പത്തനംതിട്ട :റാന്നി തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഭാര്യയേയും മകനെയും മറ്റ് ബന്ധുക്കളെയും കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. ഇതുസംബന്ധിച്ച നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കേന്ദ്ര വന നിയമത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് ഇടപെടാൻ കഴിയാത്ത സാഹചര്യത്തിലാണ് വന്യമൃഗ - മനുഷ്യ സംഘർഷത്തെ സംസ്ഥാന ദുരന്തമായി സംസ്ഥാന മന്ത്രിസഭ കഴിഞ്ഞമാസം പ്രഖ്യാപിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടറുടെ നേതൃത്വത്തിൽ പെട്ടെന്നുള്ള ഇടപെടലുകളാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. പ്രമോദ് നാരായൺ എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികൾ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.