കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയം, പീക്ക് സമയത്തെ ഉപയോഗത്തില്‍ കുറവ്; മന്ത്രി കെ കൃഷ്‌ണന്‍കുട്ടി - Minister K Krishnankutty

പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തില്‍ 117 മെഗാവാട്ട് വൈദ്യുതിയുടെ കുറവെന്നും മന്ത്രി കെ കൃഷ്‌ണൻകുട്ടി

POWER CRISIS KERALA  PEAK TIME USAGE OF POWER  വൈദ്യുതി പ്രതിസന്ധി കേരളം  മന്ത്രി കെ കൃഷ്‌ണൻകുട്ടി
Minister K Krishnankutty (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 9, 2024, 9:39 PM IST

തിരുവനന്തപുരം : കടുത്ത ഉഷ്‌ണതരംഗത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുണ്ടായ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 117 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നിട്ടുണ്ടെന്നും വിവിധ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ നല്‍കിയ വിവരം അനുസരിച്ച് സംസ്ഥാനമൊട്ടാകെ വൻകിട വൈദ്യുതി ഉപഭോക്താക്കൾ, കേരള വാട്ടർ അതോറിറ്റി, ലിഫ്റ്റ് ഇറിഗേഷൻ, മറ്റു പൊതുമേഖല സ്ഥാപനങ്ങൾ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

പീക്ക് സമയത്ത് ഷിഫ്റ്റ് ഡ്യൂട്ടി ഒഴിവാക്കി കൊണ്ട് പല സ്വകാര്യ സ്ഥാപനങ്ങളും കെഎസ്ഇബിയുടെ ആഹ്വാനത്തോട് പ്രതികരിച്ചു. കെഎസ്ഇബി ട്രാൻസ്ഫോർമർ വാങ്ങാനായി ഓർഡർ നൽകിയ കെല്‍ -ല്‍ നിന്നും ട്രാൻസ്ഫോർമർ ലഭ്യമാകാത്തതിനെ തുടർന്ന് മറ്റ് സ്ഥാപനങ്ങളില്‍ നിന്നും അടിയന്തരമായി ലഭ്യമാക്കിയിട്ടുണ്ട്. കേടായ മീറ്ററുകൾ മാറ്റുന്നതിനുള്ള മീറ്ററുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കെഎസ്ഇബിയിലെ ഡയറക്‌ടർമാർ ഉറപ്പ് നൽകിയെന്നും അടിയന്തര ആവശ്യങ്ങൾക്കായി പ്രാദേശിക തലത്തിൽ സാധനസാമഗ്രികൾ വാങ്ങുന്നതിന് വരുത്തിയിരുന്ന നിയന്ത്രണം മാറ്റിയതായി സിഎംഡി, കെഎസ്‌ഇബി എല്‍ കഴിഞ്ഞദിവസം ഉത്തരവിറക്കിയതായി അറിയിച്ചുവെന്നും വാർത്താക്കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.

വോൾട്ടേജ് പ്രശ്‌നങ്ങളും തുടർച്ചയായ വൈദ്യുതി മുടക്കവും ഉണ്ടായ മേഖലകളിൽ ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള പ്രവർത്തികള്‍ ഏറ്റെടുക്കണമെന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ നിർദേശം നൽകി. കേടായ ട്രാൻസ്ഫോർമറുകൾ റിപ്പയർ ചെയ്യുന്നതിന് കെഎസ്ഇബിയുടെ 5 ടി എം ആർ യൂണിറ്റുകളിൽ കൂടുതൽ ഷിഫ്റ്റുകൾ ഏർപ്പെടുത്തിക്കൊണ്ട് ട്രാൻസ്ഫോർമറുകൾ വേഗത്തിൽ റിപ്പയര്‍ ചെയ്യുന്നതിനുള്ള നിർദേശവും നൽകി. കണ്ട്രോൾ റൂം സംവിധാനമുള്ള ജില്ലകളിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ പീക്ക് സമയത്ത് പരിശോധന നടത്തണം.

കെഎസ്‌ഇബിയുടെ ഫീല്‍ഡ് ഓഫിസുകളില്‍ നിന്നും നടത്തിയ ഇടപെടലുകള്‍ക്ക് മികച്ച പ്രതികരണം ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചതിനാല്‍ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്ന താത്‌കാലികമായ വൈദ്യുതി പ്രതിസന്ധി പൂർണമായും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തിയതായും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ABOUT THE AUTHOR

...view details