ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്‍റെ 75–ാം വാർഷികാഘോഷ നിറവിലാണ് രാജ്യം ഇന്ന്. 75 വർഷം മുന്‍പ് 1949 നവംബർ 26 ന് ആണ് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്. അതിന്‍റെ ഓർമ്മയ്ക്കായി എല്ലാ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടനാദിനം ആയി ആഘോഷിക്കുന്നു.
വലിയ തരത്തിലുള്ള അസമത്വവും വൈവിധ്യവും നിലനില്‍ക്കുന്ന നമ്മുടെ രാജ്യം അധികകാലം അഖണ്ഡമായി മുന്നോട്ട് പോകില്ല എന്ന് പലരും പലവട്ടം വിധിയെഴുതി. എന്നാല്‍ ആ പ്രവചനങ്ങളൊക്കെ തെറ്റിച്ച് രാജ്യം ബഹുദൂരം മുന്നോട്ട് പോയി, ഇപ്പോഴും ജൈത്രയാത്ര തുടരുകയുമാണ്. ഇതില്‍ ഭരണഘടന വഹിക്കുന്ന പങ്ക് വലുതാണ്.
ഭരണഘടനയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഒഴിച്ചുകൂടാനാകാത്ത പേരാണ് ഡോ. ഭീം റാവു അംബേദ്‌കറുടേത്. ഭരണഘടനയുടെ ശില്‍പിയായ അംബേദ്‌കറില്ലാതെ ഭരണഘടനയെ കുറിച്ചുള്ള യാതൊന്നും പൂര്‍ണമാകില്ലെന്ന് ചുരുക്കം. ബി എന്‍ റാവു, സുരേന്ദ്ര നാഥ് മുഖര്‍ജി എന്നിവരും അംബേദ്‌കര്‍ക്കൊപ്പം ചേര്‍ത്ത് വായിക്കപ്പെടേണ്ടവര്‍ തന്നെ.
എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിച്ച മലയാളികളെക്കുറിച്ച് എത്രപേര്‍ക്കറിയാം. ഭരണഘടനയെ കുറിച്ചും അതിന്‍റെ ശില്‍പികളെ കുറിച്ചും ഊറ്റം കൊള്ളുന്ന നമ്മള്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. 299 അംഗങ്ങള്‍ ഉള്‍പ്പെട്ട ഭരണഘടനാ നിര്‍മാണ സഭയില്‍ 13 പേര്‍ കേരളത്തില്‍ നിന്നുള്ളവരായിരുന്നു. ഇവരില്‍ ആറ് പേര്‍ മദ്രാസ് പ്രൊവിഡന്‍സില്‍ നിന്നും ഏഴ് പേര്‍ കൊച്ചി-തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അവർ ആരൊക്കെയെന്ന് നോക്കാം.
അമ്മു സ്വാമിനാഥന്‍: 1946 ല്‍ മദ്രാസ് പ്രൊവിഡന്‍സില്‍ നിന്നാണ് ഭരണഘടനാ നിര്‍മാണസഭയിലേക്ക് അമ്മു സ്വാമിനാഥന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ഭരണഘടനയിലെ മൗലികാവകാശങ്ങളെ കുറിച്ചും നിര്‍ദേശക തത്വങ്ങളെ കുറിച്ചും സംസാരിച്ചത് അമ്മു സ്വാമിനാഥനായിരുന്നു. ഭരണഘടന അംഗീകരിക്കപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1949 നവംബര്‍ 24ന്, ഭരണഘടനയെ കുറിച്ചുള്ള പൊതുഅഭിപ്രായ വേദിയില്‍, മൗലികാവകാശങ്ങളും നിര്‍ദേശക തത്വങ്ങളും ഭരണഘടനയുടെ കാതല്‍ വ്യക്തമാക്കുമെന്ന് അമ്മു സ്വാമിനാഥന്‍ ഉറപ്പിച്ച് പറഞ്ഞു. പക്ഷേ ഭരണഘടനയുടെ വലിപ്പത്തില്‍ അവര്‍ ഒരിക്കലും തൃപ്‌തയായിരുന്നില്ല. കൈയില്‍ കരുതാവുന്ന വലിപ്പത്തിലുള്ള ഭരണഘടനയായിരുന്നു അമ്മു സ്വാമിനാഥന്‍റെ മനസില്‍.
