പത്തനംതിട്ട :ഓൺലൈൻ ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി അഖിൽ പൊലീസിൻ്റെ പിടിയിലായി. ഹരിയാനയിലെ ഗുരുഗ്രാം ജില്ല ജയിലിൽ ആറ് മാസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഹരിയാന ഭിവനി ഹുഡാ സെക്‌ടർ 13, ഹൗസ് നമ്പർ 588 ൽ താമസിക്കുന്ന അഖിലിനെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.
ഉത്തർപ്രദേശിലും ഹരിയാനയിലും ഇയാൾക്ക് സമാന കേസുകളുണ്ട്. കോയിപ്രം കടപ്ര മലകുന്നത്ത് ചരിവുകാലായിൽ ജോമോൻ വർഗീസിൻ്റെ 5,14,533 രൂപയാണ് അഖിൽ ഉൾപ്പെടുന്ന തട്ടിപ്പുസംഘം കബളിപ്പിച്ചെടുത്തത്. എന്നാൽ പണം നൽകിയതിന് ശേഷം ജോലി ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്‌തില്ല. കഴിഞ്ഞവർഷം ഡിസംബർ 24 ന് ആണ് ഓൺലൈൻ ജോലി നൽകാമെന്ന് പറഞ്ഞ് ഫോണിലൂടെ ബന്ധപ്പെടുന്നത്.
തുടർന്ന് ഈ വർഷം ജനുവരി 10 മുതൽ പലതവണയായാണ് വിവിധ അക്കൗണ്ടുകളിൽ നിന്ന് ഇത്രയും പണം പ്രതികൾ തട്ടിയത്. രണ്ട് അക്കൗണ്ടുകളിലൂടെ അഖിൽ ഒരുലക്ഷം രൂപ കൈമാറിയെടുത്തതായി തെളിഞ്ഞു. ഇയാളുടെ സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്. പത്തനംതിട്ട ചീഫ് മജിസ്‌ട്രേറ്റ് കോടതി ഇയാൾക്കെതിരെ പ്രൊഡക്ഷൻ വാറൻ്റ് പുറപ്പെടുവിച്ചു.