കേരളം

kerala

ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവം; വിവാഹം കഴിച്ച യുവാവും പെണ്‍കുട്ടിയുടെ അമ്മയും അറസ്‌റ്റിൽ - MINOR GIRL DELIVERY MOTHER ARRESTED

വിവാഹം യുവാവിന്‍റെ മാതാപിതാക്കളുടെ സമ്മതം വാങ്ങിയ ശേഷമായതിനാൽ അവരും കേസില്‍ പ്രതികള്‍

PTA POCSO  Adithyan arrested  conductor arrested minor delivery  love and rape
Adithyan (ETV Bharat)

By ETV Bharat Kerala Team

Published : Dec 8, 2024, 9:19 PM IST

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ, കുട്ടിയെ വിവാഹം കഴിച്ച യുവാവും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റിൽ. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളി വിളയിൽ വീട്ടിൽ ആദിത്യൻ(21), ഭർത്താവിൽ നിന്ന് അകന്നുകഴിയുന്ന പെൺകുട്ടിയുടെ മാതാവ് എന്നിവരാണ് ഏനാത്ത് പൊലീസിന്‍റെ പിടിയിലായത്.

ഇവർ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. മൂന്നും നാലും പ്രതികളായ യുവാവിന്‍റെ മാതാപിതാക്കളുമായി ആലോചിച്ച് സമ്മതം നേടിയാണ് രണ്ടാം പ്രതി ഇരുവരുടെയും വിവാഹം നടത്തികൊടുത്തത്. സ്വകാര്യ ബസിലെ കണ്ടക്‌ടറായ പ്രതി 17 കാരിയുമായി രണ്ടുവർഷത്തോളമായി അടുപ്പത്തിലായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കുട്ടിയുടെ വീട്ടുകാർ അറിഞ്ഞപ്പോൾ എതിർത്തുവെങ്കിലും കൂട്ടാക്കാതെ ബന്ധം തുടരുകയും ഒപ്പം താമസിക്കുകയുമായിരുന്നു. തുടർന്ന് ഗർഭിണിയാവുകയും അഞ്ചാം മാസം യുവാവിന്‍റെ മാതാപിതാക്കൾ ജോലി ചെയ്യുന്ന വയനാട് പോകുകയും ചെയ്‌തു. അവിടെവച്ച് പെൺകുട്ടി ഒരാൺകുഞ്ഞിന് ജന്മം നൽകി. പ്രസവത്തിന് ശേഷം നാല് മാസം കഴിഞ്ഞ് കുഞ്ഞുമായി ഇവിടെ വന്ന് യുവാവിനൊപ്പം താമസിക്കുകയായിരുന്നു.

ആദിത്യനുമായി ഇപ്പോൾ പിണക്കത്തിലായ പെൺകുട്ടിയുടെ സഹോദരൻ ചൈൽഡ് ലൈനിൽ വിളിച്ച് വിവരങ്ങൾ പറഞ്ഞു. തുടർന്ന്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അറിയിച്ചതുപ്രകാരം ഏനാത്ത് പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

2022 മുതൽ പെൺകുട്ടിയുമായി അടുത്ത യുവാവ് പ്രണയം നടിച്ച് ഇൻസ്റ്റാഗ്രാമിലൂടെ നിരന്തരം ബന്ധപ്പെട്ട് വിവാഹ വാഗ്‌ദാനം നൽകി ബലാൽസംഗത്തിന് വിധേയയാക്കി. ഭർത്താവുമായി പിരിഞ്ഞുനിൽക്കുന്ന രണ്ടാം പ്രതിയും മറ്റും താമസിക്കുന്ന വാടകവീട്ടിൽ നിത്യസന്ദർശകനായി മാറിയ ഇയാളെ, കഴിഞ്ഞ വർഷം കുട്ടിയുടെ പ്ലസ് വൺ പരീക്ഷസമയത്ത് അമ്മ വിളിച്ചുവരുത്തി. തുടർന്ന്, ഇയാളുടെ മാതാപിതാക്കളുടെ സമ്മതം വാങ്ങിയശേഷം, കുട്ടിയെ ഇയാൾക്കൊപ്പം പ്രതിയുടെ വീട്ടിലേക്ക് ഇവർ പറഞ്ഞയച്ചു. പിന്നീട് ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും താലികെട്ടുനടക്കുകയും ഭാര്യാഭർത്താക്കന്മാരെപ്പോലെ പ്രതിയുടെ വീട്ടിൽ കഴിഞ്ഞുവരികയുമായിരുന്നു.

