കാസർകോട്:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിലെ ശക്തരായ ഇടത് - വലത് സ്ഥാനാർഥികൾക്ക് മുന്നിൽ അപ്രതീക്ഷിത എതിരാളിയെ മത്സര രംഗത്തിറക്കിയിരിക്കുകയാണ് ബിജെപി. ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസിന്‍റെയും സംസ്ഥാന സെക്രട്ടറി ശ്രീകാന്തിന്‍റെയും പേര് കേട്ടിടത്താണ് മഹിള മോർച്ച നേതാവ് എംഎൽ അശ്വിനിയെ കാസർകോട് പിടിക്കാൻ ബിജെപി നിയോഗിച്ചിരിക്കുന്നത്. ഈ നീക്കത്തിലൂടെ വനിത വോട്ടുകൾ പരമാവധി പെട്ടിയിലാക്കാനുള്ള ലക്ഷ്യമാണ് ബിജെപിയുടേത്.
കാസർകോട് ജില്ലയിലെ സജീവ ബിജെപി പ്രവർത്തകയാണ് അശ്വിനി. കടമ്പാർ വാർഡിൽ നിന്നുള്ള മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് അശ്വിനി. 804 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബി ജെ പിയുടെ സിറ്റിങ് സീറ്റിൽ ജയിച്ച് അശ്വിനി ബ്ലോക്കിൽ എത്തിയത്. മഹിള മോർച്ച ദേശീയ സമിതിയംഗം കൂടിയാണ്.
ബെംഗളൂരുവിലാണ് ജനിച്ചുവളർന്നത്. അധ്യാപികയായി വിവിധ സ്‌കൂളുകളിൽ ജോലിചെയ്‌തു. കാസർകോടിനെ സംബന്ധിച്ചു പല നാട്ടിൽ പല ഭാഷ സംസാരിക്കുന്നവരാണ്.
തുളുവും കന്നഡയും കൊങ്കിണിയും മറ്റു സ്ഥാനാർഥികൾക് ബുദ്ധിമുട്ട് ആകുമെങ്കിൽ ആറ് ഭാഷകളിൽ വെള്ളംപോലെ ജനങ്ങളോട് സംവദിക്കാൻ അശ്വിനിക്ക് കഴിയും. എൻ ഡി എ സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന വികസനവും മാറ്റവും കാസർകോട്ടും പ്രതിഫലിപ്പിക്കാനാണ് താൻ ജനങ്ങളോട് വോട്ട് അഭ്യർഥിക്കുന്നതെന്ന് അശ്വിനി പറയുന്നു.