കൊല്ലം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ 4500 വോട്ട് വാങ്ങിയാണ് യുഡിഎഫ് ഭൂരിപക്ഷം വർധിപ്പിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് മയ്യനാട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തങ്ങൾ യുഡിഎഫിന് പതിനായിരം വോട്ട് നൽകി എന്ന് എസ്‌ഡിപിഐ നേതാക്കൾ പത്രസമ്മേളനം നടത്തി പറഞ്ഞു. ഇതിന് പുറമെ ജമാഅത്തെ ഇസ്‌ലാമിയും വോട്ട് നല്‍കി. എന്നിട്ട് എൽഡിഎഫ് സർക്കാരിനെതിരായ ജനവികാരമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നാണ് പ്രചരിപ്പിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിലും ഈ നീക്കത്തിലൂടെയാണ് യുഡിഎഫ് വിജയിച്ചത്. എസ്‌ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയുമായി ഉണ്ടാക്കിയ വർഗീയ കൂട്ടുകെട്ടിലൂടെ ഓരോ നിയമസഭ മണ്ഡലത്തിലും പതിനായിരത്തോളം വോട്ട് യുഡിഎഫിന് നൽകി. അങ്ങനെയാണ് കാസർകോട് ഉണ്ണിത്താൻ വരെ ഒരു ലക്ഷം വോട്ടിന് ജയിക്കുന്ന സാഹചര്യം ഉണ്ടായത്. മതനിരപേക്ഷ ഉള്ളടക്കമുള്ള പാർട്ടിയെന്ന് അവകാശപ്പെടുന്ന മുസ്‌ലീം ലീഗിന്‍റെ അണികളെ എസ്‌ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതാക്കൾ നയിക്കുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തിൽ സിപിഎമ്മിൻ്റെ യഥാർഥ ശത്രു പ്രതിപക്ഷമല്ല. മാധ്യമങ്ങൾ ഇന്ന് പറയുന്നതാണ് നാളെ വിഡി സതീശനും കെ സുധാകരനും പറയുന്നത്. ഇഎംഎസ് സർക്കാരിനെ പിരിച്ചുവിടാൻ അരങ്ങേറിയ വിമോചന സമരത്തിൻ്റെ പുതിയ പതിപ്പാണ് ഇപ്പോൾ അരങ്ങേറുന്നത്.
വിഡി സതീശൻ അടുത്ത മുഖ്യമന്ത്രിയാകാനുള്ള കുപ്പായം തയ്ച്ചിരിക്കുകയാണ്. അതൊരിക്കലും നടക്കില്ലെന്ന് പറഞ്ഞ് നിൽക്കുകയാണ് കെ സുധാകരൻ. നിങ്ങൾ രണ്ടാളും ഇടേണ്ടെന്ന് പറയുന്നയാളാണ് കെസി വേണുഗോപാൽ. പിന്നെ, മുരളീധരൻ. പണ്ടേ ഞാൻ പ്രതിപക്ഷ നേതാവാണ് എന്ന് പറഞ്ഞ് നടക്കുകയാണ് രമേശ് ചെന്നിത്തല.