട്ടിരുന്നു.
പരിശോധനാ നടപടികള്‍ക്ക് മേല്‍ നോട്ടം വഹിക്കാന്‍ സബ് കലക്‌ടര്‍ ആല്‍ഫ്രഡിനെ ചുമതലപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ വന്‍ പോലീസ് സന്നാഹത്തോടെ സ്ഥലത്തെത്തി കല്ലറ പൊളിക്കാന്‍ നടത്തിയ നീക്കത്തിനെതിരെ ഗോപന്‍ സ്വാമിയുടെ കുടുംബവും ചില ഹിന്ദു സംഘടനകളും രംഗത്തെത്തിയതോടെ ആര്‍ ഡി ഒയ്ക്കും സംഘത്തിനും നടപടിയില്‍ നിന്ന് പിന്മാറേണ്ടി വന്നു.
അച്ഛന്‍ നടന്നു പോയി കല്ലറയിലിരുന്നാണ് സമാധിയായതെന്നും പിന്നീട് തങ്ങള്‍ പത്മപീഠത്തിലിരുത്തി അദ്ദേഹം തന്നെ വര്‍ഷങ്ങള്‍ക്കു മുമ്പ് പണിതു വച്ച കോണ്‍ക്രീറ്റ് അറയില്‍ സംസ്‌കരിക്കുകയായിരുന്നു എന്നുമാണ് മക്കള്‍ പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്നാല്‍ വൈകുണ്‌ഠ ഏകാദശി ദിവസത്തിന് മുമ്പ് സമാധിയിരുത്തിയാല്‍ പുണ്യം ലഭിക്കുമെന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ മരിക്കും മുമ്പ് സമാധിയിരുത്തിയെന്നാണ് നാട്ടുകാരില്‍ ഒരു വിഭാഗത്തിന്‍റെ ആക്ഷേപം. മരണ വിവരം ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും അയല്‍വാസികളില്‍ നിന്നു പോലും മറച്ചു വച്ചതിനെ തുടര്‍ന്ന് ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന് കാട്ടി നാട്ടുകാരായ രണ്ട് പേര്‍ കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് മിസ്സിങ് കേസെടുക്കുകയായിരുന്നു.
തുടര്‍ന്നാണ് സംഭവത്തില്‍ സംശയം നീക്കാന്‍ കല്ലറ പൊളിക്കാന്‍ തിരുവനന്തപുരം ജില്ലാ കലക്‌ടര്‍ നിര്‍ദേശം നല്‍കിയത്. പൊലീസ് മിസ്സിങ് കേസാണ് എടുത്തിട്ടുള്ളത്. മൃതദേഹം കല്ലറയിലുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു ഉത്തരവ്. മൃതദേഹം ലഭിക്കുകയാണെങ്കില്‍ മരണ കാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികളിലേക്കും കടക്കാനിരിക്കുകയായിരുന്നു.
ഇതിനായി നെയ്യാറ്റിന്‍കര ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പൊലീസും ആര്‍ ഡി ഒയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഫോറന്‍സിക് വിദഗ്‌ധരും സയന്‍റിഫിക് എക്സ്പേര്‍ട്ടുകളും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ മക്കളും ഭാര്യയുമടക്കമുള്ള ബന്ധുക്കളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കല്ലറ തുറക്കാനായില്ല.
വര്‍ഷങ്ങളായി സ്വന്തം വീടിനോടു ചേര്‍ന്ന് കൈലാസനാഥ മഹാ ക്ഷേത്രം എന്ന പേരില്‍ ക്ഷേത്രം സ്ഥാപിച്ച് ഗോപന്‍ സ്വാമി അവിടെ പൂജകള്‍ നടത്തി വരികയായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് തന്നെ വീട്ടുവളപ്പില്‍ സമാധി സ്ഥലവും സമാധിയിരുത്താനുള്ള പത്മപീഠവും ഒരുക്കി വെച്ചിരുന്നു.