കേരളം

kerala

ETV Bharat / state

ആര്‍ക്കും വന്നിരിക്കാം അറിവ് നേടാം; വായനയുടെ പുതിയ വാതായനങ്ങള്‍ തുറന്ന് പുതിയങ്ങാടിയിലെ എകെജി ഭവന്‍

പുതിയങ്ങാടിയിലെ എകെജി ഭവനില്‍ ഇനി മുതല്‍ ആര്‍ക്കും കയറി ചെല്ലാം. 3000ത്തിലധികം പുസ്‌തകങ്ങളുമായി ലൈബ്രറി തുറന്നു.

NEW GEN CPM OFFICE  പുതിയങ്ങാടിയിലെ എകെജി ഭവന്‍  സിപിഎം ലൈബ്രറി കോഴിക്കോട്  പുതിയങ്ങാടി സിപിഎം പാർട്ടി ഓഫിസ്
CPM Office And Library Puthiyangadi (ETV Bharat)

By ETV Bharat Kerala Team

Published : 6 hours ago

കോഴിക്കോട്: പാർട്ടി നേതാക്കളും പ്രവർത്തകരും മാത്രം തമ്പടിച്ചിരുന്ന സിപിഎം പാർട്ടി ഓഫിസിൽ ഇനി ആർക്കും ധൈര്യമായി കയറിയിരിക്കാം. പുതിയങ്ങാടിയിലെ സിപിഎം കോഴിക്കോട് നോർത്ത് ഏരിയ കമ്മിറ്റി ഓഫിസായ എകെജി ഭവനാണ് മാറ്റങ്ങളുടെ വിശാലതയിൽ തുറന്നിട്ടിരിക്കുന്നത്. പാർട്ടി ഏതുമാവട്ടെ, ആർക്കും ഇവിടെ വന്നിരുന്ന്‌ വായിക്കാം, അറിവ്‌ നേടാം. സാമൂഹ്യസേവനത്തിനൊപ്പം പുതിയ വായന സംസ്‌കാരത്തിനും പുതിയങ്ങാടിയുള്ള എകെജി ഭവൻ വാതിൽ തുറന്നിട്ടിരിക്കുകയാണ്.

ഇവിടെ സജ്ജമാക്കിയ 3000ത്തിലധികം പുസ്‌തകങ്ങളിൽ രാമായണവും മഹാഭാരതവും ഉപനിഷത്തുക്കളും കവിതകളും കഥകളും സാഹിത്യനിരൂപണങ്ങളും നോവലുകളുമൊക്കെയുണ്ട്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും അനുബന്ധ കൃതികളും മാത്രമല്ലെന്ന് സാരം. വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമുള്ള റഫറൻസ് പുസ്‌തകങ്ങളും എതിർ രാഷ്ട്രീയ ആശയങ്ങളടങ്ങിയ പുസ്‌തകങ്ങളുമായി പൊതുജനങ്ങൾക്ക് ഉപകരിക്കും വിധമാണ് ലൈബ്രറി തുറന്നിട്ടിരിക്കുന്നത്. താഴത്തെ നിലയിലെ ലോബിയിൽ വന്നിരുന്ന്‌ ആവോളം അറിവ് നേടാം.

New CPM Office And Library (ETV Bharat)

പാർട്ടി യോഗങ്ങളെല്ലാം മുകളിലത്തെ നിലയിലാക്കി വായനയ്‌ക്ക് ഭംഗം വരാതെയാണ് സജ്ജീകരണം. ഇക്കഴിഞ്ഞ 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌ത ഓഫിസ് കെട്ടിടം നിർമാണ ചാരുതകൊണ്ട് ജനശ്രദ്ധ നേടി. ഹരിത പ്രോട്ടോക്കോൾ നിർമാണ രീതിയാണ്‌ ഇവിടെ അവലംബിച്ചിരിക്കുന്നത്‌. നിരവധിയാളുകളാണ് ഓഫിസ് കാണാനായി എത്തുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒരു വിപ്ലവ പാർട്ടിയുടെ ഓഫിസ്‌ ബഹുജനങ്ങൾക്കാകെ അനുഭവിക്കാവുന്ന സാംസ്‌കാരിക കേന്ദ്രം കൂടിയായിരിക്കണമെന്ന സങ്കൽപ്പമാണ്‌ പകരുന്നത്‌. മുൻ എംഎൽഎ എ.പ്രദീപ്‌ കുമാറിന്‍റെ ശ്രദ്ധയും ഇടപെടലുമാണിതിന്‌ പിന്നിൽ. ജില്ല കമ്മിറ്റിയംഗം ടിവി നിർമലൻ, ഏരിയ സെക്രട്ടറി കെ രതീഷ് എന്നിവരും ഇത്‌ ജനകീയ ഇടമാക്കുന്നതിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ സ്വീകരിക്കുന്നു. ലോക സാഹിത്യനഗരമായ കോഴിക്കോടിന്‌ സർഗാത്മക പിന്തുണ നൽകുന്ന ഈ പാർട്ടി ഓഫിസ് മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധപിടിച്ചുപറ്റുകയാണ്.

