കേരളം

kerala

By ETV Bharat Kerala Team

Published : 6 hours ago

ETV Bharat / state

'അന്‍വര്‍ വലതു പക്ഷത്തിന്‍റെ കോടാലി' ബന്ധം വേർപ്പെടുത്തി സിപിഎം; അണികള്‍ രംഗത്തിറങ്ങണമെന്ന് എം വി ഗോവിന്ദന്‍ - MV GOVINDAN IN ANVAR CONTROVERSY

അൻവറിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അൻവർ വലതുപക്ഷത്തിന്‍റെ കയ്യിലെ കോടാലിയെന്ന് ആരോപണം. പാർട്ടി ബന്ധം അവസാനിപ്പിച്ചതായും എം വി ഗോവിന്ദന്‍

PV ANVAR AGAINST CPM AND CM  PV ANVAR POLITICAL CONTROVERSIES  MV GOVINDAN REPONSE ANVAR ISSUE  MV GOVINDAN AGAINST ANVAR MLA
MV GOVINDAN (ETV Bharat)

ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ കലാപക്കൊടിയുയര്‍ത്തിയ ഇടത് സ്വതന്ത്ര എംഎല്‍എ പിവി അന്‍വറിനെ പുറന്തള്ളി സിപിഎം. ഇടതു സര്‍ക്കാരിനെയും സിപിഎമ്മിനെയും വലതുപക്ഷ മാധ്യമങ്ങളുമായി ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നവരോടൊപ്പം ചേര്‍ന്നാണ് അന്‍വര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. അത്തരത്തിലുള്ള ആളുകളുടെ വക്കാലത്ത് ഏറ്റെടുക്കുകയാണ് അന്‍വര്‍ ഇപ്പോള്‍ ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അന്‍വര്‍ വലതു പക്ഷത്തിന്‍റെ കയ്യിലെ കോടാലിയാണ്. അന്‍വറിന്‍റെ നിലപാടിനെതിരായി പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും പാര്‍ട്ടി സഖാക്കളും രംഗത്തിറങ്ങണം. അന്‍വറിന്‍റെ നിലപാടുകള്‍ പരിശോധിച്ചാല്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയെ കുറിച്ചോ സംഘടന തത്വങ്ങളെക്കുറിച്ചോ ഒരു ധാരണയുമില്ലെന്ന് മനസിലാകുമെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

പഴയകാല കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിന്‍റെ ഭാഗമായാണ് അന്‍വര്‍ വരുന്നത്. 2005 ല്‍ കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം നിലയുറപ്പിച്ച അന്‍വര്‍, കരുണാകരന്‍ കോണ്‍ഗ്രസിലേക്കു തിരിച്ചു പോയപ്പോഴാണ് അതിനു തയ്യാറാകാതെ ഇടതു സഹയാത്രികനായത്. 2014 ല്‍ അദ്ദേഹം നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചു. അതിനു മുന്‍പ് ഏറാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും സ്വാഭാവികമായി പരാജയപ്പെടുകയാണുണ്ടായതെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തില്‍ അവകാശപ്പെട്ടതുപോലെ അന്‍വര്‍ പാര്‍ട്ടിയിലെ സാധാരണക്കാരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളല്ല. ഇതുവരെയും പാര്‍ട്ടി അംഗമാകാന്‍ പോലും അദ്ദേഹത്തിനു സാധിച്ചിട്ടില്ല. പാര്‍ട്ടിയെ കുറിച്ചോ പാര്‍ട്ടി നയങ്ങളെ കുറിച്ചോ സംഘടന കാര്യങ്ങളെ കുറിച്ചോ ഒരു ധാരണയും ഉണ്ടായിരുന്നില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'എല്ലാ പരാതികളും പരിശോധിക്കുന്നതാണ് പാര്‍ട്ടിയുടെ ശൈലി. ജനങ്ങളുടെ ഭാഗമായാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. ജനങ്ങള്‍ നല്‍കുന്ന പരാതികള്‍ പഠിച്ചു പരിഹരിക്കുന്ന രീതിയാണ് സര്‍ക്കാരിനുള്ളത്. സംഘടനാപരമായ പരിമിതിമൂലമാണ് പരസ്യമായി നിലപാട് സ്വീകരിച്ചത്. അന്‍വറിന്‍റെ പരാതിയില്‍ ഡിജിപിയുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പിഴവുകള്‍ കണ്ടെത്തിയത് കൊണ്ടാണ് മലപ്പുറം മുന്‍ എസ്‌പി സുജിത് ദാസ് ഐ പി എസിനെതിരെ നടപടി സ്വീകരിച്ചത്. മലപ്പുറത്തെ പോലീസ് സേനയിലും മാറ്റങ്ങളുണ്ടാക്കി. അന്‍വര്‍ പാര്‍ട്ടിക്കു നല്‍കിയ പരാതി പാര്‍ട്ടി ചര്‍ച്ച ചെയ്യുകയും അതിന്‍റെ തീരുമാനം പത്ര സമ്മേളനത്തില്‍ അറിയിക്കുകയും ചെയ്‌തു. പി ശശിക്കെതിരെ വീണ്ടും അന്‍വര്‍ നല്‍കിയ പരാതി പാര്‍ട്ടി പരിശോധിക്കുകയാണ്.

