ഐഎസ്ആര്‍ഒയുടെ പത്താമത്തെ ചെയർമാനായിരുന്ന എസ്. സോമനാഥ് പടിയിറങ്ങി. മൂന്നു വർഷത്തെ സേവനത്തില്‍ നിരവധി അഭിമാന ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് സോമനാഥ് പടിയിറങ്ങിയത്. ചന്ദ്രയാൻ-3 ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത് ഉള്‍പ്പെടെയുള്ള സുപ്രധാന ദൗത്യങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.
1985ലായിരുന്നു എസ് സോമനാഥ് ഐഎസ്ആർഒയിൽ ചേർന്നത്, പ്രൊജക്‌ട് മാനേജർ-പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി), സ്ട്രക്ചേഴ്‌സ് എന്‍റിറ്റി/പ്രൊപ്പൽഷൻ & സ്പേസ് ഓർഡനൻസ് എന്‍റിറ്റിയുടെ ഡെപ്യൂട്ടി ഡയറക്‌ടര്‍, ജിയോസിൻക്രണസ് വെഹിക്കിൾ ലോഞ്ച് പ്രൊജക്‌ട് ഡയറക്‌ടര്‍ തുടങ്ങി എൽപിഎസ്സിയിലും വിഎസ്എസ്സിയിലും നിരവധി പദവികളില്‍ അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) പദ്ധതിക്ക് നേതൃത്വം നല്‍കിയത് സോമനാഥായിരുന്നു. ബഹിരാകാശ മേഖലയിൽ 35 വർഷത്തിലേറെ പരിചയമുള്ള എയ്‌റോസ്‌പേസ് എഞ്ചിനീയറാണ് സോമനാഥ്.
ഐഎസ്ആർഒ ചെയർമാനെന്ന നിലയിൽ എസ് സോമനാഥിൻ്റെ സുപ്രധാന നേട്ടങ്ങള്‍
2022 ജനുവരി 14-നാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്‍റെ (ISRO) ചെയർമാനായി അദ്ദേഹം ചുമതലയേറ്റത്. വിക്രം സാരാഭായ് സ്‌പേസ് സെൻ്റർ (വിഎസ്എസ്‌സി), ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ (എൽപിഎസ്‌സി) എന്നിവയുടെ ഡയറക്‌ടര്‍ ഉൾപ്പെടെ ഐഎസ്ആർഒയിൽ നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ "സ്പേസ് ഗോൾഡ് മെഡൽ" നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം.
ഐഎസ്ആർഒയുടെ ചെയർമാനെന്ന തന്‍റെ പുതിയ റോളിൽ അഭിമാനകരമായ ദൗത്യങ്ങളാണ് അദ്ദേഹം നിറവേറ്റിയത്. ചന്ദ്രയാൻ-3, ആദിത്യ-എൽ1, ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്‍റെ (എസ്എസ്എൽവി), പുനരുപയോഗിക്കാവുന്ന ലാൻഡിങ് വെഹിക്കിൾ പുഷ്‌പക്, ഇന്ത്യയുടെ ആദ്യത്തെ ക്രൂഡ് ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാൻ എന്നിവ വികസിപ്പിച്ചത് ഉൾപ്പെടെ നിരവധി ഉന്നത ദൗത്യങ്ങൾ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഇസ്രോ വിജയകരമായി നടത്തി.
2023 ഓഗസ്റ്റ് 23-ന് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്‌റ്റ് ലാൻഡിങ് നടത്തിയ ആദ്യത്തെ രാജ്യമായി ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്താൻ സോമനാഥിന് കഴിഞ്ഞു. ചന്ദ്രയാൻ-3 ദൗത്യമാണ് സോമനാഥിന്‍റെ കരിയറിലെ പൊൻതൂവലായി അറിയപ്പെടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചന്ദ്രയാൻ -3 ന് ശേഷം, സൂര്യൻ്റെ പുറം പാളികളെക്കുറിച്ചും കാലാവസ്ഥയെ കുറിച്ചും പഠിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ആദ്യത്തെ സൗരോർജ്ജ ദൗത്യമായ ആദിത്യ-എൽ 1 ഐഎസ്ആർഒ വിക്ഷേപിച്ചു. ഈ ദൗത്യങ്ങൾക്ക് പുറമേ, ഗഗൻയാൻ ദൗത്യത്തിലൂടെ മനുഷ്യ ബഹിരാകാശ യാത്രയിലെ പുരോഗതി സോമനാഥ് മേൽനോട്ടം വഹിച്ചു. 2025-ഓടെ ഇന്ത്യൻ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് അയയ്‌ക്കാനാണ് ഈ ദാത്യം ലക്ഷ്യമിടുന്നത്. സോമനാഥ് ISRO ചെയര്‍മാനായിരിക്കെ നിരവധി നേട്ടങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു.
