കേരളം

kerala

ETV Bharat / state

തണ്ണീര്‍ കൊമ്പന്‍ ദൗത്യം വിജയം; ആനയെ രാത്രി തന്നെ കര്‍ണാടകയിലേക്ക് കൊണ്ടുപോകും - മാനന്തവാടി

ആനയുടെ ആരോഗ്യം തൃപ്‌തികരമാണെന്ന് ഉറപ്പ് വരുത്തി രണ്ട് ദിവസത്തിന് ശേഷം ആനയെ കാട്ടിലേക്ക് തന്നെ തുറന്നുവിടുമെന്ന് വനം വകുപ്പ് അധികൃതർ.

Thanner Komban  Bandipur forest area  തണ്ണീര്‍ കൊമ്പന്‍  മാനന്തവാടി
Mission Thanner Komban; The Elephant Will First be taken to the Bandipur forest area

By ETV Bharat Kerala Team

Published : Feb 2, 2024, 10:50 PM IST

വയനാട് :12 മണിക്കൂറോളം മാനന്തവാടിയെ മുള്‍മുനയിൽ നിര്‍ത്തിയ തണ്ണീര്‍ കൊമ്പനെ ഇന്ന് രാത്രി തന്നെ കർണാടകയിലേക്ക് കൊണ്ടുപോകുമെന്ന് കർണാടക വനംവകുപ്പ്. ആനയെ ആദ്യം ബന്ദിപ്പൂര്‍ വനമേഖലയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു (Mission thanneer komban).

കാട്ടാനയെ മയക്കുവെടി വച്ചശേഷം വനത്തിലേക്ക് മാറ്റാനായി എലിഫന്‍റ് ആംബുലന്‍സിലേക്ക് കയറ്റി. ബൂസ്റ്റര്‍ ഡോസില്‍ മയങ്ങിയ തണ്ണീര്‍ കൊമ്പന്‍റെ കാലില്‍ വടംകെട്ടി കുങ്കിയാനകള്‍ വാഹനത്തിനടുത്തേക്ക് എത്തിച്ചു. തുടര്‍ന്ന് ലോറിയിലേക്ക് കയറ്റുകയായിരുന്നു.

ആനയുടെ ഇടത് കാലിന്‍റെ ഒരു ഭാഗത്തായി വീക്കമുണ്ട്. ഇത് പരിക്കാണോ എന്ന് സംശയമുള്ളതിനാൽ ആന ക്യാമ്പിലെത്തിച്ച് രണ്ട് ദിവസം ചികിത്സ നൽകാനാണ് തീരുമാനം. വെറ്ററിനറി സർജൻമാരെത്തി ആനയെ വിശദമായി പരിശോധിക്കുമെന്നും ഫീൽഡ് ഡയറക്‌ടർ വ്യക്തമാക്കി. ആനയുടെ ആരോഗ്യം തൃപ്‌തികരമാണെന്ന് ഉറപ്പ് വരുത്തി രണ്ട് ദിവസത്തിന് ശേഷം ആനയെ കാട്ടിലേക്ക് തുറന്നുവിടുമെന്നും അധികൃതർ അറിയിച്ചു.

കർണാടക വനമേഖലയിൽ നിന്നാണ് തണ്ണീര്‍ കൊമ്പന്‍ വയനാട്ടിലെത്തിയത്. കർണാടകയിലെ ഹാസൻ ഡിവിഷന് കീഴിൽ കഴിഞ്ഞ ജനുവരി 16-ന് മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാടുകയറ്റിയ ആന വയനാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങി മണിക്കൂറോളം ഭീതി പടർത്തി.

ഏറെനേരം നാട്ടുകാരെയും ദൗത്യ സംഘത്തെയും ഭീതിയിലാഴ്‌ത്തിയ ശേഷം പ്രദേശത്തെ വാഴത്തോട്ടത്തിൽ നിലയുറപ്പിച്ച തണ്ണീർ കൊമ്പനെ അനുയോജ്യ സാഹചര്യം ഒത്തുവന്നപ്പോൾ ദൗത്യസംഘം വെടിവച്ചു. വൈകിട്ട് അഞ്ചരയോടെയാണ് കാട്ടാനയ്ക്ക് നേരെ ആദ്യ മയക്കുവെടി വയ്‌ക്കുന്നത്. ആദ്യശ്രമം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും പിന്നീട് വച്ച മയക്കുവെടി ആനയുടെ പുറക് വശത്താണ് ഏറ്റത്. ഇത് നാലാം തവണയാണ് മാനന്തവാടിയില്‍ ആനയിറങ്ങുന്നത്.

ABOUT THE AUTHOR

...view details