തിരുവനന്തപുരം:ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണം കണ്ടെത്താനാകാതെ പൊലീസ്. പ്രതിയുടെ മൊഴിയിൽ പരാമർശിക്കുന്ന മുൻവൈരാഗ്യത്തിനപ്പുറം കുടുംബത്തിന് അന്ധവിശ്വാസം ഉണ്ടായിരുന്നതായും ഹരികുമാറും ശ്രീതുവും തല മുണ്ഡനം ചെയ്‌തത് ജ്യോത്സ്യന്‍റെ നിർദേശപ്രകാരമാണെന്നുമാണ് കണ്ടെത്തൽ.
കുടുംബവുമായി ബന്ധമുണ്ടായിരുന്ന ജ്യോത്സ്യൻ ശങ്കുമുഖം ദേവദാസനെ വിശദമായ ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ചുവരുത്തി. തന്‍റെ ഇഷ്‌ടങ്ങൾക്ക് വഴങ്ങാത്തതിനാൽ ശ്രീതുവിനോട് തോന്നിയ വൈരാഗ്യമാണ് ദേവേന്ദുവിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതി ഹരികുമാർ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.
കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് (ETV Bharat) എന്നാൽ കുട്ടിയുടെ അമ്മയുടെയും അമ്മാവന്‍റെയും വാട്‌സ്‌ആപ്പ് ചാറ്റുകൾ വിശദമായി പരിശോധിച്ച പൊലീസ് സംഘത്തിന് സംശയങ്ങൾ ഏറി. സംഭവം നടന്ന വീടിനുള്ളിൽ സംശയാസ്‌പദമായ നിലയിൽ കണ്ടെത്തിയ വസ്‌തുക്കളടക്കം വിശദമായി പരിശോധിച്ചു. ഇതോടെയാണ് കുടുംബം അന്ധവിശ്വാസത്തിന് അടിമകളായിരുന്നെന്നും കരിക്കകം സ്വദേശിയായ ജ്യോത്സ്യനുമായി ബന്ധം ഉണ്ടായിരുന്നെന്നും തുടങ്ങിയ സംശയങ്ങളിലേക്ക് അന്വേഷണം തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ഹരികുമാറും ശ്രീതുവും തല മുണ്ഡനം ചെയ്‌തത് കലിയുഗ ജോത്സ്യനായ ശങ്കുമുഖം ദേവദാസന്‍റെ നിർദേശത്തെ തുടർന്നാണെന്ന് തെളിഞ്ഞതോടെ വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ ബാലരാമപുരം പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതായും പൊലീസ് അറിയിച്ചു.
റൂറൽ എസ്‌പി എസ് സുദർശനന്‍റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് പരിശോധന നടത്തിയതിന് ശേഷം സ്‌റ്റേഷനിലെത്തി കുടുംബാംഗങ്ങളെയും ജോത്സ്യനെയും വിശദമായി ചോദ്യം ചെയ്‌തു. കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പങ്കുവയ്ക്കാൻ കഴിയില്ലെന്നും അന്വേഷണം തുടരുകയാണെന്നും റൂറൽ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിശദമായ ചോദ്യം ചെയ്യലിനായി ദേവേന്ദുവിന്‍റെ മുത്തശ്ശിയേയും മൂത്ത സഹോദരിയെയും അച്‌ഛൻ ശ്രീജിത്തിനെയും സ്‌റ്റേഷനിൽ വിളിച്ചുവരുത്തി. മൊഴികളിലെ അവ്യക്തത മാറാനാണ് വിശദമായ ചോദ്യം ചെയ്യൽ തുടരുന്നത്.
ഇതിനിടെ അമ്മ ശ്രീതുവിന്‍റെയും അമ്മാവൻ ഹരികുമാറിന്‍റെയും ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കയക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതി ഹരികുമാര്‍ കുട്ടികളെ മര്‍ദിച്ചിരുന്നുവെന്ന് അമ്മ ശ്രീതു മൊഴി നല്‍കിയിരുന്നു. കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഹരികുമാർ ഉപദ്രവിച്ചിരുന്നുവെന്നും ഹരികുമാറിന് കുട്ടികളെ ഇഷ്‌ടമല്ലെന്നും അവർ പറഞ്ഞിരുന്നു.
കൂടുതൽ ചോദ്യം ചെയ്യലിൽ നിന്ന് മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. ശ്രീതുവിനെതിരെ ഭർത്താവും ഭർതൃപിതാവും പൊലീസിന് മൊഴി നൽകി. മരണത്തിൽ ശ്രീതുവിൻ്റെ പങ്ക് പരിശോധിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തന്നെ ശ്രീതു അനുസരിക്കാറില്ലെന്ന് ശ്രീജിത്ത് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞദിവസം (ജനുവരി 30) പൊലീസ് അയൽവാസികളായ രണ്ട് സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ശ്രീതു തുടർച്ചയായി കള്ളം പറഞ്ഞിരുന്നതായി ഇവർ മൊഴി നൽകിയിട്ടുണ്ട്. ഇളയകുട്ടിക്ക് സുഖമില്ലെന്നും അപകടം പറ്റിയെന്നുമൊക്കെ ശ്രീതു കള്ളം പറഞ്ഞതായാണ് ഇവർ ആരോപിക്കുന്നത്. കള്ളം പറയുന്നത് ചോദ്യം ചെയ്യുമ്പോൾ ശ്രീതു കരയാറുണ്ടെന്നും ഹരികുമാർ ഒറ്റയ്ക്ക് കൃത്യം ചെയ്യില്ലെന്നും അയൽവാസികൾ പറഞ്ഞതായും പൊലീസ് പറഞ്ഞു.
Also Read:ചുറ്റിക കൊണ്ട് ക്രൂരമര്‍ദനം, വേദനയോട് മല്ലിട്ട് ആറുദിവസം വെന്‍റിലേറ്ററില്‍; ചോറ്റാനിക്കരയിലെ പോക്‌സോ കേസ് അതിജീവിത മരിച്ചു