കേരളം

kerala

ETV Bharat / state

'ഇഡി അന്വേഷണം അതിൻ്റേതായ രീതിയിൽ കൈകാര്യം ചെയ്യും': മാസപ്പടി കേസന്വേഷണത്തില്‍ എംവി ഗോവിന്ദന്‍ - MV Govindan Flays BJP Govt - MV GOVINDAN FLAYS BJP GOVT

കോൺഗ്രസ്, ബിജെപി ഉൾപ്പെടെയുള്ള എല്ലാ പാര്‍ട്ടികളും ഇലക്‌ടറൽ ബോണ്ട് വഴി പണം സ്വരൂപിച്ചപ്പോൾ അതിൽ നിന്നും വ്യത്യസ്‌ത നിലപാട് സ്വീകരിച്ച പാർട്ടിയാണ് സിപിഎമ്മും ഇടതുപക്ഷ പാർട്ടിയും എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

MV GOVINDAN  ELECTORAL BOND  BJP ELECTORAL BOND  ELECTORAL BOND CORRUPTUION
MV Govindan against BJP Government on Electoral bond

By ETV Bharat Kerala Team

Published : Mar 27, 2024, 5:30 PM IST

Updated : Mar 27, 2024, 8:19 PM IST

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസിൽ രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഇ ഡി അന്വേഷണമെന്നും ഇ ഡി അന്വേഷണം അതിൻ്റേതായ രീതിയിൽ കൈകാര്യം ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വി ഡി സതീശനെ സമാധാനിപ്പിക്കാൻ വേണ്ടി കൂടിയാണ് ഇ ഡി അന്വേഷണം വന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇ ഡി കൂലിക്ക് വേണ്ടിയുള്ള ജോലി പോലെയാണ് പ്രവർത്തിക്കുന്നത്. പ്രതിപക്ഷ നേതാവ് ഇവിടെ എന്തുകൊണ്ട് ഇ ഡി നടപടി ഇല്ലെന്നാണ് ചോദിക്കുന്നത്. നേരത്തെ നടത്തിയ കേസുകൾക്കൊക്കെ എന്തെങ്കിലും തെളിവുണ്ടായിരുന്നോ? ബിജെപിയും കോൺഗ്രസും തമ്മിലാണ് അന്തർ ധാരയെന്നും അതാണ് കാസർഗോഡ് കണ്ടതെന്നും സതീശൻ പറഞ്ഞാൽ ഉണ്ടാകുന്നതല്ല അന്തർധാരയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കേന്ദ്ര ഏജൻസികളെ പണം ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുകയാണ്. ബിജെപി ഗുണ്ടാ പിരിവാണ് നടത്തുന്നത്. ബിജെപിക്ക് വേണ്ടിയാണ് ഇ ഡി പണിയെടുക്കുന്നത്. ഇതിലൊന്നും സിപിഎം കീഴടങ്ങില്ല. ബിജെപി സർക്കാരിന്‍റെ അടിത്തറ അഴിമതി വിരുദ്ധതയാണെന്ന് പ്രചരണം ഇലക്ട്രൽ ബോണ്ടിലൂടെ തകർന്നു. ജനാധിപത്യത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളെ തന്നെ തകർക്കുന്നതാണ് ഇലക്‌ടറൽ ബോണ്ട്. ഇതിനെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമില്ലെന്ന് ആയിരുന്നു ബിജെപിയുടെ വാദം. ഇലക്ട്രൽ ബോണ്ട്‌ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അടിസ്ഥാന കാഴ്‌ചപാടുകളെ തന്നെ തകർക്കുന്ന ഒന്നായാണ് രാജ്യം ഇന്ന് വിലയിരുത്തുന്നത്.

ഇന്ത്യ കണ്ട സുപ്രധാന അഴിമതികളിൽ ഒന്നായി ഇലക്ട്രൽ ബോണ്ട് മാറി എന്ന കാര്യം കേരളത്തിലെ മാധ്യമങ്ങൾ അത്രത്തോളം ചർച്ച ചെയ്‌തില്ല. കോൺഗ്രസ്, ബിജെപി ഉൾപ്പെടെയുള്ള എല്ലാവരും ഇലക്‌ടറല്‍ ബോണ്ടിന്‍റെ ഭാഗമായി പണം സ്വരൂപിച്ചപ്പോൾ അതിൽ നിന്നും വ്യത്യസ്‌തമായ നിലപാട് സ്വീകരിച്ച ഒരു പാർട്ടിയാണ് സിപിഎമ്മും ഇടതുപക്ഷ പാർട്ടിയും.

മലയാള മനോരമയുടെ എം ആർ എഫ് ബോണ്ട് വാങ്ങിയിട്ടുണ്ട്. ഓമനക്കുട്ടൻ പണം പിരിച്ചെന്ന് പറഞ്ഞ് എന്തൊരു ബഹളമായിരുന്നു മനോരമ ഉൾപ്പെടെ. 8251 കോടി ബിജെപി വാങ്ങിയതിനെ കുറിച്ച് മലയാളത്തിൽ ഉൾപ്പെടെ വാർത്തയായില്ല. കോൺഗ്രസും ബോണ്ട് വാങ്ങിയിട്ടുണ്ട്. എന്നിട്ട് ഇപ്പോൾ ബസിന് പൈസ ഇല്ലെന്ന് പറയുന്നു. ഈ പണമൊക്കെ എവിടെ പോയി? സാന്‍റിയാഗോ മാർട്ടിന്‍റെ കയ്യിൽ നിന്നുവരെ കോൺഗ്രസ് പണം സ്വീകരിച്ചു. കള്ളപ്പണക്കാരിൽ നിന്നും കുറ്റവാളികളിൽ നിന്നും പണം പരിച്ചു. തങ്ങളെ ഫോക്കസ് ചെയ്യേണ്ടി വരുമെന്ന് കരുതി മാധ്യമങ്ങൾ ഫലപ്രദമായി വാർത്ത മുക്കിയെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്‌റ്റിലും പ്രതികരണം:

