കാസർകോട്: മൊഗ്രാലിൽ അബ്‌ദുൾ സലാമിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികൾക്ക് ജീവപര്യന്തം തടവ്. കേസില്‍ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ പ്രിയയാണ് കേസില്‍ വിധി പറഞ്ഞത്. തടവിന് പുറമേ ഇരു പ്രതികളും ഒന്നര ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. ജീവപര്യന്തത്തില്‍ എട്ട് വര്‍ഷം കഠിന തടവാണ്.
കേരളം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കൊലപാതങ്ങളിലൊന്നായിരുന്നു അബ്‌ദുൾ സലാം വധം. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതികൾ തല ഫുട്ബോൾ പോലെ തട്ടുകയായിരുന്നു. 2017 ഏപ്രിൽ 30 ന് വൈകിട്ടാണ് പൊട്ടോരിമൂലയിലെ അബ്‌ദുള്‍ സലാമിനെ (22) മൊഗ്രാൽ മാളിയങ്കര കോട്ടയിൽ വച്ച് കഴുത്തറുത്ത് കൊന്നത്. സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്‌തിരുന്നു.
കേസിൽ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ കോടതി വെറുതെ വിട്ടിരുന്നു. കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമർ ഫാറൂഖ്, പെർവാഡിലെ സഹീർ, പേരാൽ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാൽ മാളിയങ്കര കോട്ടയിലെ ലത്തീഫ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.