കേരളം

kerala

ETV Bharat / state

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: ലത്തീൻ രൂപത മെത്രാന്മാരുമായി മുസ്‌ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി - MUNAMBAM WAQF LAND ISSUE

പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് എത്തിയാണ് ചര്‍ച്ച നടത്തിയത്.

LEAGUE LEADERS BISHOPS MEETING  മുനമ്പം വഖഫ് ഭൂമി പ്രശ്‌നം  WAQF LAND ISSUE  MUNAMBAM WAQF ISSUE
Waqf Board (ETV Bharat)

By ETV Bharat Kerala Team

Published : Nov 18, 2024, 6:54 PM IST

എറണാകുളം : മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ലത്തീൻ രൂപത മെത്രാന്മാരുമായി മുസ്‌ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് എത്തിയായിരുന്നു ബിഷപ്പുമാരുമായി ചർച്ച നടത്തിയത്. ചർച്ച ഒന്നര മണിക്കൂറോളം നീണ്ടുനിന്നു.

എത്രയും പെട്ടന്ന് പ്രശ്‌നം പരിഹരിക്കണമെന്നാണ് ലീഗ് നിലപാടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അതിന്‍റെ ഭാഗമായാണ് പിതാക്കന്മാരുമായി ചർച്ച നടത്തിയത്. വളരെ നല്ല നിർദേശങ്ങളാണ് പരസ്‌പരം പങ്കുവച്ചത്. ഈ വിഷയത്തിൽ സർക്കാർ മുൻകയ്യെടുത്ത് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നാണ് ഇന്നത്തെ ചർച്ചയിൽ ഒരുമിച്ച് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പം പ്രശ്‌നം പരിഹരിക്കാൻ ആകുമെന്നാണ് വിശ്വാസമെന്നും തങ്ങളും കുഞ്ഞാലിക്കുട്ടിയും വന്നതിൽ സന്തോഷമെന്നും കോഴിക്കോട് രൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ പ്രതികരിച്ചു. 16 മെത്രാന്മാരാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ച സൗഹൃദ അന്തരീക്ഷത്തിൽ ഉള്ളതായിരുന്നു. പ്രശ്‌നപരിഹാരത്തിനായി സർക്കാരുമായും ചർച്ച നടത്താമെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. ഇവിടെ വേണ്ടത് മതമൈത്രിയാണ്.

പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ്, ബിഷപ്പ് വർഗീസ് ചക്കാലക്കൽ എന്നിവർ സംസാരിക്കുന്നു (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മുനമ്പം പ്രശ്‌നം മാനുഷിക പ്രശ്‌നമാണ്. അത് പരിഹരിക്കുന്നതിൽ ഇവർ കൂടെ നിൽക്കുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. സൗഹൃദാന്തരീക്ഷത്തിലുള്ള ചർച്ചയാണ് നടന്നതെന്നും മുനമ്പം പ്രശ്‌നം വളരെ വേഗം പരിഹരിക്കാൻ കഴിയുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചില സാങ്കേതിക പ്രശ്‌നം ഉള്ളത് കൊണ്ടാണ് സർക്കാർ ഇടപെടൽ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫാറുഖ് കോളജ് കമ്മിറ്റിയെ ഉൾപ്പടെ എല്ലാവരെയും ഉൾപ്പെടുത്തി തങ്ങൾ യോഗം വിളിച്ചിരുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കാൻ സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. സർക്കാറുമായി ഈ വിഷയം സംസാരിക്കും.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എല്ലാവർക്കും ഈ വിഷയത്തിൽ യോജിപ്പാണ്. പ്രശ്‌നപരിഹാരത്തിനുള്ള വ്യക്തമായ നിർദേശത്തോടെയാണ് ചർച്ച പൂർത്തിയായത്. ഇലക്ഷൻ കഴിഞ്ഞാൽ സർക്കാർ മുൻകയ്യെടുക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

മുനമ്പം വിഷയത്തിൽ ഇരുപത്തിരണ്ടാം തീയതി സർക്കാർ വിളിച്ച ചർച്ചയ്ക്ക് മുന്നോടിയായാണ് ലീഗ് നേതാക്കൾ മെത്രാന്മാരുമായി ചർച്ച നടത്തിയത്. അതേസമയം പാലക്കാട് ഉപതെരെഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് നടത്തിയ ചർച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്.

Also Read : 'മുനമ്പം വഖഫ് ഭൂമി തന്നെ'; സമാധാനത്തിന് പകരം ഭൂമി നൽകാനാവില്ലെന്ന് സമസ്‌ത മുഖപത്രം

ABOUT THE AUTHOR

...view details