ഇടുക്കി:യന്ത്ര സഹായത്താൽ പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് തമിഴ്‌നാട് സ്വദേശികൾ ഏഴുലക്ഷം രൂപ കവർന്നു. ഇടുക്കി മണിയാറൻകുടി സ്വദേശി പാണ്ടിയേൽ സോണിക്കാണ് (46) പണം നഷ്‌ടമായത്. തിങ്കളാഴ്‌ച 3 മണിയോടെയാണ് സോണിക്ക് പണം നഷ്‌ടപ്പെട്ടത്.
സുഹൃത്തുക്കൾ മുഖേന പരിചയപ്പെട്ട രണ്ടുപേരാണ് തട്ടിപ്പ് നടത്തിയത്. കടം വാങ്ങിയ ഏഴുലക്ഷം രൂപയാണ് സോണി ഇവരെ ഏൽപ്പിച്ചത്. തുക ഒരു ബാഗിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും, ബാഗിനുള്ളിലെ യന്ത്രം 16 മണിക്കൂർ കൊണ്ട് നോട്ടുകൾ ഇരട്ടിപ്പിച്ച് നൽകുമെന്നും വിശ്വസിപ്പിച്ച് ബാഗ് സോണിയുടെ വാഹനത്തിൽത്തന്നെ വച്ചു.
അതിൽ നിന്ന് രണ്ട് വയർ പ്രതികൾ ഒരു കന്നാസിനുള്ളിലെ വെള്ളത്തിലേക്കിട്ടിരുന്നു. 16 മണിക്കൂർ കഴിയാതെ ബാഗ് തുറക്കരുതെന്ന് നിർദേശിച്ച് തമിഴ്‌നാട് സ്വദേശികൾ പോയി. സംശയം തോന്നിയ സോണി വൈകിട്ട് എഴിന് ബാഗ് തുറന്നപ്പോൾ, നോട്ടിൻ്റെ വലുപ്പത്തിലുള്ള ഏതാനും കറുത്ത കടലാസുകഷണങ്ങൾ മാത്രമാണ് കണ്ടത്. ഉടൻ തന്നെ വിവരം പൊലീസിലറിയിച്ചു.
സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ രണ്ട് ദിവസമായി ചെറുതോണിയിലെ സ്വകാര്യ ലോഡ്‌ജിൽ താമസിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മുരുകൻ എന്ന് പേരുള്ളയാളുടെ കൂടെ മറ്റൊരാളുമുണ്ടായിരുന്നു. ഇവർ തിരുനെൽവേലി സ്വദേശികളാണെന്ന് സംശയിക്കുന്നു. സോണിയുടെ പരാതിയെ തുടർന്ന് ഇടുക്കി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.