കോട്ടയം :കോട്ടയം ചങ്ങനാശ്ശേരിയിൽഅച്ഛനമ്മമാര്‍ക്കൊപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ കടന്നു പിടിക്കുകയും, മാതാപിതാക്കൾക്ക് നേരെ പെപ്പർ സ്പ്രേ അടിക്കുകയും ചെയ്‌ത കേസിൽ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കുറിച്ചി എസ് പുരം സ്വദേശി അരുൺ ദാസ് (25), ചങ്ങനാശ്ശേരി സ്വദേശികളായ ബിലാൽ മജീദ് (24), കുക്കു എന്ന് വിളിക്കുന്ന അഫ്‌സൽ സിയാദ് (22) എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇന്നലെ രാത്രി 8:45 ഓടുകൂടി ചങ്ങനാശ്ശേരി മുൻസിപ്പൽ ആർക്കേടിന് മുൻവശം റോഡിൽ വച്ച് റെയിൽവേ സ്‌റ്റേഷൻ ഭാഗത്തേക്ക് മാതാപിതാക്കൾക്കൊപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ അരുൺ ദാസ് കടന്നു പിടിക്കുകയും, ഇത് ചോദ്യം ചെയ്‌ത മാതാപിതാക്കൾക്ക് നേരെ ബിലാൽ പെപ്പർ സ്പ്രേ അടിക്കുകയുമായിരുന്നു. തുടർന്ന് ബഹളം കേട്ട് സ്ഥലത്തേക്ക് വന്ന പ്രദേശവാസികള്‍ക്ക് നേരെ അഫ്‌സൽ സിയാദും പെപ്പര്‍ സ്പ്രേ അടിച്ചിരുന്നു.