തിരുവനന്തപുരം:എംഎസ് സൊല്യൂഷന്‍സിന് കുട്ടികളുടെ പിന്തുണയുണ്ടെന്നും തൊട്ടാൽ കൈവെട്ടുമെന്ന് വരെ ചില കമൻ്റുകൾ കണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ എസ്‌എസ്എൽസി, പ്ലസ് ടു ക്രിസ്‌മസ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലാണ് മന്ത്രിയിപ്പോൾ പ്രതികരണം നടത്തിയിരിക്കുന്നത്. ഇന്നത്തെ പരീക്ഷയെക്കുറിച്ചും വീഡിയോ വന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വലിയ വാശിയോടുകൂടി രാജാവ് വരുന്നുവെന്ന് പറഞ്ഞാണ് ആരോപണ വിധേയൻ വരുന്നത്. വീണ്ടും വീണ്ടും വെല്ലുവിളിക്കുന്ന വ്യക്തി സമൂഹത്തിനെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മനസിലാക്കണം. ഈ വെല്ലുവിളിയൊക്കെ രാജ്യദ്രോഹത്തിന് തുല്യമാണ്. എല്ലാ കാര്യങ്ങളും അന്വേഷിക്കും. എസ്‌എസ്എൽസിക്കും പ്ലസ് വണ്ണിനും പ്ലസ് ടുവിനും സുരക്ഷ കർശനമാണ്. എന്നാൽ ക്രിസ്‌മസ് പരീക്ഷയിൽ അങ്ങനെയല്ല.
പല ഘട്ടങ്ങളിലൂടെ കടന്ന് പോയാണ് പരീക്ഷ പേപ്പർ കൈകളിലെത്തുന്നത്. ഗൗരവമായി പരാതി പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ഒരാഴ്‌ചയ്ക്കുള്ളിൽ നടപടി സംബന്ധിച്ച് വിശദീകരണമുണ്ടാകും. നിയമ നടപടിക്ക് സ്വാഭാവികമായും സമയം വേണ്ടി വരും. സ്‌കൂളുകളിലാണ് ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പർ സൂക്ഷിക്കുന്നത്. ഒരാൾ തീരുമാനിച്ചിറങ്ങിയാൽ സ്‌കൂളുകളിൽ നിന്നും ചോദ്യപേപ്പർ എടുക്കാവുന്നതേയുള്ളൂ. പരീക്ഷ കഴിയുന്നത് വരെ സമാധാനം നഷ്‌ടപ്പെട്ടുവെന്നും മാറ്റന്നാൾ മാത്രമേ സമാധാനമാകുകയുള്ളുവെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.