ഒക്ടോബര്‍ 3 ന് അന്‍വറിനെ നേരില്‍ കാണാനിരിക്കെയാണ് അച്ചടക്കത്തിന്‍റെ എല്ലാ സീമയും ലംഘിച്ചുള്ള പരസ്യ പ്രസ്‌താവനകള്‍ അന്‍വര്‍ നടത്തിയത്. കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തരുതെന്ന പാര്‍ട്ടി നിര്‍ദേശം അന്‍വര്‍ ലംഘിച്ചു. പാര്‍ട്ടി അംഗം അല്ലാതിരുന്നിട്ട് പോലും മൂന്ന് പോളിറ്റ് ബ്യുറോ അംഗങ്ങള്‍ പരാതിയില്‍ നടപടി ഉണ്ടാകുമെന്ന് അന്‍വറിന് ഉറപ്പു നല്‍കി. എന്നിട്ടും അന്‍വര്‍ പ്രതിപക്ഷം പോലും നടത്താത്ത പ്രതികരണമാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ നടത്തിയത്.

സ്വര്‍ണം പൊട്ടിച്ച പ്രതികളെ അറസ്‌റ്റ് ചെയ്‌ത ആഭ്യന്തര വകുപ്പിന്‍റെ നടപടിക്കെതിരായി അന്‍വര്‍ സംസാരിച്ചു. മുഖ്യമന്ത്രിക്കൊപ്പമെന്ന് പറഞ്ഞ അന്‍വര്‍ പരസ്യമായി നിലപാടില്‍ നിന്ന് മാറി. വലതു പക്ഷ ശക്തികളുടെ ഭാഗമാണ് അന്‍വറിന്‍റെ സമീപനം. എല്‍ഡിഎഫില്‍ നിന്നും അന്‍വര്‍ പൂര്‍ണ്ണമായി മാറി. അന്‍വറിന്‍റേത് സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി അംഗത്വം സ്വയം വലിച്ചെറിയുന്ന രീതിയായേ കാണാനാകൂ. പാര്‍ട്ടിയുമായുള്ള അന്‍വറിന്‍റെ എല്ലാ ബന്ധവും അവസാനിച്ചു. അന്‍വറിന്‍റെ ആരോപണങ്ങള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കടന്നാക്രമണങ്ങളുടെ ഭാഗമാണ്.

എല്‍ഡിഎഫിലും യുഡിഎഫിലും ഇല്ലെന്ന് പറയുന്നവര്‍ എങ്ങോട്ട് പോകുമെന്ന് എല്ലാവര്‍ക്കും അറിയാം. അന്‍വറിനെ പുറന്തള്ളണമെന്ന നിലപാട് പാര്‍ട്ടിക്കില്ല. പാര്‍ട്ടിയുമായി അന്‍വറിന് ഒരു ബന്ധവുമില്ല. അന്‍വറുമായുള്ള പാര്‍ട്ടിയുടെ ബന്ധം അന്‍വറിന്‍റെ നിലപാട് കാരണം തന്നെ വിച്ഛേദിക്കുന്നതായും' പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞു.

അന്‍വറിന്‍റെ ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള ചിലരുടെ പ്രേരണമൂലമാണെന്ന ഊഹാപോഹങ്ങള്‍ പാര്‍ട്ടി സെക്രട്ടറി തള്ളി. അന്‍വറിന്‍റെ നിലപാടുകള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള നീക്കങ്ങളുടെ ഭാഗമല്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു.

Also Read:'പലരുടെയും മടിയില്‍ കനം, പ്രത്യാഘാതത്തെ ഭയക്കുന്നില്ല'; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അന്‍വര്‍

ABOUT THE AUTHOR

...view details