തിരുവനന്തപുരം:നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷൻ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) കേരള, എംജി, കുസാറ്റ് സർവകലാശാലകൾ 2021 മുതൽ ആദ്യ 50ൽ സ്ഥാനം നിലനിർത്തി വരുന്നതായി മന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 2024 റാങ്കിങ് പ്രകാരം കേരള സർവകലാശാല 21ാമതും കുസാറ്റ് 34ാമതും എംജി സർവകലാശാല 37ാമതുമാണ്.
മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച സംസ്ഥാനത്തെ സർവകലാശാലകളിലെ പശ്ചാത്തല സൗകര്യ വികസനം നന്നായി പുരോഗമിച്ചു വരുന്നതായി മന്ത്രി അറിയിച്ചു. അന്താരാഷ്‌ട്ര ഹോസ്‌റ്റലിന്‍റെയും ട്രാൻസ്ലേഷണൽ റിസർച്ച് സെന്‍ററുകളുടെയും നിർമാണം ആരംഭിക്കുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മൂന്ന് സർവകലാശാലകളിൽ മികവിന്‍റെ കേന്ദ്രം ആരംഭിക്കുന്നതിനുള്ള ഭരണാനുമതി നൽകി കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
കുസാറ്റിൽ ന്യൂറോ ഡീജെനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് മികവിൻ്റെ കേന്ദ്രം (Centre of Excellence in Neuro Degeneration and Brain Health) സ്ഥാപിക്കുന്നതിന് 69 കോടി രൂപയും എംജി സർവകലാശാലയിൽ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി മികവിൻ്റെ കേന്ദ്രം (Centre of Excellence in Nano Science and Nano Technology) സ്ഥാപിക്കുന്നതിന് 62 കോടി രൂപയും കേരള സർവകലാശാലയിൽ താണു പദ്‌മനാഭൻ സെന്‍റർ ഫോർ എക്‌സലൻസ് ഇൻ ആസ്‌ട്രോണമി ആൻഡ് ആസ്‌ട്രോ ഫിസിക്‌സും (Thanu Padmanabhan Centre of Excellence in Astronomy and Astrophysics) സ്ഥാപിക്കുന്നതിന് തത്വത്തിൽ ഭരണാനുമതി നൽകി കഴിഞ്ഞു.
ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഏഴ് മികവിന്‍റെ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കാൻ ഭരണാനുമതി നൽകി കഴിഞ്ഞു.
- സെന്‍റർ ഓഫ് എക്‌സലൻസ് ഫോർ ടീച്ചിങ്, ലേണിങ് & ട്രെയിനിങ്
- കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ സയൻസ് ടെക്നോളജി & ഇന്നവേഷൻ
- കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്‌റ്റഡീസ് (KIAS)
- കേരള നെറ്റ്‌വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ (KNRSHE)
- സെന്‍റർ ഫോർ ഇൻഡിജിനസ് പീപ്പിൾസ് എഡ്യൂക്കേഷൻ (CIPE)
- കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി
- കേരള ലാംഗ്വേജ് നെറ്റവർക്ക്
സർവകലാശാലകളിലെയും എഞ്ചിനീയറിങ് കോളജുകളിലെയും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്‍റെയും മേൽപ്പറഞ്ഞ മികവിന്‍റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ആദ്യഘട്ടമായി 25 കോടി രൂപ വകയിരുത്തിയതായി മന്ത്രി പറഞ്ഞു.
