ന്യൂഡല്‍ഹി: രാജ്യത്തെ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ട സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ശാസ്‌ത്രജ്ഞരോട് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കാലാവസ്ഥാ ശാസ്‌ത്രത്തിലുണ്ടായ മുന്നേറ്റങ്ങള്‍ പ്രകൃതി ദുരന്തങ്ങളില്‍ നഷ്‌ടപ്പെടുന്ന ജീവനുകളുടെ എണ്ണം കുറയ്ക്കാന്‍ സഹായകമായെന്നും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്‍റെ 150 -ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാലാവസ്ഥ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള സാങ്കേതികത സംവിധാനമായ മിഷന്‍ മൗസവും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു. മെച്ചപ്പെട്ട രീതിയില്‍ കാലാവസ്ഥയെയും കാലാവസ്ഥ പ്രക്രിയയെയും മനസിലാക്കുന്നതിനും, വായു മലിനീകരണത്തോത് മനസിലാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. അന്തരീക്ഷത്തിലെ മലിനീകരണതോതിനെ സംബന്ധിച്ച വിവരങ്ങളും ഇതിലൂടെ പങ്കുവയ്ക്കാന്‍ സാധിക്കും. ഇതനുസരിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാലാവസ്ഥ കൈകാര്യം ചെയ്യാനും ഇടപെടലുകള്‍ നടത്താനുമാകും.
ദുരന്തങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിൽ കാലാവസ്ഥാ വകുപ്പ് വലിയ പിന്തുണയാണ് രാജ്യത്തിന് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകൃതി ദുരന്തങ്ങളുടെ ആഘാതങ്ങള്‍ കുറയ്ക്കണമെങ്കില്‍ കാലാവസ്ഥ വകുപ്പിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശാസ്‌ത്രരംഗത്തെ നേട്ടങ്ങളും ഇതിന്‍റെ മുഴുവന്‍ കരുത്തും ഉപയോഗപ്പെടുത്താനാകുന്നതുമാണ് രാജ്യത്തിന്‍റെ ആഗോള വിശ്വാസ്യത രൂപപ്പെടുത്തുന്നതിന്‍റെ ആണിക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂകമ്പങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനങ്ങളില്‍ ശാസ്‌ത്രജ്ഞരും ഗവേഷകരും കൂടുതല്‍ പഠനങ്ങള്‍ക്ക് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
"കാലാവസ്ഥ സാങ്കേതികതയിലുണ്ടായ മുന്നേറ്റം നമ്മുടെ രാജ്യം ദുരന്ത കൈകാര്യം ചെയ്യുന്നതിൽ നിര്‍ണായകമായ മെച്ചപ്പെടുത്തലുകള്‍ക്ക് സഹായകമായി. ഇത് നമ്മുടെ രാജ്യത്തിന് മാത്രമല്ല ആഗോളസമൂഹത്തിനും ഏറെ ഗുണകരമായി. നമ്മുടെ വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനങ്ങള്‍ അയല്‍രാജ്യങ്ങള്‍ക്കും സഹായകമാകുന്നു. നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഇത് സഹായകമായത്. അയല്‍രാജ്യങ്ങളില്‍ ദുരന്തമുണ്ടായാല്‍ സഹായവുമായെത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു."- പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ 'ഐഎംഡി വിഷന്‍ 2047' മാർഗരേഖയും പ്രധാനമന്ത്രി ചടങ്ങില്‍ പുറത്തിറക്കി. കാലാവസ്ഥ വകുപ്പിന്‍റെ 150 -ാ മത് വാര്‍ഷികാനുസ്‌മരണികയായി ഒരു നാണയവും പുറത്തിറക്കി.
ലോക കാലാവസ്ഥ വകുപ്പ് സെക്രട്ടറി ജനറല്‍ കെലസ്റ്റെ സൗലോ, ഭൗമശാസ്‌ത്ര വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ്, ഭൗമശാസ്‌ത്ര സെക്രട്ടറി എം രവിചന്ദ്രന്‍, കാലാവസ്ഥ വകുപ്പ് മേധാവി മ്യുത്യുഞ്ജയ് മോഹപാത്ര തുടങ്ങിയ പ്രമുഖരും പരിപാടിയുടെ ഭാഗമായി.