എറണാകുളം : മോന്‍സൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചു. കെ സുധാകരൻ രണ്ടാം പ്രതിയായ കേസിൽ എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് മോന്‍സണ്‍ മാവുങ്കൽ പ്രതിയായ തട്ടിപ്പുകേസിലെ കൂട്ടുപ്രതിയായ കെ സുധാകരനെതിരെ ചുമത്തിയത്.
മോന്‍സന്‍റെ പുരാവസ്‌തു തട്ടിപ്പിന് കെ സുധാകരൻ കൂട്ടുനിന്നുവെന്നും, സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് വിജിലൻസ് കുറ്റപത്രത്തിലുള്ളത്. ഈ കേസിൽ കെ സുധാകരനെ 2023 ജനുവരി 23ന് അറസ്റ്റ് ചെയ്യുകയും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ വിട്ടയയ്‌ക്കുകയുമായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
പുരാവസ്‌തു തട്ടിപ്പ് കേസില്‍ കെ സുധാകരനെതിരെ കൃത്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. സാമ്പത്തിക തട്ടിപ്പിനിരയായവർ പണം കൈമാറിയ ദിവസം മോന്‍സണ്‍ മാവുങ്കലിന്‍റെ വീട്ടില്‍ പരാതിക്കാരനും സുധാകരനും ഒപ്പമുണ്ടായിരുന്ന ചിത്രവും ബാങ്ക് രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. 2018 നവംബര്‍ 22 നാണ് പരാതിക്കാരനായ തൃശൂര്‍ സ്വദേശി അനൂപ് 25 ലക്ഷം രൂപ മോന്‍സണ്‍ മാവുങ്കലിന് കൊച്ചിയിലെ വീട്ടില്‍വച്ച് കൈമാറിയത്. പണം കൈമാറുമ്പോള്‍ സുധാകരന്‍ അവിടെയുണ്ടായിരുന്നുവെന്നാണ് പരാതിക്കാരന്‍ മൊഴി നൽകിയത്.
മോന്‍സണില്‍ നിന്ന് സുധാകരന്‍ 10 ലക്ഷം രൂപ വാങ്ങിയതിന് ദൃക്‌സാക്ഷിയാണെന്ന് മോന്‍സന്‍റെ മുൻ ഡ്രൈവറും മൊഴി നൽകിയിരുന്നു. ഡിജിറ്റല്‍ തെളിവുകൾ യഥാര്‍ഥ ഡിവൈസില്‍ നിന്നും ക്രൈംബ്രാഞ്ച് ശേഖരിക്കുകയും പരാതിക്കാരായ ഷെമീറിന്‍റെയും യാക്കൂബിന്‍റെയും മൊഴി വീണ്ടും രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. തട്ടിപ്പിന് കൂട്ടുനിന്ന സുധാകരനെയും മോന്‍സണ്‍ മാവുങ്കല്‍ പറ്റിച്ചതായാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
25 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു മോന്‍സന്‍റെ വാഗ്‌ദാനം, എന്നാല്‍ അനൂപില്‍ നിന്നും പണം കൈപ്പറ്റിയ മോന്‍സണ്‍ 10 ലക്ഷം രൂപ മാത്രമാണ് സുധാകരന് കൈമാറിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. കെ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് എസിജെഎം കോടതിയിൽ നേരത്തെ തന്നെ റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു. ഫെമ നിയമ പ്രകാരം തടഞ്ഞുവച്ച കോടികൾ വിട്ടുകിട്ടാൻ മോൻസണിന് സഹായ വാഗ്‌ദാനം നൽകി സുധാകരൻ പണം തട്ടിയെന്ന ആരോപണങ്ങളും പരാതിക്കാർ ഉന്നയിച്ചു.
ALSO READ:മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണം : ഐജി ജി.ലക്ഷ്‌മണിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
ലോകത്തിലെ എറ്റവും വലിയ പുരാവസ്‌തു മ്യൂസിയം തുടങ്ങുകയാണെന്നും അതിൽ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് കോടികൾ തട്ടിയെന്നാണ് മോൻസണെതിരെയുള്ള കേസ്. അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ പടിവാതിൽക്കൽ എത്തി നിൽക്കെ കെപിസിസി പ്രസിഡൻ്റിനെതിരെ തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിച്ചത് രാഷ്ട്രീയ പ്രേരിതമായ ഇടപെടലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.