തൊട്ടുകൂടായ്‌മ നീക്കം ചെയ്യുന്നതിനെ കുറിച്ച് വാദിച്ചയാളാണ് അമ്മു സ്വാമിനാഥന്‍. ഇത് സാമൂഹിക സമത്വത്തോടുള്ള അവരുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ്. ഇന്ത്യയിലെ സ്‌ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും അമ്മു സ്വാമിനാഥന് വ്യക്തമായ വീക്ഷണമുണ്ടായിരുന്നു. ഭരണഘടന നിര്‍മാണ പ്രമേയം ചര്‍ച്ച ചെയ്യുമ്പോള്‍ അവര്‍ പറഞ്ഞുവച്ചതും അത് തന്നെ. 'ഇന്ത്യാരാജ്യത്തെ സ്‌ത്രീകള്‍ക്ക് തുല്യാവകാശം ഇല്ലെന്ന് പുറത്തുള്ളവര്‍ പറയുന്നു. ഇന്ത്യയുടെ ഭരണഘടന ഇന്ത്യക്കാര്‍ തന്നെ തയ്യാറാക്കിയതിനാല്‍ രാജ്യത്തെ മറ്റെല്ലാ പൗരന്മാര്‍ക്കും ഉള്ള അവകാശം ഇവിടെ സ്‌ത്രീകള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് ഇപ്പോള്‍ നമുക്ക് ഉറപ്പിച്ച് പറയാനാകും' -അമ്മു സ്വാമിനാഥന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
ശൈശവ വിവാഹ നിയന്ത്രണം വിവാഹ പ്രായം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കുമായി വാദിച്ചവരില്‍ പ്രധാനിയായിരുന്നു അമ്മു സ്വാമിനാഥന്‍. അവരുടെ ജീവിതാനുഭങ്ങള്‍ തന്നെയായിരുന്നു അതിന് അവര്‍ക്ക് ധൈര്യം നല്‍കിയതും. ഹിന്ദുമത നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനും ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള ഹിന്ദു കോഡ് ബില്ലുകളെ പിന്തുണയ്‌ക്കുന്നതിനും അമ്മു സ്വാമിനാഥന്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദാക്ഷായണി വേലായുധൻ: മദ്രാസ് മണ്ഡലത്തിൽ നിന്നാണ് തന്‍റെ 34-ാം വയസില്‍ ദാക്ഷായണി വേലായുധന്‍ ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഭരണഘടനാ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ ദലിത് വനിതകളിൽ ഒരാളായിരുന്നു അവർ. അസംബ്ലിയില്‍ ദാക്ഷായണി വേലായുധൻ ശക്തമായ, സ്വതന്ത്ര ശബ്‌ദമായി ഉയർന്നു നിന്നു. നെഹ്‌റുവിന്‍റെ ലക്ഷ്യ പ്രമേയത്തോടുള്ള (Objective Resolution) അസംബ്ലിയുടെ പ്രതികരണത്തിനിടെയാണ് ദാക്ഷായണി വേലായുധൻ തന്‍റെ ആദ്യ ഇടപെടൽ നടത്തിയത്.
ഭരണകൂടവും സമൂഹവും തമ്മിലുള്ള ബന്ധത്തിന് മധ്യസ്ഥത വഹിക്കുന്നതിനേക്കാൾ കൂടുതൽ സുപ്രധാനമായ കടമ ഇന്ത്യൻ ഭരണഘടനയ്ക്കുണ്ടെന്ന് അവർ ഊന്നിപ്പറഞ്ഞു. സമൂഹത്തെ തന്നെ മാറ്റിമറിക്കേണ്ടതാകണം ഭരണഘടന എന്നതായിരുന്നു ദാക്ഷായണി വേലായുധന്‍റെ നിലപാട്. പട്ടികജാതി വോട്ടര്‍മാരുടെയും സംവരണ സീറ്റിന്‍റെയും കാര്യത്തില്‍ അംബേദ്‌കറോടും എം നാഗപ്പയോടും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് ദാക്ഷായണി.
ഇന്ത്യ സ്വീകരിക്കേണ്ടത് ഏത് തരം ഫെഡറലിസമാണ് എന്നതില്‍ ദാക്ഷായണി വേലായുധന് ശക്തമായ വീക്ഷണം ഉണ്ടായിരുന്നു. 1948 ലെ ഇന്ത്യൻ ഭരണഘടനയുടെ കരട് രേഖയെക്കുറിച്ചുള്ള അവരുടെ വിമർശനം, വികേന്ദ്രീകരണത്തിന്‍റെ അഭാവത്തിലും സംസ്ഥാന സർക്കാരുകളുടെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ശക്തമായ കേന്ദ്ര സർക്കാരിന്‍റെ സാധ്യതയിലും ഊന്നിയായിരുന്നു. സംസ്ഥാനങ്ങളുടെ ഗവർണർമാരെ നിയമിക്കുന്ന രീതി അവർ പ്രത്യേകം എടുത്തുകാട്ടി, ഇത് അധികാരം കൂടുതൽ കേന്ദ്രീകരിക്കുമെന്ന് അവർ ഉറച്ച ശബ്‌ദത്തില്‍ വാദിച്ചു.
