എറണാകുളം :കൊച്ചിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതിയായ യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സംഗ കുറ്റം ചുമത്തിയേക്കും. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണെന്നാണ് സൂചന.
തൃശൂർ സ്വദേശിയും നർത്തകനുമായ യുവാവുമായി സമൂഹ മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. തങ്ങൾ തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും എന്നാൽ ഇയാൾ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് യുവതി മൊഴി നൽകിയത്.
യുവതിയുടെ ഫോൺ ഉൾപ്പടെ പരിശോധിച്ച് ഇത് ശരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം നവജാത ശിശുവിൻ്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നും കുഞ്ഞിൻ്റെ ശരീരത്തിൽ വലിയ ബലം പ്രയോഗിച്ചതായും പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇയൊരു സാഹചര്യത്തിൽ യുവതിക്കെതിരെ നരഹത്യ കുറ്റം ഉൾപ്പെടെ ചുമത്തിയ കേസിൽ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ആശുപത്രി വിടുന്ന മുറയ്ക്ക് കോടതിയിൽ ഹാജരാക്കി, പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
പ്രതിയായ യുവതി എംബിഎ വിദ്യാർഥി :യുവതി ഗർഭിണിയായ വിവരമോ പ്രസവിച്ച കുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞതോ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. പനമ്പിള്ളി ഫ്ലാറ്റ് സമുച്ചയത്തിൽ കഴിഞ്ഞ പതിനഞ്ച് വർഷമായി താമസിച്ചു വരുന്ന എറണാകുളം സ്വദേശിയായ ബിസിനസുകാരൻ്റെ ഏക മകൾ കൂടിയാണ് യുവതി. കൊച്ചിയിലെ പ്രശസ്‌തമായ വിദ്യാലയത്തിൽ നിന്ന് ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ ശേഷം ബെംഗളൂരുവിൽ നിന്നാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. ഇപ്പോൾ കൊച്ചിയിൽ തന്നെ എംബിഎ പഠനം തുടരുകയായിരുന്നു. യുവതിയുടെ അടുത്ത സുഹൃത്തുക്കൾക്ക് പോലും യുവതി പീഡനത്തിനിരയായ വിവരവും ഗർഭിണിയാണെന്ന കാര്യവും അറിയില്ലായിരുന്നു. ഒറ്റ മകളെന്ന പരിഗണനയിൽ മകൾക്ക് പൂർണ സ്വാതന്ത്ര്യം മാതാപിതാക്കൾ നൽകിയിരുന്നുവെന്ന് കൊച്ചിയിലെ ഇവരുടെ ഒരു കുടുംബ സുഹൃത്ത് ഇടിവി ഭാരതിനോട് പറഞ്ഞു.
കുഞ്ഞിനെ വലിച്ചെറിയുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് :വെള്ളിയാഴ്‌ച രാവിലെ എട്ട് മണിക്ക് ശേഷമാണ് ഇവരുടെ ഫ്ലാറ്റിന് മുന്നിലെ നടു റോഡിൽ കവറിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതു വഴി പോയ ഒരു വാഹനത്തിലെ ഡ്രൈവറും ശുചീകരണ തൊഴിലാളികളുമാണ് ഇതൊരു കുഞ്ഞിൻ്റെ മൃതദേഹമാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇതുവഴിയുള്ള ഗതാഗതം തടയുകയും സമീപത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങുകയുമായിരുന്നു. ഇതിനിടെ കുഞ്ഞിൻ്റെ മൃതദേഹം റോഡിലേക്ക് വീഴുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെ അന്വേഷണം സമീപത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പൊലീസ് ഊർജിതമാക്കി. ഫ്ലാറ്റ് സമുച്ചയത്തിലെ ആൾതാമസമില്ലാത്ത ഫ്ലാറ്റിൽ നിന്നും ആരെങ്കിലും എറിഞ്ഞതാണോയെന്ന സംശയവുമുണ്ടായിരുന്നു. ഈ ഫ്ലാറ്റുകളിലൊന്നും തന്നെ ഗർഭിണികൾ ഇല്ലെന്നായിരുന്നു ആശ വർക്കർമാരിൽ നിന്നും പൊലീസിന് വിവരം ലഭിച്ചത്.
പ്രതിയെ കുടുക്കിയത് ഓൺലൈൻ പാഴ്‌സൽ കവർ :എന്നാൽ മൃതദേഹം പൊതിഞ്ഞ കവറിൽ ഓൺലൈൻ വ്യാപാര കമ്പനിയുടെ അഡ്രസ് കിട്ടിയതോടെ പ്രതിയിലേക്ക് എത്താൻ വഴിയൊരുങ്ങുകയായിരുന്നു. ഈ പാഴ്‌സൽ വന്ന ഫ്ലാറ്റിൻ്റെ വിലാസം ഞൊടിയിടയിൽ പൊലീസ് കണ്ടെത്തി. ഇതോടെ അന്വേഷണം ഈ ഫ്ലാറ്റിലൊതുങ്ങുകയായിരുന്നു. പൊലീസെത്തി ഇവിടെ താമസിച്ചിരുന്ന വ്യാപാരിയേയും ഭാര്യയേയും ചോദ്യം ചെയ്തെങ്കിലും അവർക്ക് ഒന്നും അറിവില്ലായിരുന്നു. ഈ ഫ്ലാറ്റിൽ വേറെയാരുണ്ടെന്ന ചോദ്യത്തിന് തങ്ങളുടെ ഏക മകൾ മുറിയിലുണ്ടെന്ന് അവർ മൊഴി നൽകിയത്. ഈ മുറിയിൽ പ്രവേശിച്ച പൊലീസ് കണ്ടെത്തിയത് അവശനിലയിലായ പെൺകുട്ടിയെയായിരുന്നു. ശുചിമുറിയിൽ രക്തക്കറ കൂടി കണ്ടതോടെ സംഭവത്തിൻ്റെ ചുരുളഴിഞ്ഞു.
Also Read:നവജാത ശിശുവിൻ്റെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ ഫോൺ കസ്‌റ്റഡിയിലെടുത്ത് പൊലീസ്
പ്രതിയായ യുവതി അതിജീവിതയെന്ന് പൊലീസ് :ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ യുവതിയുടെ മൊഴിയെടുത്തതോടെ അവർ കുറ്റസമ്മതം നടത്തുകയായിരുന്നു. മാത്രവുമല്ല സംഭവത്തിലെ നിർണായക വഴിത്തിരിവായി താൻ പീഡനത്തിന് ഇരയായെന്ന് യുവതി മൊഴി നൽകുകയും ചെയ്‌തു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ് ശ്യാംസുന്ദർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്‌തു. യുവതിയെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലേക്കും കുഞ്ഞിൻ്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. യുവതിക്കെതിരെ കൊലപാതക കുറ്റവും പീഡനത്തിനിരയായ സംഭവത്തിൽ മറ്റൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്‌താണ് അന്വേഷണം മുന്നോട്ട് പോകുന്നത്.