ആവശ്യമായ സൗകര്യവും അതിനൊത്ത സൗന്ദര്യവും ആധുനിക കാലത്ത് അനിവാര്യമായ സാങ്കേതിക വിദ്യയും കമ്യൂണിസ്‌റ്റ് പാർട്ടി അവലംബിക്കേണ്ട മിതത്വവും സമന്വയിപ്പിച്ച് കൊണ്ടുള്ള വാസ്‌തു ശിൽപ്പ ചാരുതയോടെയാണ് കോഴിക്കോട്ടെ പ്രശസ്‌ത ആർക്കിടെക്റ്റ്സ് സ്ഥാപനമായ 'ഡി.എർത്ത്'(De earth) എകെജി ഭവൻ രൂപകൽപന ചെയ്‌തിട്ടുള്ളത്. ഒന്നാം നിലയിൽ ഏരിയ സെക്രട്ടറിയുടെ ഓഫിസ്, ഏരിയ കമ്മറ്റി യോഗം ചേരുന്നതിനുള്ള ഹാൾ, ലോഞ്ച്, ശുചി മുറികൾ, ബെഡ് റൂം എന്നീ സൗകര്യങ്ങളുണ്ട്.

New CPM Office And Library (ETV Bharat)

ബഹുജന സംഘടകൾക്കുള്ള ഓഫിസ്, മീറ്റിങ് ഹാൾ, കമ്പ്യൂട്ടർ റൂം വീഡിയോ കോൺഫറൻസിങ് സൗകര്യത്തോടെയുള്ള സോഷ്യൽ മീഡിയ സ്റ്റുഡിയോ റൂം എന്നീ സൗകര്യങ്ങൾ രണ്ടാം നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്. എല്ലായിടത്തും സമൃദ്ധമായി കാറ്റും വെളിച്ചവും കടന്നുവരുന്ന വിധത്തിലാണ് നിർമ്മാണം. ചില ഭിത്തികളിലും മേൽക്കൂരയിലും ഉപയോഗിച്ചിട്ടുള്ള മനോഹരമായ ജാളികളിലൂടെ ഒഴുകി വരുന്ന നിഴലും വെളിച്ചവും സൂര്യൻ്റെ സഞ്ചാര ഗതിക്കനുസരിച്ച് അതിലുണ്ടാവുന്ന മാറ്റവും അകത്തളങ്ങളിൽ സവിശേഷമായ അനുഭൂതി പകരുന്നു. കളിമൺ ജാളികളെ തഴുകിയൊഴുകി വരുന്ന കാറ്റ് സ്വാഭാവിക ശീതികരണത്തിൻ്റെ ധർമ്മം നിർവഹിക്കുന്നുണ്ട്.

New CPM Office And Library (ETV Bharat)

ലൈബ്രറി ഉൾപ്പെടെ തറ നിലയിലുള്ള സൗകര്യങ്ങളെല്ലാം പൊതുജനങ്ങൾക്കാകെ പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പുസ്‌തകങ്ങൾക്ക് പുറമെ ഓൺലൈൻ വായനക്കുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. എല്ലാ മതേതര ജനാധിപത്യ ചിന്താഗതിക്കാർക്കും മനുഷ്യ സ്നേഹികൾക്കും അവരുടെ ആശയ രാഷ്ട്രീയ സാംസ്‌കാരിക പഠനങ്ങൾക്ക് ആശ്രയിക്കാവുന്ന ഇടമായിരിക്കും എകെജി ഭവനെന്ന് എ പ്രദീപ് കുമാർ പറഞ്ഞു.

യുനെസ്കോ ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി കോഴിക്കോടിനെ അംഗീകരിച്ചിട്ടുണ്ട്. അഭിമാനകരമായ നേട്ടമാണിത്. എന്നാൽ ഈ പദവി നില നിൽക്കണമെങ്കിൽ കോഴിക്കോടിൻ്റെ സാംസ്‌കാരിക മണ്ഡലത്തിൽ തുടർന്നും വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ പുത്തനുണർവ്വ് സൃഷ്‌ടിക്കാൻ കഴിയേണ്ടതുണ്ട്.

New CPM Office And Library (ETV Bharat)

ഈ കാഴ്‌ചപ്പാടോടെ കോഴിക്കോട് നോർത്ത് ഏരിയയിലെ പുരോഗമന ആശയ ആഭിമുഖ്യമുള്ള ഗ്രന്ഥശാലകൾ, കലാസമിതികൾ, സാഹിത്യ സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പദ്ധതി തയ്യാറാക്കുമെന്നും പ്രദീപ് കുമാർ കൂട്ടിചേർത്തു.

Also Read:നിര്‍മാണ മേഖലയിലെ റോബോട്ടുകളെയും ഡ്രോണുകളെയും കണ്ടറിയാൻ അവസരം; ബി എ ഐ എമേര്‍ജ്-2024 കോണ്‍ക്ലേവ് കൊച്ചിയില്‍.

ABOUT THE AUTHOR

...view details