ഡൽഹി മുൻ ഉപ മുഖ്യമന്ത്രി സിസോദിയ അറസ്‌റ്റിലാപ്പോൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് അറസ്‌റ്റ് ചെയ്യുന്നില്ലെന്ന ചോദ്യമാണ് കോൺഗ്രസ് ഉന്നയിച്ചത്. അന്നും പ്രതിഷേധിക്കാൻ തയ്യാറായില്ല. കോൺഗ്രസ് എന്ത് നിലപാട് എടുത്തു? മറ്റുള്ളവർക്കെതിരാകുമ്പോൾ മൂടിവെക്കലാണ് കോൺഗ്രസ് നിലപാട്. ബിജെപി ഇ ഡി യുടെ പേരിൽ ഭീഷണിപ്പെടുത്തി പണം പിരിക്കുകയാണ്. ഇതിന് ഉദാഹരണമാണ് കെജ്‌രിവാളിന്‍റെ അറസ്‌റ്റ്. മദ്യ വ്യാപാരിയായ ശരത് ചന്ദ്ര റെഡ്ഡിയുടെ മൊഴിയിലാണ് കെജ്‌രിവാളിന്‍റെ അറസ്‌റ്റ്. ആദ്യം കെജ്‌രിവാളിനെ അറിയില്ലെന്ന് പറഞ്ഞ റെഡ്ഡി പിന്നീട് മൊഴിമാറ്റി. ഇതിലൂടെ ജാമ്യം ലഭിച്ചു. ശരത് ചന്ദ്ര റെഡ്ഡി വഴിയും കോടികളുടെ തെരഞ്ഞെടുപ്പ് ബോണ്ട് ബിജെപിക്ക് ലഭിച്ചു. കെജ്‌രിവാളിന്‍റെ അറസ്‌റ്റിൽ ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ അപമാനിതമാവുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയിൽ സിപിഎം പറയുന്നത് പോലെ നിലപാട് പറയാൻ വി ഡി സതീശൻ ഒരു ജന്മം കൂടി ജനിക്കണം. പൗരത്വ ഭേദഗതി നിയമം ഇനിയുള്ള യോഗങ്ങളിലും പറയും. മതപരമായി ഉന്നയിക്കേണ്ട കാര്യം മുഖ്യമന്ത്രിക്ക് ഇല്ല. ബിജെപി പരാതി കൊടുത്തോട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പ്:

ലോക്‌സഭ തെരഞ്ഞെടുപ്പിൽ, സത്യസന്ധമായി പറഞ്ഞാൽ 20 സീറ്റിലും എൽ ഡി എഫ് ജയിക്കും. മത്സരം കഴിയുന്നത് വരെ ഇങ്ങനെയേ പറയാൻ പറ്റൂ. മത്സരം കഴിഞ്ഞാൽ മറ്റ് കാര്യങ്ങൾ പറയാം. ഞങ്ങൾക്ക് ഫണ്ടിന് ക്ഷാമമില്ല. ജനങ്ങളാണ് ഞങ്ങളുടെ അക്ഷയ പാത്രം. ജനങ്ങൾ ഉള്ളപ്പോൾ ഞങ്ങൾക്ക് എന്ത് പ്രയാസമാണ്. ജനങ്ങൾ ഒപ്പമില്ലാതാകുമ്പോൾ സിപിഎം ഇല്ലാതാകും. അദാനിയും അംബാനിയും ഒപ്പമില്ലാതാകുമ്പോൾ ബിജെപിയും കോൺഗ്രസും ഇല്ലാതാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സിദ്ധാർഥിൻ്റെ മരണത്തിലെ സി ബി ഐ അന്വേഷണം:

സിദ്ധാർഥിൻ്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് കാലതാമസം ഉണ്ടായി. അങ്ങനെ വരാൻ പാടില്ലായിരുന്നു. അതു കൊണ്ടാണ് നടപടി എടുത്തത്. സർക്കാർ വ്യക്തമായി സിദ്ധാർഥിൻ്റെ കുടുംബത്തിന് ഒപ്പമാണ്. ദേശീയ പാർട്ടി പദവിയിൽ ആശങ്കയില്ല. എ കെ ബാലൻ ഒരു ചെറിയ യോഗത്തിൽ പറഞ്ഞ കാര്യം അത് പർവതീകരിച്ച് കാണിക്കണ്ട കാര്യമില്ല. എ കെ ആൻ്റണിയുടെ ഡു ഓര്‍ ഡൈ ആരോടാണ്? തീറ്റിപ്പോറ്റിയ മകൻ ബിജെപിയിലാണ് പ്രവർത്തിക്കുന്നത്. അതാണ് ഏറ്റവും വലിയ വിരോധാഭാസം. സിപിഎം ആദ്യം ജയിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. അവിടെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Also Read :മൂന്നാർ എംആർഎസ് ഹോസ്റ്റലിൽ ആദിവാസി വിദ്യാർഥികൾക്ക് മർദനം; ജീവനക്കാരനെതിരെ കേസ് - Munnar Mrs Hostel Employee Arrested

Last Updated : Mar 27, 2024, 8:19 PM IST

ABOUT THE AUTHOR

...view details