അതേസമയം, സോമനാഥ് പടിയിറങ്ങിയതോടെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും ഉയരുന്നത്. ഇത്രയും പ്രഗത്ഭനായ ഒരു ചെയര്‍മാന്‍റെ കാലാവധി നീട്ടിക്കൊടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇതുമായി ബന്ധപ്പെട്ട് ഡോക്യുമെന്‍ററി -ചലച്ചിത്ര സംവിധായകനും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വിനോദ് മങ്കര പങ്കുവച്ച ഒരു പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
തൊട്ടതെല്ലാം പൊന്നാക്കിയ ചെയര്‍മാന്‍റെ കാലാവധി നീട്ടാത്തതില്‍ വിമര്‍ശനം
കാലാവധി നീട്ടാത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെയും വിനോദ് മങ്കര രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. 'ഉച്ചത്തിൽ നിന്നു കത്തുന്ന സൂര്യനെ പൊട്ട കരിച്ചട്ടി കാണിച്ചു മറയ്ക്കുന്നതു പോലായി ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിന് ജോലി തുടർച്ച നൽകാതെ പിരിയാൻ അനുവദിച്ചത്. അതിൽ കേന്ദ്ര സർക്കാറിൻ്റെ അനീതി വ്യക്തമാണ്. തൊട്ടതെല്ലാം വിജയമാക്കിയ ഈ ചെയർമാൻ്റെ കാലത്ത് ആ സ്ഥാപനത്തിനുണ്ടായ വളർച്ചയും പെരുമയും അവഗണിച്ചത് അനീതി തന്നെ,' എന്ന് അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.
അസുഖം ശരീരത്തെ കാർന്നുതിന്നു കൊണ്ടിരിക്കുമ്പോഴും രാജ്യത്തിനു വേണ്ടി ഇത്രയും നിദാന്തനായ ഒരു ശാസ്‌ത്രജ്ഞൻ നമുക്കുണ്ടായിട്ടുണ്ടോ എന്നു സംശയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്‌ത്ര വീക്ഷണങ്ങളിൽ ഇത്രയും വ്യക്തത സൂക്ഷിച്ചതുകൊണ്ടായിരിക്കാം ഡോ. എസ്. സോമനാഥ് ഇത്ര പെട്ടെന്ന് ഇന്ത്യയിലെ സൂപ്പർ സ്റ്റാറായി മാറിയത്. ഇന്ത്യൻ ബഹിരാകാശ ശാസ്‌ത്ര മേഖലയിലെ സൂപ്പർ സ്റ്റാറാണ് സോമനാഥ് എന്ന് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനോട് ശാസ്‌ത്ര സാങ്കേതിക വകുപ്പു മന്ത്രി തന്നെ പരസ്യമായി പറഞ്ഞതാണ്.
ഇത്രയധികം ജനകീയനായ ഒരു ബഹിരാകാശ ശാസ്‌ത്രകാരനാണ് പിരിയുന്നത്. താരതമ്യേന കഴിവു കുറഞ്ഞ നേതാക്കൾക്കുപോലും ഭരണ തുടർച്ച അനുവദിച്ച കേന്ദ്ര സർക്കാർ നട്ടുച്ച സൂര്യനെപ്പോലെ കത്തി നിൽക്കുന്ന ഒരാളെ കൈവിട്ടത് ശരിയായില്ല. ഒരു വ്യക്തിയല്ല ഒരു സ്ഥാപനം എന്നു പറയുമ്പോഴും ഇദ്ദേഹം പടിയിറങ്ങുമ്പോൾ ഐ.എസ്.ആർ.ഒ യുടെ തുടർച്ചയായ വിജയങ്ങൾക്ക് സർക്കാർ തന്നെ കുഴി വെട്ടിയിരിക്കുന്നു എന്നാണ് പറയാൽ തോന്നുന്നതെന്നും വിനോദ് വിമര്‍ശിച്ചു.
Read Also: ഐസ്‌ആര്‍ഒയെ നയിക്കാൻ പുതിയ 'റോക്കറ്റ് മാൻ', ഡോ. വി നാരായണന്‍ ചുമതലയേറ്റു