കേരളം

kerala

ETV Bharat / state

മലപ്പുറത്തെ എംപോക്‌സ് സ്ഥിരീകരണം; കൂടുതൽ പേർ നിരീക്ഷണത്തിൽ, ആരോഗ്യവകുപ്പിന്‍റെ ജാഗ്രത നിർദേശം - MPOX CASE MALAPPURAM - MPOX CASE MALAPPURAM

മലപ്പുറത്തെ എംപോക്‌സ് സ്ഥിരീകരണം. 29 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യവകുപ്പ്. സമ്പർക്ക പട്ടികയിലുള്ള 29 ആളുകളും വീടുകളിൽ തന്നെ കഴിയാൻ നിർദേശം.

MPOX  മങ്കിപോക്‌സ്  മലപ്പുറത്ത് മങ്കിപോക്‌സ്  MPOX MANJERI
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 19, 2024, 12:48 PM IST

Updated : Sep 19, 2024, 1:03 PM IST

മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരണത്തിൽ എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രത്യേക യോഗം ചേർന്നപ്പോൾ (ETV Bharat)

മലപ്പുറം :എടവണ്ണയിൽ എംപോക്‌സ് സ്ഥിരീകരിച്ചതോടെ കൂടുതൽ പേരെ നിരീക്ഷണത്തിലാക്കി. 29 പേരെ നിരീക്ഷണത്തിലാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറം ജില്ലയിൽ കർശന ജാഗ്രത നിർദേശവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. എടവണ്ണയിൽ എംപോക്‌സ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എടവണ്ണ ഗ്രാമപഞ്ചായത്തിൽ ഇന്ന് പ്രത്യേക യോഗം ചേർന്നു.

നിലവിൽ സമ്പർക്ക പട്ടികയിലുള്ള 29 ആളുകളോടും വീടുകളിൽ തന്നെ കഴിയണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ടി അഭിലാഷ് പറഞ്ഞു. ആരോഗ്യവകുപ്പ് ജീവനക്കാരും വിവിധ വാർഡ് മെമ്പർമാരും, പഞ്ചായത്ത് ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു.

ഇന്നലെയാണ് (സെപ്റ്റംബർ 18) മഞ്ചേരിയില്‍ എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന യുവാവിന് രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരണം.

രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 17) യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദുബായിൽ നിന്ന് ഒരാഴ്‌ച മുമ്പാണ് യുവാവ് നാട്ടിലെത്തിയത്. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്‌സിന്‍റേതിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്ന് യുവാവ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയിൽ ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നിരീക്ഷണത്തിലാക്കിയത്. രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ്‌ സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തില്‍ ആദ്യമായാണ് രോഗ സ്ഥിരീകരണം.

രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കേരളത്തിലെത്തുന്ന പ്രവാസികള്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേരുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെ മറ്റ് ജില്ലകളിലെത്തിയ പ്രവാസികളെയും നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

Also Read:കേരളത്തില്‍ എംപോക്‌സ്‌; രോഗം സ്ഥിരീകരിച്ചത് മലപ്പുറത്ത്, സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേര്‍

Last Updated : Sep 19, 2024, 1:03 PM IST

ABOUT THE AUTHOR

...view details