നിയമാനുസൃതമല്ലാത്ത വിവാഹത്തിന് കൂട്ടുനിൽക്കുകയും നിയമാനുസൃത രക്ഷാകർതൃത്വത്തിൽ നിന്ന് മനപ്പൂർവം ഒഴിവാക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെയാണ് ഇവർ കുട്ടിയെ യുവാവിനോപ്പം അയച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുട്ടി ഗർഭിണിയായപ്പോൾ ഇത് മറച്ചുവയ്ക്കാനായി പ്രതിയുടെ മാതാപിതാക്കൾ ജോലിചെയ്യുന്ന വയനാട് ഇവർ എത്തിച്ചു. അവിടെ കൈനാടി ഗവണ്മെന്‍റ് ആശുപത്രിയിൽ പ്രസവം നടക്കുകയും ചെയ്‌തു. തുടർന്നാണ് ഇവിടെയെത്തി യുവാവുമായി വീണ്ടും താമസിച്ചുവന്നത്.

കഴിഞ്ഞദിവസം ശിശുസംരക്ഷണ യൂണിറ്റിൽ നിന്ന് സംഭവം സംബന്ധിച്ച് കത്ത് കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ, ഏനാത്ത് പൊലീസ് സ്ഥലത്ത് വിശദമായ അന്വേഷണം നടത്തുകയും, ഇന്നലെ പെൺകുട്ടിയെ കണ്ടെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ് വിശദമായി മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായ കുറ്റകൃത്യം ആണെന്ന് ബോധ്യപ്പെട്ട പൊലീസ്, ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും ബാലനീതി നിയമമനുസരിച്ചും ബാല വിവാഹനിരോധന നിയമം വകുപ്പ് 9 പ്രകാരവും കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

യുവാവിനെ ഒന്നാം പ്രതിയായും പെൺകുട്ടിയുടെ മാതാവിനെ രണ്ടാം പ്രതിയായും ഇയാളുടെ മാതാപിതാക്കളെ മൂന്നും നാലും പ്രതികളായും കേസെടുത്തു അന്വേഷണം ഊർജ്ജതമാക്കിയ പൊലീസ്, ആദിത്യനെ ഇന്നലെ സന്ധ്യയോടെ ഇയാളുടെ വീട്ടിൽ നിന്ന് കസ്‌റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിച്ച ഇയാളെ അറസ്‌റ്റ് ചെയ്‌തു. പെൺകുട്ടിയുടെ അമ്മയെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തതിന്‍റെ അടിസ്ഥാനത്തിൽ പിന്നീട് അറസ്‌റ്റ് ചെയ്‌തു.

പ്രാഥമിക നടപടികൾക്ക് ശേഷം, പൊലീസ് തെളിവെടുപ്പ് നടത്തുകയും വിശദമായ റിപ്പോർട്ട് ശിശുക്ഷേമ സമിതിക്ക് കൈമാറുകയും ചെയ്‌തു. പെൺകുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിന് അപേക്ഷ സമർപ്പിച്ചു. പ്രതിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി. ശാസ്‌താംകോട്ട പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആദിത്യൻ പ്രതിയാണ് എന്ന് അന്വേഷണത്തിൽ വെളിവായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

Also Read:പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു; 21 കാരന്‍ അറസ്‌റ്റില്‍, പെണ്‍കുട്ടിയുടെ അമ്മയും പ്രതിയായേക്കും

ABOUT THE AUTHOR

...view details