ഗവേഷണ മേഖലയിലെ മികവിന്‍റെ കേന്ദ്രങ്ങൾ:ശാസ്‌ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ്, ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്‌റ്റഡീസ്, സെന്‍റർ ഓഫ് എക്‌സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ്, സെന്‍റർ ഫോർ എക്‌സലൻസ് ഇൻ മൈക്രോബയോം എന്നീ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്‍റെ ഗവേഷണ ശേഷി വർധിപ്പിക്കുവാനും നവ ആശയങ്ങളെ ഉത്‌പാദിപ്പിക്കുവാനും സജ്ജമാക്കുമെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു. അഞ്ച് വർഷ കാലയളവിൽ ഈ സ്ഥാപനങ്ങൾക്ക് യഥാക്രമം 2535 ലക്ഷം, 1862.29 ലക്ഷം, 1399,84 ലക്ഷം, 1656.98 ലക്ഷം സാമ്പത്തിക വിഹിതം അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജ്ഞാന കേരളം - ജനകീയ ക്യാമ്പയിൻ:വിവിധ കോഴ്‌സുകളിൽ അവസാന വർഷം പഠിക്കുന്ന അഞ്ച് ലക്ഷം വിദ്യാർഥികളെ നൈപുണ്യ പരിശീലനം നൽകി തൊഴിൽ പ്രാപ്‌തരാക്കുക, പഠനം പൂർത്തീകരിച്ചവരെ ശരിയായി തയ്യാറെടുപ്പിച്ച് തൊഴിൽ മേളകളിലൂടെ തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ജനകീയ ക്യാമ്പയിനാണ് വിജ്ഞാന കേരളം. ഇത് 2025-26ലെ ഒരു പ്രധാന വികസന പദ്ധതി ആയിരിക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
വിദ്യാർഥികൾക്ക് അവരുടെ അഭിരുചിക്കും പഠനത്തിനും അനുയോജ്യമായതും തൊഴിൽ ലഭിക്കാൻ സാധ്യതയുള്ളതുമായ സ്‌കിൽ കോഴ്‌സുകൾ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയിൽ അധ്യാപക മെൻ്റർമാർക്ക് പുറമേ 50,000 സന്നദ്ധ പ്രൊഫഷണൽ മെൻ്റർമാരെയും അണിനിരത്തും. പരമാവധി കുട്ടികൾക്ക് ക്യാമ്പസ് പ്ലെയ്‌സ്‌മെൻ്റ് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌കിൽ കോഴ്‌സുകൾക്കുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ മാച്ചിങ് ഗ്രാന്‍ഡായും വിജ്ഞാന കേരളം ആഗോള സംഗമം സംഘടിപ്പിക്കുന്നതിനും പദ്ധതിയുടെ പരിശീലനത്തിനും പ്രചാരണത്തിനുമായും 20 കോടി രൂപ വകയിരുത്തുന്നതായി മന്ത്രി പറഞ്ഞു. പഠനം പൂർത്തീകരിച്ച തൊഴില്‍ അന്വേഷകർക്കായുള്ള ആദ്യത്തെ മെഗാ ജോബ് എക്‌സ്‌പോ 2025 ഫെബ്രുവരിയിൽ നടക്കും. തുടർന്ന് ഏപ്രിൽ മുതൽ പ്രാദേശിക ജോബ് ഡ്രൈവുകളും പ്രതിമാസം രണ്ട് മെഗാ ജോബ് എക്‌സ്‌പോ വീതവും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മൂന്ന് മുതൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങളാണ് ഓരോ മെഗാ ജോബ് എക്‌സ്‌പോകളിലും ലഭ്യമാക്കുക.
കേരള നോളഡ്‌ജ് ഇക്കോണമി മിഷൻ്റെ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്മെൻ്റ് സിസ്‌റ്റത്തിൽ (DWMS) രജിസ്‌റ്റർ ചെയ്‌ത ഏതൊരാൾക്കും ജോലിക്ക് അപേക്ഷിക്കാം. ഇവരെ സഹായിക്കാൻ എല്ലാ ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും ജോബ് സ്‌റ്റേഷനുകൾ ഉണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ക്യാമ്പയിന്‍റെ പ്രചാരണത്തിനും പരിശീലനങ്ങൾക്കും തൊഴിൽ മേളകളുടെ സംഘാടനത്തിനും റിസോഴ്‌സ് പേഴ്‌സൺസിന്‍റെയും മറ്റും ചെലവുകൾക്കായി 20 കോടി രൂപ അധികമായി അനുവദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
സ്‌കൂൾ ഗണിതപഠനം കൂടുതൽ മെച്ചപ്പെടുത്താനായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മൂന്നാം ക്ലാസ് വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് മഞ്ചാടി. 14 ജില്ലകളിലെ 1400 സ്‌കൂളുകളിലെ 2100 ഓളം ക്ലാസ് മുറികളിൽ പദ്ധതി നടപ്പിലാക്കുന്നതിനായി 2.8 കോടി രൂപ വകയിരുത്തി.