കേരളത്തിലെ പുലയ സമുദായത്തിൽ ജനിച്ച ദാക്ഷായണി വേലായുധൻ കൊച്ചിയിലെയും തിരുവിതാംകൂറിലെയും ഉയർന്ന ജാതി വിഭാഗങ്ങളിൽ നിന്ന് കടുത്ത വിവേചനം നേരിട്ടിരുന്നു എന്നതും ശ്രദ്ധേയം. ഭരണഘടന നിര്‍മാണ സഭ, ഒരു ഭരണഘടന രൂപപ്പെടുത്തുന്നതിന് അപ്പുറത്തേക്ക് പോകണമെന്നും 'ആളുകൾക്ക് ഒരു പുതിയ ജീവിത ചട്ടക്കൂട്' രൂപപ്പെടുത്തി നല്‍കണണമെന്നും, തൊട്ടുകൂടായ്‌മയെ നിയമവിരുദ്ധവും കുറ്റകരവും ആക്കാനുള്ള അവസരം ഉപയോഗപ്പെടുത്തി ഇന്ത്യയിലെ അധഃസ്ഥിതർക്ക് ധാർമ്മിക സംരക്ഷണം ഉറപ്പാക്കണമെന്നും ആവര്‍ നിരന്തരം വാദിച്ചു.
ഒരു തികഞ്ഞ ഗാന്ധീയ ആയിരുന്നു ദാക്ഷായണി വേലായുധന്‍. തൊട്ടുകൂടായ്‌മയെ എതിർക്കുകയും തൊട്ടുകൂടായ്‌മ ഇല്ലാതാക്കുന്ന ഭരണഘടനയുടെ 17-ാം അനുച്ഛേദത്തെ പിന്തുണക്കുകയും ചെയ്‌തു. ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന് മാത്രമേ ദലിതരെ ഉന്നമനത്തിലേക്കെത്തിക്കാനും മറ്റെല്ലാ പൗരന്മാർക്കും നൽകുന്ന സ്വാതന്ത്ര്യം നൽകാനും കഴിയൂ എന്ന് അവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആനി മസ്‌കറീൻ: ഭരണഘടനാ നിർമാണ സഭയിൽ തിരുവിതാംകൂർ പ്രിൻസ്‌ലി സ്റ്റേറ്റിന്‍റെയും കൊച്ചി യൂണിയന്‍റെയും പ്രതിനിധി ആയിരുന്നു ആനി മസ്‌കറീന്‍. ഭരണഘടന നിര്‍മാണ സഭയില്‍ ഫെഡറലിസം എന്ന വിഷയത്തെ കുറിച്ച് ശബ്‌ദം ഉയര്‍ത്തിയവരില്‍ പ്രധാനിയായിരുന്നു അവര്‍.
ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുന്ന അധികാരത്തിന്‍റെ സമ്പൂർണ കേന്ദ്രീകരണത്തിനെതിരെ അവർ ശക്തമായി തന്നെ വാദിച്ചു. ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങൾ സമീപഭാവിയിൽ മാത്രമല്ല, വരും തലമുറകൾക്ക് വേണ്ടി സമർപ്പിക്കുകയാണ് ഭരണഘടന നിര്‍മാണസഭയുടെ ദൗത്യമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു ആനി മസ്‌കറീന്‍.
പി ഗോവിന്ദ മേനോൻ: ഭരണഘടനാ നിർമാണ സഭയിൽ കൊച്ചി നാട്ടുരാജ്യത്തിന്‍റെ പ്രതിനിധിയായിരുന്നു പി ഗോവിന്ദ മേനോൻ. നാട്ടുരാജ്യങ്ങളെ കുറിച്ച് പി ഗോവിന്ദ മേനോൻ ഭരണഘടന നിര്‍മാണ സഭയില്‍ നടത്തിയ ചില ഇടപെടലുകൾ ശ്രദ്ധേയം.
കോണ്‍സ്റ്റിറ്റുവന്‍റ് അസംബ്ലി ചട്ടങ്ങളിൽ ചേർക്കേണ്ടതായ പറയപ്പെട്ട, അസംബ്ലി അംഗങ്ങളുടെ ഓഫിസിലെ ഒഴിവിനെ സംബന്ധിച്ച ചില നിയമങ്ങൾ അദ്ദേഹം നീക്കി. ഇത് അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട ഇടപെടലായിരുന്നു. കൊച്ചി നാട്ടുരാജ്യത്തിന് എല്ലായ്‌പ്പോഴും കോണ്‍സ്റ്റിറ്റുവന്‍റ് അസംബ്ലിയില്‍ പ്രാതിനിധ്യം ലഭിക്കാൻ ആഗ്രഹമുണ്ടെന്നും അസംബ്ലിയുടെ ചർച്ചകളിൽ പങ്കെടുക്കാൻ കഴിയുക എന്നത് അവരുടെ അവകാശവുമാണെന്നും അദ്ദേഹം വിശ്വസിച്ചു.