തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിന് വിന്യസിക്കാനുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി. പതിവിന് വിപരീതമായി ഇത്തവണ തദ്ദേശ സ്ഥാപനങ്ങളാണ് അതാത് ജില്ലകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുതിയ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി.
വര്‍ഷങ്ങളായി റവന്യൂ വകുപ്പായിരുന്നു തെരഞ്ഞെടുപ്പിന് വിന്യസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് വന്നിരുന്നത്. ഇത്തവണ ഇത് തദ്ദേശ വകുപ്പിന് കൈമാറിക്കൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഈ മാസം 14 ന് ഉത്തരവിറക്കിയിരുന്നു.
''ഓര്‍ഡര്‍'' എന്ന പേരില്‍ ആരംഭിച്ച സോഫ്റ്റ്‌വെയര്‍ മുഖേനയാണ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിക്കേണ്ടത്. ഈ മാസം 21 ന് ഉച്ചയ്‌ക്ക് 12 മണി വരെയാണ് വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്താനുള്ള സമയം. സ്‌പാര്‍ക്ക് സോഫ്റ്റ്‌വെയറില്‍ നിലവിലുള്ള വിവരങ്ങള്‍ ഓര്‍ഡറിലേക്ക് മാറ്റുന്നതാണ് പ്രധാന ഉത്തരവാദിത്തം.
അതാത് തദ്ദേശ സ്ഥാപന മേധാവികള്‍ ഇതിനായി നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്. ഇതിനായി ഒന്നില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഒരു തദ്ദേശ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. 24 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുര്‍ണമായും സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തണം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കേണ്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരുടെ വിവരങ്ങള്‍ അതാത് തദ്ദേശ സ്ഥാപന മേധാവിയില്‍ നിന്നും സാക്ഷ്യപത്രമുള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കണം. 25നകം ഇത് പൂര്‍ത്തിയാക്കണം. തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് അതാത് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും വേണം.
ജോലി ഭാരം രണ്ടിരട്ടി : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വര്‍ഷങ്ങളായി റവന്യൂ വകുപ്പ് സുഗമമായി ശേഖരിച്ച് വരികയാണ്. മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യവും നിലവിലുള്ള സംവിധാനവും പാടേ അവഗണിച്ചാണ് ഇത്തവണ തദ്ദേശ വകുപ്പിന് ചുമതല നല്‍കിയിരിക്കുന്നത്.
Also Read: 42 വർഷം പഴക്കം ; കണ്ണൂര്‍ സ്‌പിന്നിങ് മില്‍ മതിൽക്കെട്ടില്‍ ഇന്നും മായാതെയൊരു തെരഞ്ഞെടുപ്പ് ചുവരെഴുത്ത്
തദ്ദേശ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വാഭാവികമായും കനത്ത ജോലി ഭാരം ഉദ്യോഗസ്ഥര്‍ നേരിടുന്നതിനിടെയാണ് ഇരട്ടി ജോലി ഭാരം നല്‍കുന്ന ഉത്തരവ് വരുന്നതെന്ന് തദ്ദേശ വകുപ്പിലെ ജീവനക്കാര്‍ ആരോപിക്കുന്നു. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇതിനായി ഒന്നിലധികം ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കേണ്ടി വരും. ഇത് അതാത് സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുമെന്നാണ് പരാതി. പഞ്ചായത്തുകളില്‍ ഉള്‍പ്പടെ പലയിടത്തും ആവശ്യമായ ഉദ്യോഗസ്ഥരില്ലാത്തതും വലിയ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും ആരോപണമുണ്ട്.